ADVERTISEMENT

ബിജു മേനോനെയും വിനീത് ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി സഹീദ് അരാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ എന്ന ചിത്രം പ്രേക്ഷക പ്രീതി നേടുമ്പോൾ ചിത്രത്തിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചർച്ചയാവുകയാണ്. ഫാമിലി ഡ്രാമയിൽ നിന്നു പതിയെ ത്രില്ലർ മൂഡിലേക്കുള്ള ചിത്രത്തിന്റെ സഞ്ചാര വഴികളിൽ വെളിച്ചം വീശുന്നത് ബിജിബാലിന്റെ സംഗീതം കൂടിയാണ്. ശ്യാം പുഷ്കരൻ–ദിലീഷ് പോത്തൻ ടീമിനോടൊപ്പം വിജയസിനിമകളുടെ അണിയറയിൽ ബിജിബാലിന്റെ സംഗീതവുമുണ്ടായിരുന്നു. ഏറെ സംതൃപ്തി തന്ന ചിത്രമാണ് ‘തങ്കം’ എന്ന് ബിജിബാൽ പറയുന്നു. തങ്കത്തിന്റെ സംഗീത വഴികള്‍ പറഞ്ഞ് മനോരമ ഓൺലൈനിനൊപ്പം ബിജിബാൽ.

 

തങ്കത്തിലേക്ക്

 

ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിൽ ഞാൻ പാട്ടുകൾ ചെയ്തിട്ടുണ്ട്. ദിലീഷ് പോത്തൻ ആയിരുന്നു സംവിധാനം. സഹീദ് അരാഫത്തും ശ്യാം പുഷ്കരനും ചേർന്ന് മൂന്ന് വർഷം മുൻപാണ് എന്നോടു തങ്കത്തിന്റെ കഥ പറയുന്നത്. അരാഫത്തിന്റെ രണ്ടാമത്തെ സിനിമയാണിത്. ദിലീഷും ശ്യാമും അരാഫത്തും ഏറെക്കാലമായി ഒരുമിച്ചു പ്രവർത്തിക്കുന്നവരാണ്. അവർ തമ്മിൽ നല്ലൊരു ബന്ധമുണ്ട്. തങ്കത്തിന്റെ ചിത്രീകരണം തുടങ്ങാനുള്ള തയാറെടുപ്പുകൾ നടക്കവെയാണ് കോവിഡ് വ്യാപിച്ചത്. തങ്കം ഒരു വലിയ സിനിമയായിരുന്നു, ഒരുപാട് യാത്ര ചെയ്യേണ്ട ഒരു റോഡ് മൂവി എന്നൊക്കെ വേണമെങ്കിൽ പറയാം. വലിയ രീതിയിൽ ചെയ്യേണ്ടതുണ്ട്, കോവിഡ് കാലത്ത് അഡ്ജസ്റ്റ് ചെയ്ത് ഷൂട്ട് ചെയ്യേണ്ട കാര്യമില്ല എന്നു തീരുമാനിച്ചു. ചെറിയ സിനിമയാണെങ്കിൽ പോലും വളരെ നല്ല രീതിയിൽ ഡീറ്റെയിൽ ആയി ചെയ്യുന്ന ആളുകളാണ് അവർ. കോംപ്രമൈസ് ചെയ്യില്ല. അതിനിടയ്ക്കാണ് ഒടിടിക്കു വേണ്ടി ജോജി ചെയ്തത്. കോവിഡ് സമയത്തെ നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞപ്പോൾ വീണ്ടും തങ്കം ചെയ്യാം എന്നു തീരുമാനിച്ചു അങ്ങനെ അതിന്റെ സംഗീതസംവിധായകനായി ഞാൻ എത്തി.

