ADVERTISEMENT

മണിരത്നം സിനിമയിലെ റഹ്‌മാന്‍ സംഗീതമെന്നത് ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളുടെ കൂട്ടത്തിലാണ്. ഓരോ പാട്ടിനേയും അത്രയേറെ കൗതുകത്തോടെയും സ്നേഹത്തോടെയുമാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്. അതുപോലെ തന്നെയാണ് അതിലാരൊക്കെയാണ് പാടിയിരിക്കുന്നതെന്നറിയാനും. പുതിയ ചിത്രം പൊന്നിയന്‍ സെല്‍വനില്‍ നിന്നെത്തിയ ആദ്യ ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് സംഗീത സംവിധായകനായ അല്‍ഫോൻസ് ജോസഫ് ആണ്. റഹ്‌മാന്‍ ഈണക്കൂട്ടുകളിലെ ഏറ്റവും വ്യത്യസ്തമെന്നു പറയാവുന്ന ഗാനങ്ങളിലൊന്നായ ആരോമലേയ്ക്ക് സ്വരമായതിനു ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു റഹ്‌മാന്‍ ഈണം പാടിയതിന്റെ വിശേഷങ്ങളുമായി അല്‍ഫോൻസ് ജോസഫ് മനോരമ ഓൺലൈനിനൊപ്പം.

 

അതൊരു അംഗീകാരം

 

വര്‍ഷങ്ങള്‍ക്കു മുന്‍പ് കടല്‍ എന്ന സിനിമയില്‍ പാടാന്‍ റഹ്മാൻ സര്‍ വിളിച്ചിരുന്നു. അന്ന് പാടിയ പാട്ട് പക്ഷേ സിനിമയില്‍ സാറിന്റെ ശബ്ദത്തിലാണ് പുറത്തുവന്നത്. ആ പാട്ട് റഹ്‌മാന്‍ സാറിന്റെ ശബ്ദത്തില്‍ തന്നെ വേണമെന്ന് സംവിധായകനായ മണിരത്നം സര്‍ പറഞ്ഞതോടെയാണ് അങ്ങനെയൊരു മാറ്റംവന്നത്. പിന്നെ എല്ലാം ആത്യന്തികമായി സംവിധായകന്റെ തീരുമാനമാണല്ലോ. സിനിമയില്‍ അത് സ്വാഭാവികവുമാണ്. പക്ഷേ പിന്നീടെപ്പോഴെങ്കിലും സര്‍ വേറെതെങ്കിലും പാട്ട് പാടാന്‍ വിളിക്കുമെന്ന് അറിയാമായിരുന്നു, അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കും. എങ്കിലും സാറിന്റെ ഒരു കോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മറ്റൊരു മണിരത്നം സിനിമയില്‍ കൂടിയായി എന്നതെനിക്ക് പ്രത്യേക സന്തോഷവുമായി. സാറിന്റെ മറ്റൊരു പാട്ട് പാടി എന്നതിനേക്കാള്‍ ഇതൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. ഈ പാട്ടിന്റെ തമിഴ്, തെലുങ്ക് വേര്‍ഷനുകളില്‍ സര്‍ തന്നെയാണ് പാടിയത്. പക്ഷേ മലയാളത്തില്‍ വന്നപ്പോള്‍ സാറിന്റെ സ്വരത്തിന് പകരം എന്നെയാണ് പാടാന്‍ തിരഞ്ഞെടുത്തത്. മണിരത്നം-എ.ആര്‍.റഹ്‌മാന്‍ കോമ്പോയിലുള്ള ഒരു സൃഷ്ടിയില്‍ പാടാനായി എന്നതിനേക്കാള്‍ സന്തോഷം എനിക്കിതാണ്. പാട്ട് പുറത്തുവന്നതിനു പിന്നാലെ മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടിന്റെ താളവും വരികളും ഗംഭീരമായിട്ടുണ്ട്, എപ്പോഴത്തേയും പോലെ.

