'കേൾക്കാതെ'യും സംഗീതം ആസ്വദിക്കാം, പുത്തൻ പാട്ടു പരീക്ഷണവുമായി അഭിശ്രുതി ബെസ്ബറ
Mail This Article
അസമിലെ ഏറ്റവും പ്രശസ്തരായ ഇന്ത്യൻ ക്ലാസിക്കൽ ഗായകരിലൊരാളാണ് അഭിശ്രുതി ബെസ്ബറ. മികച്ച ശബ്ദവും സമ്പന്നമായ സംഗീത പാരമ്പര്യവും കൊണ്ട് അനുഗൃഹീതയായ ഈ ഗായിക, ഗ്രാമങ്ങളിൽ മുതൽ മെട്രോ നഗരങ്ങളിൽ വരെയുള്ള ആരാധകര്‍ക്കായി സംഗീത വിഡിയോകൾ അവതരിപ്പിച്ചുകൊണ്ട് പുതിയൊരു സംഗീത സംസ്കാരം സൃഷ്ടിക്കുകയാണ്. പ്രതിഭാധനയായ ഈ സംഗീതജ്ഞയുടെ ഏറ്റവും പുതിയ സംഗീത വിഡിയോ ആണ് ‘ആജ് ജാനേ കി സിദ് നാ കരോ’. കേൾവി പരിമിതർക്കും ആസ്വദിക്കാൻ കഴിയുന്ന കവർ ഗാനമാണിത്. തന്റെ പുതിയ സംഗീതപരീക്ഷണങ്ങളെക്കുറിച്ച് അഭിശ്രുതി ബെസ്ബറ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.
പുതിയ കവർ ഗാനത്തെപ്പറ്റി?
ഇതിഹാസ ഗസൽ ഗായിക ഫരീദ ഖാനും ജി പാടിയ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്ന ഗാനമാണ്. അവരോടുള്ള എന്റെ ആദരമാണ് ഏറ്റവും പുതിയ ഈ കവർ ഗാനം. മികച്ച ഗസൽ ഗായകർക്കുള്ള ആദരസൂചകമായി ഞാൻ നിരവധി കവർ ഗാനങ്ങൾ ചെയ്തിട്ടുണ്ട്, എന്നാൽ ഇത് വ്യത്യസ്തമാണ്, കാരണം ഈ ഗാനം ആംഗ്യഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്.
ആംഗ്യഭാഷ പഠിക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ?
ഇന്ത്യൻ ആംഗ്യ ഭാഷയിൽ കൃത്യത വളരെ പ്രധാനമാണ്. ആംഗ്യ ഭാഷയുടെ സൂക്ഷ്മതലങ്ങൾ പഠിക്കാനായി ഒരു അധ്യാപകന്റെ കീഴിൽ പരിശീലിച്ചു. നമ്മുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും ശരിയായ രീതിയിൽ വന്നാൽ മാത്രമേ ആംഗ്യഭാഷ കൃത്യമാകൂ. ഒരു ചെറിയ വ്യത്യാസം പോലും, കാണുന്ന വ്യക്തിക്ക് തെറ്റായ അർഥമാകും നൽകുക. ഈ ഗാനം ചെയ്തപ്പോൾ നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും ഇതൊരു മനോഹരമായ അനുഭവമായിരുന്നു. ഇനിയും ഇത്തരം കവറുകൾ ചെയ്യണമെന്നാണ് ആഗ്രഹം.
ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിക്കായി സമർപ്പിച്ചാണല്ലോ ‘ഒരേ രാതി’ എന്ന ഗാനം?
ട്രാൻസ്‌ജെൻഡേഴ്സിന്റെ ജീവിതം ആഘോഷിക്കാൻ വേണ്ടിയാണ് ഞാൻ ആ ഗാനം ചെയ്തത്. അവരുടെ ജീവിതം ചിത്രീകരിക്കുമ്പോൾ എപ്പോഴും ദുഃഖകരമായ ഒരു ഗാനമായിരിക്കും കാണിക്കുക. എന്നാൽ അതു പൊളിച്ചെഴുതാനാണ് ഞാൻ ആഗ്രഹിച്ചത്. അതിനാൽ ട്രാൻസ്‌ജെൻഡേഴ്സിനെ ശാക്തീകരിക്കുന്ന തരത്തിൽ അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക, സ്നേഹത്തോടെ ചേർത്തുപിടിക്കുക, അവരെ ശക്തരാക്കുക എന്ന സന്ദേശം പകർന്നുനൽകുന്ന രീതിയിൽ ചെയ്ത ഗാനമാണ് ‘ഒരേ രാതി’.