 

തീർന്നില്ല, ഒരു പാട്ട് കൂടി വരാനുണ്ട്

 

അൻവർ അലിയുടെ വരികളിൽ സിനിമയുടെ തീം വച്ചിട്ട് ഒരു പാട്ടുകൂടി ചെയ്തിട്ടുണ്ട്. പുറമേ കാണുന്നതിനപ്പുറം മനുഷ്യന്റെ മറ്റൊരു ലയർ വെളിവാക്കുന്ന ചിത്രമാണല്ലോ തങ്കം. ഏറ്റവും അടുത്ത സുഹൃത്തുക്കളോടു പോലും പറയാൻ കഴിയാത്ത പലകാര്യങ്ങളും ഉള്ളിൽ പേറി നടക്കുന്ന മനുഷ്യരുണ്ട്. ആ മാനസിക സംഘർഷം വെളിപ്പെടുത്തുന്ന ഫിലോസഫിക്കൽ ആയിട്ടുള്ള ഒരുപാട്ടുകൂടി ചെയ്തു വച്ചിട്ടുണ്ടായിരുന്നു. അത് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യം ചെയ്ത പാട്ട് അതായിരുന്നു. മനസ്സിനെ വേട്ടയാടുന്ന ഈണമാണ് അതിന്റേത്. ദേവീ എന്ന ഭക്തിഗാനവും ആദ്യം ഒരു ഹോണ്ടിങ് ആയിട്ടുള്ള ഈണമായിരുന്നു. മനുഷ്യർ പലരീതിയിലാണ് പ്രാർഥിക്കുന്നത്. എല്ലാ രീതികളും ഉൾപ്പെടുന്ന തരത്തിലായിരുന്നു ആദ്യം പാട്ട് ചെയ്തത്. പിന്നീടാണ് പ്രസന്നമായ ഒരു പാട്ടിൽ നിന്നു തുടങ്ങാമെന്നു തീരുമാനിച്ചത്. ‌ഹോണ്ടിങ് സ്വഭാവത്തിലാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത്. ആദ്യം സന്തോഷപ്രദമായി തുടങ്ങിയിട്ട് പിന്നെ സിനിമ മുന്നോട്ടുപോകുന്നത് അനുസരിച്ച് അതിന്റെ മൂഡ് മാറുകയാണ്, ചില പ്രതികൂല സംഭവങ്ങളും പ്രകൃതി അവർക്കായി ഒരുക്കി വച്ചിട്ടുള്ള ദുരന്തങ്ങളും അതുപോലെതന്നെ അവരുടെ ചെയ്തികളുടെ പ്രതിഫലവുമൊക്കെയായി ഈ യാത്ര അത്ര സുഖപ്രദം അല്ലെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള പശ്ചാത്തല സംഗീതമാണ്. വളരെ സന്തോഷത്തോടെയാണ് അവർ യാത്ര തുടങ്ങുന്നത്. പക്ഷേ പ്രേക്ഷകർക്ക് അറിയാം എന്തോ പന്തികേട് ഉണ്ടെന്ന്. അതിനനുസരിച്ചുള്ള സംഗീതമാണ് ഒരുക്കിയത്. സാധാരണ പശ്ചാത്തല സംഗീതം ചെയ്യുമ്പോൾ രംഗത്തിന് അനുസരിച്ചുള്ള സംഗീതമാണ് ചെയ്യുക. പക്ഷേ ഇവിടെ അങ്ങനെയല്ല. അവർ സന്തുഷ്ടരായി യാത്ര തിരിക്കുന്നുവെങ്കിലും എന്തോ സംഭവിക്കാൻ പോകുന്നു എന്നുള്ള ഒരു തോന്നൽ പ്രേക്ഷകർക്കു സമ്മാനിക്കുന്നുണ്ട്.

 

എന്തുകൊണ്ട് നജീം?

 

ഇത് പുതിയ ശൈലിയിലുള്ളതല്ല, മറിച്ച് ഒരു ട്രഡീഷനൽ അപ്പീൽ ഉള്ള പാട്ടാണ്. ശ്യാമും അരാഫത്തും എന്നോടു പറഞ്ഞത് നമ്മൾ ടാക്സിയിലോ അല്ലെങ്കിൽ ടൂറിസ്റ്റ് ബസിലോ പോകുമ്പോൾ ഡ്രൈവർ ഒരു സീഡിയോ കസെറ്റോ ഇട്ടു പാട്ട് പ്ലേ ചെയ്താണു യാത്ര തുടങ്ങുക. അങ്ങനെ ഒരു ഫീലുള്ള, ഒരു ഉണർവിന്റെ പാട്ടാണ് വേണ്ടത്. അതു ചെയ്തു കഴിഞ്ഞപ്പോൾ വേണ്ടി വന്നത് അധികം പുതിയതല്ലാത്ത യുവത്വമുള്ള ഒരു ശബ്ദമായിരുന്നു. ഇത് ഒരു കർണാടിക് രാഗഭാവമുള്ള പാട്ടായതുകൊണ്ട് അതും ചെയ്യാൻ പറ്റുന്ന ഒരാൾ ആയിരിക്കണം ഗായകൻ. അങ്ങനെയാണ് നജീമിലേക്ക് എത്തിയത്.