 

അന്നുമിന്നും ഒരുപോലെ

 

എന്റെ ആദ്യ സിനിമയായ വെള്ളിത്തിരയുടെ ഓഡിയോ ലോഞ്ച് ചെയ്തത് റഹ്‌മാന്‍ സര്‍ ആയിരുന്നു. അന്നാണ് സാറിനോട് ആദ്യമായി സംസാരിക്കുന്നത്. അവിടെയാണ് പരിചയത്തിന്റെ തുടക്കം. പിന്നെ സാറിന് മെസേജുകള്‍ അയക്കുമായിരുന്നു, മറുപടിയും കിട്ടും. അത് കഴിഞ്ഞ് സാറിന് ഓസ്‌കര്‍ കിട്ടിയ സമയത്ത് ചെന്നൈയില്‍ വച്ചു നടന്ന ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതിനു ശേഷമാണ് പാടാന്‍ വിളിക്കുന്നത്. അതൊരിക്കലും പ്രതീക്ഷിക്കാത്തൊരു വിളിയായിരുന്നു, ആരോമലേ പാടാന്‍. അന്നൊരുപാട് ടെന്‍ഷനിലാണ് ചെന്നത്. അതുപോലെ ആകാംക്ഷയും ഉണ്ടായിരുന്നു. ടെൻഷൻ കാരണം ആദ്യമൊന്നും പാടാന്‍ പറ്റിയിരുന്നേയില്ല. സര്‍ വളരെ പോസിറ്റീവായി ഒപ്പമിരുന്ന് ഓരോ വരിയും പാടിച്ചു. റെക്കോഡിങ്ങും പ്രത്യേകതയുള്ളതാണല്ലോ, പാട്ടിന്റെ ക്രമമനുസരിച്ചല്ല റെക്കോഡിങ്. എന്താണ് നമ്മള്‍ പാടിയ പാട്ടെന്ന് അത് പുറത്തുവരുമ്പോഴേ അറിയാനാകൂ. നമ്മുടെ വോയ്സ് തന്നെയാണ് ഉപയോഗിച്ചതെന്നു പോലും പിന്നീടെ അറിയാനാകൂ. അതുകൊണ്ട് സാറിന്റെ പാട്ട് പാടിക്കഴിഞ്ഞ് അത് പുറത്തുവരുമ്പോള്‍ ഒരു പരീക്ഷ എഴുതി അതിന്റെ ഫലം കാത്തിരിക്കുന്ന പോലെയാണ്. നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്ന് അപ്പോഴേ അറിയാനാകൂ.

 

നിത്യഹരിതം ആരോമലേ

 

ആരോമലേ ഇന്നും ഏവര്‍ക്കും പ്രിയപ്പെട്ട, പ്രത്യേക ഇഷ്ടത്തോടെ ചേര്‍ത്തുവയ്ക്കുന്നൊരു റഹ്‌മാന്‍ ഗാനമാണ്. ഏവരും ചര്‍ച്ച ചെയ്യുന്നൊരു പാട്ടാണത്. എന്റെ കരിയറിലും ഒരുപാട് സ്വാധീനം ചെലുത്തിയൊരു പാട്ടാണ്. സാറിന്റെ ഒരു പാട്ടിലൂടെയാണ് തമിഴിലേക്ക് ഞാന്‍ പരിചിതനാക്കപ്പെടുന്നത്. അതിന്റെയൊരു അംഗീകാരം അവിടന്നു കിട്ടി. ആരോമലേ പാടിയ ആള്‍ എന്നതൊരു വലിയ ക്രെഡിറ്റാണ്. തമിഴില്‍ കുറേയേറെ അവസരങ്ങളും സാറിനൊപ്പം ഒത്തിരി ലൈവ് വേദികളില്‍ പാടാനുള്ള അവസരങ്ങളും ആ പാട്ട് നല്‍കി. ഇപ്പോഴും ആരോമലേ പാടാന്‍ പറയുമ്പോള്‍ ഒരു ടെന്‍ഷനാണ്. എങ്കിലും സാറിനൊപ്പം ലൈവ് പാടിയപ്പോഴൊക്കെ അദ്ദേഹത്തിന് ഇഷ്ടമാകുന്ന പോലെ പാടാനായി. അന്ന് റെക്കോഡിങ് കഴിഞ്ഞ് സര്‍ പറഞ്ഞിരുന്നത്രേ ഓട്ടോ ട്യൂണ്‍ ഒന്നും വേണ്ട, കുറേ നാളുകള്‍ക്ക് ശേഷമാണ് അങ്ങനെയൊരു വോയ്സ് കിട്ടിയതെന്ന്. സാറിന്റെ ഒരു ഓഡിയോ എൻജിനീയര്‍ പറഞ്ഞാണത് അറിഞ്ഞത്. അതൊക്കെ പുരസ്കാരങ്ങളേക്കാൾ വലിയ അംഗീകാരമായി തോന്നുന്നു. 

