ADVERTISEMENT

എല്ലാവരും ജീവിതത്തിൽ ഒരൽപ സമയമെങ്കിലും സംഗീതം പഠിക്കാനും ആസ്വദിക്കാനും മാറ്റിവയ്ക്കണമെന്ന് ഓടക്കുഴൽ വിദഗ്ധൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരാസിയ. സ്പിക്മാകേയും കോഴിക്കോട് ഐഐഎമ്മും നടത്തിയ ശ്രുതി അമൃത് പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.  കോഴിക്കോട്ടെ വിവിധ സംഗീതവേദികളിൽ പല തവണ അദ്ദേഹം മുൻപും എത്തിയിട്ടുണ്ട്. കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹവുമായി നടത്തിയ സംവാദത്തിൽനിന്ന്:

 

ഓടക്കുഴൽ ഇടത്തുകൈയിൽ പിടിച്ചിരുന്ന അങ്ങ് വലത്തുകൈയിലേക്ക് മാറ്റുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എന്താണ് ഈ മാറ്റത്തിന്റെ രഹസ്യം?

 

ഇടത്തേ കയ്യിൽനിന്ന് വലത്തേകയ്യിലേക്കുള്ള എന്റെ മാറ്റം ‘മിസ്റ്ററി’യാണ്. ഏറെ വേദന നിറഞ്ഞതാണ്. പതിവായി ഒരു കൈയിൽ ഓടക്കുഴൽ പിടിക്കുന്ന കലാകാരൻ തന്റെ മറ്റേവശത്തേക്ക് മാറ്റിയാൽ അതു പെട്ടന്ന് തിരിച്ചറിയില്ല. സിത്താറോ വീണയോ ഇടതുകൈ മാറ്റി വലത്തുകൈ പിടിച്ചാൽ പെട്ടന്ന് തിരിച്ചറിയും. തബലകൾ പരസ്പരം മാറ്റിയാൽ പെട്ടന്ന് തിരിച്ചറിയും. പക്ഷേ ഓടക്കുഴൽ അത്രപെട്ടന്ന് തിരിച്ചറിയില്ല. കൃഷ്ണവിഗ്രഹങ്ങൾ നോക്കൂ. ഇടത്തേക്ക് ഓടക്കുഴൽ പിടിച്ചതും വലത്തേക്ക് ഓടക്കുഴൽ പിടിച്ചതും കാണാം. വർഷങ്ങളെടുത്താണ് ഞാൻ വലത്തേകയ്യിലേക്ക് മാറിയത്. ആ മാറ്റം പെയിൻഫുൾ ആയിരുന്നു.

 

ഗുരുവിന്റെ ഉപദേശപ്രകാരമായിരുന്നു ഈ മാറ്റമെന്നു കെട്ടിട്ടുണ്ട്. സത്യമാണോ?

 

ഗുരു ഒരിക്കലും തന്റെ ശിഷ്യനായ ഒരാൾക്കും ഒരു ശിക്ഷ കൊടുക്കില്ലല്ലോ. എന്റെ ആഗ്രഹമായിരുന്നു വലതുകൈയിലേക്ക് മാറ്റുകയെന്നത്. ഇടത്തുകൈയിൽനിന്ന് വലത്തുകൈിലേക്ക് മാറ്റിയാൽ നന്നായിരിക്കുമെന്ന് തോന്നി. കുറച്ചുദിവസം പരിശീലിച്ചു. പതിയെ പതിയെ നന്നായിവന്നു. പക്ഷേ ഏറെ കഷ്ടപ്പെടേണ്ടി വന്നു.

 

ഇന്നത്തെ ചൗരാസിയയെ സൃഷ്ടിച്ചതാരാണ്?

 