 

സംതൃപ്തിയോടെ ചെയ്ത സംഗീതം

 

ചില സിനിമകളെക്കുറിച്ചു ചർച്ച ചെയ്യുമ്പോഴും സംഗീതം ചെയ്യുമ്പോഴും ഉള്ളിന്റെയുള്ളിൽ സന്തോഷം ഉണ്ടാകും. ചെയ്യുന്ന പ്രോസസ്സ് സന്തോഷകരമാവുക എന്നത് ചുരുക്കം ചില സിനിമകളിലേ സംഭവിക്കൂ. തങ്കം അത്തരത്തിലൊന്നാണ്. ത്രില്ലർ സിനിമകളിൽ സ്ഥിരം ചെയ്യുന്ന ഒരു പാറ്റേണിൽ അല്ല തങ്കത്തിന്റെ സംഗീതം ചെയ്തിട്ടുള്ളത്. ലൗഡർ ആയിട്ടുള്ള സംഗീതമോ അല്ലെങ്കിൽ ഇതൊരു ത്രില്ലർ ആണെന്നു കാണിക്കാനുള്ള ശ്രമമോ നടത്തിയിട്ടില്ല. സുഖകരല്ലാത്ത എന്തോ ഒന്നു സംഭവിക്കാൻ പോകുന്നു എന്നൊരു പ്രതീതി ജനിപ്പിച്ച് പ്രേക്ഷകനെ ആ മൂഡിലേക്ക് എത്തിക്കുകയായിരുന്നു. ശ്യാമും അരാഫത്തും നല്ല ഇൻപുട് തന്നിരുന്നു. പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്തു. നല്ലൊരു സഹവർത്തിത്തത്തിന്റെ ഫലമാണ് തങ്കം. പാട്ടിനെക്കുറിച്ചും പശ്ചാത്തല സംഗീതത്തെക്കുറിച്ചും മികച്ച അഭിപ്രായമാണു കിട്ടുന്നത്.

 

പാട്ടുകൾ അനാവശ്യമായി തിരുകി കയറ്റാറില്ല

 

തങ്കത്തിനു വേണ്ടി ഭക്തിഗാനം അല്ലാതെ മറ്റൊരു പാട്ട് കൂടി ചെയ്തിരുന്നു. പക്ഷേ സിനിമയിൽ ഒരു പാട്ടിനുള്ള സ്ഥലമേ ഉള്ളൂ. വെറുതെ പാട്ട് തിരുകി കയറ്റേണ്ട കാര്യമില്ലല്ലോ. കണ്ണൻ എന്ന കഥാപാത്രത്തിന്റെ ജീവിത പ്രതിസന്ധികൾ കാണിക്കാൻ ഒരു പാട്ട് ഉൾപ്പെടുത്തിയാലോ എന്നു ചിന്തിച്ചിരുന്നു. പക്ഷേ അപ്പോൾ വരികളിൽ കൂടി പലതും പറയേണ്ടിവരും. അതിലും നല്ലത് പ്രേക്ഷകരെ അവരുടെ ഭാവനയ്ക്കു വിടുകയാണ്. അതുകൊണ്ട് സ്കോർ മാത്രം മതി എന്ന് തീരുമാനിക്കുകയായിരുന്നു. പാട്ടിനുവേണ്ടി ചെയ്ത സ്കോർ ആണ് ആ സീനുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

 

പ്രഗത്ഭർ ചെയ്ത പാട്ടുകൾ പുനസൃഷ്ടിക്കുമ്പോൾ 

 