 

തിരികെ വീട്ടില്‍ ചെല്ലുന്ന പോലെ

 

ഒരുപാട് വര്‍ഷമായി റഹ്മാൻ സാറിന്റെ സ്റ്റുഡിയോയിലേക്ക് പോയിട്ട്. അതിന്റെ ആകാംക്ഷയുണ്ടായിരുന്നു മനസ്സിൽ. പക്ഷേ സ്റ്റുഡിയോയ്ക്കു ചെറിയ മാറ്റങ്ങളൊക്കെ വന്നെങ്കിലും അവിടെ അന്ന് കണ്ട കുറേ മുഖങ്ങള്‍ തന്നെ ഇപ്പോഴുമുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യം തന്നെ. ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ സര്‍ എത്ര വലിയ ഉയരങ്ങളിലേക്കാണ് പോയത്. അപ്പോഴും തനിക്കൊപ്പം കുറേയേറെ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നല്ലോ എന്നു ചിന്തിച്ചു. അവരില്‍ പലരേയും തന്നെയാണ് ഇത്തവണ പോയപ്പോള്‍ കണ്ടത്. അതുകൊണ്ടു‌തന്നെ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഏറെ പ്രിയപ്പെട്ടൊരു വീട്ടിലേക്ക് കയറി ചെല്ലുന്ന പോലെ തോന്നി. 

 

അതൊരുപാടുണ്ട്, സംഗീതം പോലെ

 

പ്രഫഷനലിസത്തിലും വ്യക്തി ജീവിതത്തിലും സാറില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ട്. ക്വാളിറ്റിയുടെ കാര്യത്തില്‍ അതിനി എന്തിന്റെ പേരിലായാലും ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ തയ്യാറല്ല. ഒരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും സര്‍ വഴങ്ങില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ബാധിക്കുന്നത് ആ പ്രോജക്ടിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരെയാകും എന്നതുകൊണ്ടാകും. ഈഗോയുടെ ഒരു തരിപോലും പ്രഫഷനല്‍ ജീവിതത്തില്‍ ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും സാറില്‍ കണ്ടിട്ടില്ല. ആദ്യം സംസാരിച്ചപ്പോള്‍ എത്രമാത്രം ലാളിത്യമുള്ള വ്യക്തിയായിരുന്നോ അതുപോലെ തന്നെയാണിപ്പോഴും. സര്‍ ഒരുപാട് സംസാരിക്കുന്ന വ്യക്തിയല്ലല്ലോ. അതുകൊണ്ട് നമ്മള്‍ പത്ത് വാക്ക് പറയുമ്പോള്‍ സര്‍ ചിലപ്പോൾ ഒരു വാക്കേ മിണ്ടൂ. അപ്പോൾ ഇതെന്താ ഇങ്ങനെയെന്നു തോന്നിയേക്കാം. പക്ഷേ അത് സ്നേഹമില്ലാഞ്ഞിട്ടോ കരുതലില്ലാഞ്ഞിട്ടോ അല്ല. സര്‍ അങ്ങനെയാണ്. സര്‍ എപ്പോഴും അദ്ദേഹത്തിന്റേതായ ഒരു ഇടമിട്ടിട്ടേ പെരുമാറുകയുള്ളൂ. അത് ഒരു തരത്തിൽ വളരെ നല്ലതാണ്. 