പാട്ടിനായി ട്രാൻസ്‌ജെൻഡർ സമൂഹത്തിനൊപ്പം പ്രവർത്തിച്ച അനുഭവം?
ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയുമായി ചേർന്നു പ്രവർത്തിച്ചത് എനിക്കു മികച്ച അനുഭവമാണു നൽകിയത്. അവർ എന്നോട് എങ്ങനെ പെരുമാറുമെന്ന പേടിയും ജാള്യവും പരിഭ്രാന്തിയും ആദ്യമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഞാൻ എന്റെ ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവച്ചപ്പോൾ അവര്‍ എന്റെ ആശയത്തോടൊപ്പം ചേർന്നു നിൽക്കുകയും ലക്ഷ്യത്തിലെത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്തു തരികയും ചെയ്തു. അസമിൽ ഞങ്ങൾക്ക് ഒരു വലിയ എൽജിബിടിക്യുഐഎ പ്ലസ് കമ്യൂണിറ്റിയുണ്ട്. ട്രാൻസ്മാൻ ആയ മിലിൻ ദത്തയാണ് അവിടെ എനിക്കു വേണ്ട സഹായങ്ങൾ ചെയ്യുകയും എല്ലാവരെയും പരിചയപ്പെടുത്തുകയും ചെയ്തത്. മിലിൻ ഇപ്പോൾ എനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്താണ്.
ഈ പാട്ട് ചെയ്യാനായി ഞാൻ ഒരുപാട് ഗവേഷണം നടത്തിയിരുന്നു. മിലിന്റെ സഹായത്തോടെ ധാരാളം ആളുകളെ കാണുകയും അവർ അവരുടെ കഥകൾ എന്നോടു പങ്കിടുകയും ചെയ്തു. ജാൻവി ബൊർക്കകോട്ടി എന്ന ട്രാൻസ് വുമൺ ആണ് എന്റെ ആൽബത്തിൽ പ്രധാന കഥാപാത്രമായത്. മ്യൂസിക് വിഡിയോ തുടങ്ങുന്നതു തന്നെ ‘ജീവിച്ചിരിക്കുന്നവരിൽനിന്നു പ്രചോദനമുൾക്കൊണ്ടുകൊണ്ട്’ എന്ന വരികളോടെയാണ്. ഞാൻ കണ്ട വ്യക്തികളുടെ അനുഭവങ്ങളുടെ ആകെത്തുകയാണ് ഈ വിഡിയോ. ട്രാൻസ്ജെൻഡേഴ്സിന് അവരുടെ പേരു മാറ്റേണ്ടി വരുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ്. ജൻഡർ ന്യൂട്രൽ ടോയ്‍ലെറ്റുകൾ ഇല്ലാത്തത് ട്രാൻസ്ജൻഡേഴ്സിനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരെ സ്വന്തം കുടുംബം പോലും അംഗീകരിക്കില്ല എന്നുള്ളത് വേദനാജനകമായ അവസ്ഥ തന്നെ.
ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായികയായിട്ടും സ്വതന്ത്ര സംഗീതത്തിലും കവർ ഗാനങ്ങളിലും പരീക്ഷണം നടത്തുന്നത് ശ്രദ്ധേയമാണല്ലോ?
സൗണ്ട്‌സ്‌കേപ്പിന്റെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത് എനിക്കിഷ്ടമാണ്. ‘റോയി റോയി റൊട്ടി’, ‘ടോക് ദേഖി മോർ ഗാ’, ‘കോർഡോയ് സോക്കോള’, ‘കെരുമോണി തുരിയ’ തുടങ്ങിയ എന്റെ അസമീസ് നാടോടി ഗാനങ്ങൾ ശ്രദ്ധിച്ചാൽ പ്രകൃതിയുടെ മനോഹര ശബ്ദങ്ങൾ നിങ്ങൾക്കു കേൾക്കാം. പ്രകൃതിദത്തമായ ശബ്‌ദങ്ങൾ, അസമിലെ തദ്ദേശീയ ഉപകരണങ്ങളുടെ ശബ്‌ദം, നമ്മുടെ നാടോടി സംഗീതത്തിന്റെ പൊരുൾ തുടങ്ങിയവ സംയോജിപ്പിക്കാനും സമന്വയിപ്പിക്കാനുമുള്ള താൽപര്യം ഡോ.റസൂൽ പൂക്കുട്ടി, അമൃത് പ്രീതം എന്നിവരുടെ കീഴിലുള്ള സൗണ്ട് ഡിസൈനിങ് ട്രെയ്നിങ്ങിൽനിന്ന് ആർജിച്ചതാണ്. ‘റോയി റോയി റൊട്ടി’ എന്ന പാട്ടിൽ ട്രാക്ക് ആരംഭിക്കുന്നത് ഒരു കുയിലിന്റെ ശബ്ദത്തിലാണ് പിന്നീട് അത് ഞങ്ങളുടെ പരമ്പരാഗത വസ്ത്രമായ മേഖേല ചാദർ നെയ്യുന്ന തറിയിലെ ക്ലിക്കിറ്റി-ക്ലാക്ക് ശബ്ദവും അരിയുടെയും ധാന്യങ്ങളുടെയും കടലലകളുടെയും മറ്റും ശബ്ദവുമായി സമന്വയിപ്പിച്ചു. പരമ്പരാഗതമായ ഉപകരണങ്ങളുടെയും പാശ്ചാത്യവും പ്രാദേശികവുമായ നാടോടി ഗാനങ്ങളുടെയും സ്വാഭാവിക സംയോജനമാണ് എന്റെ പാട്ടുകളിലൂടെ ഞാൻ ആസ്വാദകർക്കു കാഴ്ചവയ്ക്കാൻ ആഗ്രഹിക്കുന്നത്.