പഴയ പാട്ടുകളുടെ റീക്രിയേഷനും റീമിക്സുമൊന്നും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. ഭയത്തോടെയാണ് ഞാൻ അതിനെയൊക്കെ സമീപിക്കുന്നത്. വലിയ ആചാര്യന്മാരൊക്കെ ചെയ്തുവച്ച പാട്ടുകൾ നമ്മൾ വീണ്ടും എടുത്ത് ചെയ്യുമ്പോൾ അവർ ചെയ്ത പാട്ടിന്റെ സുഖം വീണ്ടും കിട്ടിയില്ല എന്നുണ്ടെങ്കിൽ എന്തിനാണ് ഇതൊക്കെ ചെയ്യാൻ പോകുന്നത് എന്ന് ആളുകൾ ചോദിക്കില്ലേ. അങ്ങനെയൊരു ചോദ്യം ഉണ്ടാക്കണ്ട എന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ സുഹൃത്തുക്കൾ അഭ്യർഥിക്കുമ്പോൾ ചെയ്യാതിരിക്കാനും കഴിയില്ല. ചെയ്തു തുടങ്ങിയിട്ട് പിന്നെ നമ്മളെ പണി ഏൽപ്പിച്ചവർക്കു വിഷമമുണ്ടാകരുത്. മാത്രമല്ല പുതിയ തലമുറയ്ക്ക് പഴയ പാട്ടുകൾ അതേ രസത്തോടെ തന്നെ കൊടുക്കുകയും വേണം. പുതിയ സാങ്കേതിക വിദ്യ ഒക്കെ ഉപയോഗിച്ച് നവ്യമായ ഒരു സുഖം പഴയ പാട്ടുകൾക്കു കൊടുക്കാൻ കഴിയുകയാണെങ്കിൽ അത് ആ പാട്ടുകൾക്കും കലാകാരന്മാർക്കുമുള്ള ആദരവ് പോലെയാണ്. ആ രീതിയിലാണ് ഞാൻ നീല വെളിച്ചത്തിലെ പാട്ടുകളെ സമീപിച്ചത്. ആ പാട്ടിന് ഒരു ലെജൻഡറി വോയിസ് തന്നെ വേണമെന്നുള്ളതു കൊണ്ടാണ് ചിത്ര ചേച്ചിയെ കൊണ്ടു പാടിപ്പിച്ചത്. ചിത്രചേച്ചിയുടെ ശബ്ദത്തിൽ ആ പാട്ട് വരുമ്പോൾ ഒരു ആധികാരികത ഉണ്ടാകും. നിലവെളിച്ചം എന്ന സിനിമയിൽ അഞ്ചു പാട്ടുകൾ ഉണ്ട്. ഭാർഗവി നിലയത്തിലെ പാട്ടുകൾ പുനസൃഷ്ടിച്ചിട്ടുണ്ട്. ആസ്വാദകർ പാട്ടുകൾ എത്രമാത്രം സ്വീകരിക്കുമെന്ന് അറിയില്ല. അനുരാഗ മധുചക്ഷകത്തിന് നല്ല പ്രതികരണങ്ങളാണു കിട്ടുന്നത്. പുതിയ സംവിധായകരുട ചില ചിത്രങ്ങൾക്കുവേണ്ടി സംഗീതം ചെയ്യുന്നുണ്ട്. വടക്കൻ, പ്രാവ്, ഒരു തെലുങ്ക് സിനിമ അങ്ങനെ ഒരുപിടി ചിത്രങ്ങളുടെ പണിപ്പുരയിലാണ്.

 

തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയുണ്ടോ?

 

ഞാനെങ്ങനെ തിരിഞ്ഞു നോക്കാറില്ല എന്നതാണു സത്യം. മുന്നോട്ടു നോക്കി കിട്ടുന്നതൊക്കെ സ്വീകരിച്ച് അങ്ങനെ പോവുകയാണ്. നമ്മൾ ചെയ്യുന്ന വർക്കുകൾ നല്ലതാണ്, പാട്ടുകൾ എപ്പോഴും കേൾക്കാറുണ്ട് എന്ന് ആസ്വാദകർ പറയുമ്പോൾ സന്തോഷം തോന്നാറുണ്ട്.

 

English Summary: Interview with Bijibal on Thankam movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com