 

ചിലതുണ്ട് അതിനു പിന്നില്‍

 

കുറെയേറെ സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ കുറച്ചാണെങ്കിലും പുതുതായി എന്തെങ്കിലും ചെയ്യാനുള്ളത് തിരഞ്ഞെടുക്കുക എന്നതാണ് നിലപാട്. സിനിമ സംഗീതത്തില്‍ ഇടവേളകള്‍ വരുന്നതിനു കാരണങ്ങള്‍ അതിലൊന്നാണ്. പിന്നെ എനിക്ക് എന്റേതായ ചില മൂല്യങ്ങളും ബോധ്യങ്ങളുമുണ്ട്. സിനിമയുടെ കഥയും തിരക്കഥയുമൊക്കെ അതിനെ സാധൂകരിക്കുന്നതാകണം. അതെല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയണമെന്നില്ലല്ലോ. എന്റെ മക്കള്‍ക്കൊപ്പമിരുന്നു, പ്രിയപ്പെട്ടവര്‍ക്കൊപ്പമിരുന്നു കാണാനാകുന്ന സിനിമകളേ തിരഞ്ഞെടുക്കൂ എന്നതാണ് ആദ്യ നിബന്ധന. പിന്നെ എനിക്ക് എന്റേതായ തിരക്കുകളുമുണ്ട്. മ്യൂസിക് സ്‌കൂള്‍ സ്വന്തമായുണ്ട്, ഒട്ടേറെ സ്റ്റേജ് പ്രോഗ്രാമുകളുമുണ്ട്.

 

റഹ്‌മാന്‍ യാത്രകളുടെ ത്രില്‍

 

