''എന്തിനാണ് 'ലേഡി സൂപ്പർ സ്റ്റാർ' എന്ന ലേബൽ? ചിലപ്പോൾ നിശബ്ദതയാണ് നല്ലത്''
Mail This Article
‘‘ഇതാ ആ നായികയെ നോക്കൂ എന്നു പറഞ്ഞു കാണിച്ചുകൊടുക്കാൻ തടിച്ച, ഇരുണ്ട നിറമുള്ള സ്ത്രീകളുണ്ടോ മലയാള സിനിമയിൽ..?’’ ചോദിക്കുകയാണ് സയനോര. ഇപ്പോൾ ആ ചോദ്യമുയരുന്നത് സയനോര എന്ന ഗായികയിൽനിന്നു മാത്രമല്ല, അഭിനേത്രിയിൽനിന്നു കൂടിയാണ്. ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും എത്തിയിരിക്കുന്നു അവർ. എന്നു കരുതി പാട്ടിന്റെ വഴി വിട്ടിട്ടില്ല. അതാണിന്നും സയനോരയുടെ ജീവൻ. ഏറ്റവും പുതിയ സിനിമയുടെ സംഗീത സംവിധായികയാകാനും ഒരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ, ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘ആഹാ’ എന്നീ സിനിമകൾക്കു ശേഷം ‘സംഗീത സംവിധാനം–സയനോര ഫിലിപ്’ എന്നു തിരശീലയിൽ വീണ്ടും കാണാമെന്ന് ഉറപ്പിച്ചു പറയുന്നു ഈ മുപ്പത്തിയൊൻപതുകാരി. നടിയായുള്ള വരവിനെപ്പറ്റി, പുതിയ പ്രോജക്ടുകളെപ്പറ്റി, കുടുംബത്തെപ്പറ്റി എല്ലാം മനസ്സു തുറക്കുകയാണ് സയനോര. ഒപ്പം സൈബർ ലോകത്തെ വിമർശനങ്ങളെപ്പറ്റിയും ബോഡി ഷെയ്മിങ്ങിനെപ്പറ്റിയും വസ്ത്രസ്വാതന്ത്ര്യത്തെപ്പറ്റിയും സിനിമയിലെ സ്ത്രീ ഇടങ്ങളെപ്പറ്റിയും പോസ്റ്റ്പാർട്ടം ഡിപ്രഷനെപ്പറ്റിയുമെല്ലാം അനുഭവത്തിന്റെ മൂശയിൽ വാർത്തെടുത്ത കൃത്യമായ അഭിപ്രായമുണ്ട് സയനോരയ്ക്ക്. ആ വാക്കുകളിലേക്ക്...