നിങ്ങളാണ് എന്നെ സൃഷ്ടിച്ചത്. നിങ്ങളാണ് എന്നെ വളർത്തിയത്. കേൾവിക്കാരാണ് എല്ലാം. മറ്റാർക്കും ഒരു കലാകാരനെയും സൃഷ്ടിക്കാൻ കഴിയില്ല. ഓരോ കലാകാരനും ആരാണോ, അതായിത്തീരുന്നത് ആസ്വാദകർ മൂലമാണ്. 100 വയസ്സുവരെ സംഗീതലോകത്ത് തുടരണമെന്നാണ് ആഗ്രഹം. കേൾക്കാൻ ആസ്വാദകരുള്ള ഈ സംഗീതലോകത്ത് നൂറു വയസ്സുകഴിഞ്ഞാലും ഞാൻ തുടരും. ഹിന്ദുസ്ഥാനിയിലും കർണാടക സംഗീതത്തിലും വ്യത്യസ്തമായ അനേകം രാഗങ്ങളുണ്ട്. ദക്ഷിണേന്ത്യൻ രാഗങ്ങൾ സുന്ദരമാണ്. ഹിന്ദുസ്ഥാനിയും സുന്ദരമാണ്. ദക്ഷിണേന്ത്യൻ സംഗീതജ്ഞർക്കൊപ്പം ഞാൻ വായിച്ചിട്ടുണ്ട്. രമണിക്കൊപ്പം വായിച്ചിട്ടുണ്ട്. ബാലമുരളീകൃഷ്ണയ്ക്കൊപ്പം വായിച്ചിട്ടുണ്ട്. അങ്ങനെ അനേകമനേകം കലാകാരൻമാർക്കൊപ്പം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. രാഗങ്ങൾ പാടാനും ആസ്വദിക്കാനും എല്ലാവരും സമയം കണ്ടെത്തണം. ജീവിതത്തിൽ ഒരൽപ സമയമെങ്കിലും സംഗീതത്തിനായി മാറ്റിവയ്ക്കണം.

 

വോക്കൽ പാടിയാണ് അങ്ങു തുടങ്ങിയതെന്നു കേട്ടിട്ടുണ്ട്. എന്താണു ഓടക്കുഴലിലേക്ക് മാറിയത്?

 

സംഗീതോപകരണങ്ങൾ നമ്മളുണ്ടാക്കിയതാണ്. കൃഷ്ണനാണ് ഓടക്കുഴലുണ്ടാക്കിയതെന്നാണ് വിശ്വാസം. ഓടക്കുഴലിനു സ്ട്രിങ്ങുകളില്ല. ഏതാനും ദ്വാരങ്ങൾ മാത്രം. പാട്ടുപാടുമ്പോൾ നിങ്ങൾ തന്നെയാണ് സംഗീതോപകരണം. നിങ്ങൾ നിങ്ങളെത്തന്നെയാണ് ട്യൂൺ ചെയ്യുന്നത്. ഇന്ത്യക്കകത്തും പുറത്തും പിറവിയെടുത്ത അനേകം സംഗീതോപകരണങ്ങളുണ്ട്. അവയിൽ ഏറ്റവും നല്ലതാണെന്ന് എനിക്കുതോന്നിയത് ഓടക്കുഴലാണ്. അതിനു പല കാരണങ്ങളുണ്ട്. ഓടക്കുഴൽ വിലയേറിയ ഉപകരണമല്ല. അനുയോജ്യമായ നല്ല മുള കണ്ടെത്തുക. അതിൽ ദ്വാരമിടുക. വായിക്കുക. മുളയിലൂടെ നിങ്ങൾ പാടുകയാണ്. നിങ്ങളുടെ ശബ്ദത്തിലൂടെ എന്താണോ പാടുന്നത് അതേ സംഗീതം മുളന്തണ്ടിലൂടെ സൃഷ്ടിക്കപ്പെടും. ഓടക്കുഴൽ വായിക്കാൻ എല്ലാവരും പഠിക്കണം.

 

ഏതുപ്രായത്തിൽ ഓടക്കുഴൽ പഠിക്കുന്നതാണ് നല്ലത്? അനേകം പേർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പ്രായം കടന്നുപോയെന്ന ചിന്തയുമുണ്ടാകും.?

 

ഓടക്കുഴൽ വായിക്കാൻ ഏതു പ്രായത്തിലും പഠിക്കാം. വിരലുകൾ ചലിക്കണം. ഓടക്കുഴലുകൾ പല വലുപ്പത്തിലുണ്ട്. ചെറുതുണ്ട്. വലുതുണ്ട്. ഏതൊരാൾക്കും വായിക്കാം. കുട്ടികൾക്കു വായിക്കാം. കൃത്യമായി ഊതുക. നല്ല സംഗീതം പുറത്തുവരും. പിയാനോ അതിമനോഹരമാണ്. പക്ഷേ ഓടക്കുഴൽ പോലെ പിയാനോ കൊണ്ടുനടക്കാൻ കഴിയില്ലല്ലോ. ആദ്യമൊരു ഓടക്കുഴൽ വാങ്ങുക. പരിശീലിക്കുക. മുംബൈയിലേക്ക് വന്നാൽ ഞാൻ പഠിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com