റഹ്‌മാന്‍ സാറിന്റെ ഓരോ ലൈവ് ഷോയും ഓരോ ജീവിതാനുഭവമാണ്. പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സര്‍ കൂടെയുണ്ടാകും എപ്പോഴും. നമ്മള്‍ ടെന്‍ഷന്‍ കാരണം പാടാന്‍ കഴിയാതിരുന്നാല്‍ സര്‍ കൂടെയിരുന്ന് പാടിച്ചെടുക്കും. റീടേക്കുകളും ഉണ്ടാകുമല്ലോ. പിച്ച് കറക്ട് ചെയ്യാനാകും, പാട്ട് ഒന്നുകൂടി മനോഹരമാക്കാന്‍ നമ്മള്‍ക്ക് നമ്മുടെ ഐഡിയക്കനുസരിച്ച് പാടാനുള്ള സമയം തരും, സര്‍ തന്നെ പലവട്ടം പലരീതിയില്‍ പാടിച്ചുനോക്കും. വളരെ വിശാലമായൊരു പ്രക്രിയയാണ് ഓരോ റെക്കോഡിങും. അതുപോലെയല്ലല്ലോ ലൈവ്. നമ്മളിലൊരു വിശ്വാസം അര്‍പ്പിച്ചാകും വിളിക്കുക. അത് തെറ്റിക്കാതിരിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഒറിജിനല്‍ പോലെയായിരിക്കില്ലല്ലോ മിക്കപ്പോഴും പാടുക. ലൈവില്‍ ഇംപ്രവൈസ് ചെയ്യണമെങ്കില്‍ ഒറിജിനല്‍ നന്നായി പഠിച്ചിരിക്കണം. ശ്രുതി ശുദ്ധമായി പാടണം. അങ്ങനെ പഠിക്കാതെ ചെന്നാല്‍ സര്‍ മുഷിയും. ചിലപ്പോള്‍ തമാശ രൂപേണയാകും വഴക്കു പറയുക, നമുക്കത് നന്നായി കൊള്ളും. നന്നായി പാടിക്കഴിയുമ്പോള്‍ അത് അവസാനിക്കുകയും ചെയ്യും. അതുപോലെ ലൈവ് പാടുമ്പോള്‍ തെറ്റുകള്‍ വന്നാല്‍ അപ്പോൾ തന്നെ അറിയാം. അതൊരു നെഗറ്റീവ് മാര്‍ക്കുമാകും. അപ്പോൾ അത്രമാത്രം ശ്രദ്ധയോടെ, ആത്മവിശ്വാസത്തോടെ പാടണം. അത് ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. പ്രാക്ടീസ് സമയത്ത് പാടുന്ന എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ആദ്യം പാടി നോക്കും. വരികളൊക്കെ കാണാതെ പഠിച്ചിരിക്കും സര്‍ വരുന്നേരം. പിന്നെയും അത് മനസ്സിലുറപ്പിക്കാന്‍ പ്രാക്ടീസ് സമയത്ത് അവിടെയുള്ള വലിയ എല്‍ഇഡി സ്‌ക്രീനില്‍ നമുക്ക് പാടേണ്ട വരികള്‍ എത്തിക്കും. അതൊക്കെ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. അമേരിക്കയില്‍ സാറിന്റെ ജയ് ഹോ ഷോ നടക്കുന്ന സമയത്ത് സ്റ്റേജില്‍ പാടുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട വ്യക്തിത്വത്തെക്കുറിച്ച് ഒരു ക്ലാസ് ഉണ്ടായിരുന്നു. എങ്ങനെയാണ് സ്‌റ്റേജില്‍ നില്‍ക്കേണ്ടത്, പെരുമാറേണ്ടത് തുടങ്ങിയവ. സ്‌റ്റേജില്‍ പാടുമ്പോള്‍ ഇന്‍സ്ട്രുമെന്‍സിന്റെ വായന ചെവിയിലൂടെയാകും കേള്‍ക്കുക. അപ്പോൾ അതിനനുസരിച്ച് ശബ്ദം ക്രമീകരിക്കേണ്ടതൊക്കെ ശരിയായ രീതിയില്‍ അവിടെ നിന്നാണ് പഠിച്ചത്. അതൊക്കെ സംഗീത ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുപോലെ സാറിനൊപ്പം പാടാന്‍ പോകുമ്പോള്‍ എല്ലാ ഗായകരും കോറസ് പാടാന്‍ റെഡിയായിരിക്കണം. കോറസ് പാടാന്‍ കുറേ പേര്‍, സിംഗിള്‍ പാടാന്‍ മറ്റു കുറച്ചുപേര്‍ അങ്ങനെയുള്ള രീതിയൊന്നുമില്ല. എസ്പിബി, ചിത്ര ചേച്ചി തുടങ്ങി അത്രേം സീനിയര്‍ ആയവര്‍ക്കേ ആ പരിഗണന കിട്ടൂ. ബാക്കിയെല്ലാ ഗായകരും കോറസ് ആവശ്യമുള്ളപ്പോള്‍ സ്‌റ്റേജില്‍ ഉണ്ടായിരിക്കണം. അത് തുല്യത എന്ന കാര്യത്തിന്റെ ഏറ്റവും മനോഹരമായ തീര്‍പ്പാക്കലുമാണ്. അത്തരം സന്തോഷങ്ങളും സംതൃപ്തിയുമാണ് ഓരോ എ.ആര്‍.റഹ്‌മാന്‍ ഷോയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com