എങ്ങനെയാണ് സൗണ്ട് ഡിസൈനിൽ താൽപര്യം തോന്നിയത്?
എനിക്കു കുട്ടിക്കാലം മുതലേ സംഗീതത്തിൽ അഭിനിവേശമുണ്ടായിരുന്നു. അസമിലെ ഗുരു ശ്രീ ദാമോദർ ബോറ, കൊൽക്കത്തയിലെ ഗുരു ശ്രീമതി മന്ദിര ലാഹിരി, അസമിലെ ഗുരു ശ്രീ ജിതൻ ബസുമതരിയും തുടങ്ങിയവരുടെ കീഴിൽ സംഗീതത്തിൽ പരിശീലനം ലഭിച്ചു. ശാസ്ത്രീയ ഹിന്ദുസ്ഥാനി സംഗീതമാണ് എന്റെ ശക്തിയെങ്കിലും വിവിധ സംഗീത രൂപങ്ങൾ പഠിച്ചിട്ടുണ്ട്. താമസിയാതെ, സംഗീതത്തിന്റെ സാങ്കേതികത പഠിക്കാനുള്ള എന്റെ താൽപര്യം വർധിച്ചു. അതുകൊണ്ടാണ് വിസിലിങ് വുഡ്സ് ഇന്റർനാഷനലിൽനിന്നു സൗണ്ട് ഡിസൈനിങ്ങിലും സംഗീത നിർമാണത്തിലും ഡിപ്ലോമ നേടാൻ തീരുമാനിച്ചത്. 2011 ൽ അക്കാദമി അവാർഡ് നേടിയ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ‘ഇംഗ്ലിഷ് വിംഗ്ലിഷ്’, ‘ഹൈവേ’ തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ എനിക്കു സാധിച്ചു.
സംഗീതം മാത്രമാണോ കരിയർ ആയി പിന്തുടർന്നത്?
ഞാനൊരു ഡോക്ടർ ആകണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ എനിക്കു സംഗീതമാണ് ഇഷ്ടമെന്ന് ഞാൻ അവരോടു പറഞ്ഞു. മാത്രവുമല്ല, രക്തം കാണുന്നത് എനിക്കു ഭയമാണെന്നു കൂടി പറഞ്ഞപ്പോൾ അവർ എന്റെ ഇഷ്ടത്തെ പിന്തുണച്ചു. ബാഞ്ചോയും മാൻഡോലിനും വായിക്കുന്ന അച്ഛൻ ഉൾപ്പെടെ എന്റെ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും സംഗീതജ്ഞരാണ്.
അസമീസ് സംഗീതം ജനകീയമാക്കാനുള്ള ശ്രമങ്ങൾ എന്തൊക്കെയാണ്?
ബോളിവുഡിൽ ഇപ്പോൾ അസമീസ് പ്രാതിനിധ്യം വളരെയധികമുണ്ട്. എന്നിരുന്നാലും രാജ്യത്തുടനീളം നമ്മുടെ സംഗീതത്തിനും പാരമ്പര്യത്തിനും അർഹമായ സ്ഥാനം ലഭിക്കാൻ ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രമഫലമായാണ് നമ്മുടെ സംഗീതത്തിന് പതിയെ അംഗീകാരം കിട്ടിത്തുടങ്ങിയത്. അവതരിപ്പിക്കുന്നിടത്തെല്ലാം നമ്മുടെ സംസ്കാരവും സംഗീതവും വളരെയധികം വിലമതിക്കപ്പെടുന്നുണ്ടെന്നുള്ളത് സംഗീതത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
English Summary: Assamese singer Abhishruthi Bezbaruah’s version of ‘Aaj Jaane ki Zid Na Karo’