ADVERTISEMENT

‘പാടിയത് ജി.വേണുഗോപാലും സുജാതയും ചേർന്ന്...’ എന്ന് കേൾക്കാത്ത സംഗീത പ്രേമികൾ ഉണ്ടാവില്ല. ആർദ്രമായ രണ്ട് ശബ്ദങ്ങളിൽ പ്രണയവും നിലാവും പൂത്ത് പെയ്തിറങ്ങും പോലെ അവർ നമ്മുടെയുള്ളിൽ പാട്ടുകൾ നിറച്ചിട്ട് നാല് ദശാബ്ദങ്ങളിലേറേയായി. തന്റെ ഏറ്റവുമടുത്ത സുഹൃത്തിനെ, സഹോദരിയെ പിറന്നാൾ ദിനത്തിൽ ഓർക്കുകയാണ് ജി.വേണുഗോപാൽ.സുജാതയെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ മനോരമ ഓൺലൈനിനൊപ്പം. 

 

സുജാതയുടെ കുട്ടിക്കാലം ഓർമയുണ്ടോ? 

 

സുജാത എന്റെ വളരെയടുത്ത ബന്ധു കൂടിയാണ്. എന്റെ കുടുംബത്തിൽ നിന്ന് ആദ്യമായി പ്രശസ്തരാകുന്നത് എന്റെ വല്യമ്മമാരാണ്. പറവൂർ സിസ്റ്റേഴ്സ് എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. അവർക്കു പിന്നാലെ പാട്ടിന്റെ വഴിയിൽ നടന്നത് സുജാതയാണ്. കഷ്ടിച്ച് 8 വയസ്സ് പ്രായമുള്ളപ്പോഴോ മറ്റോ ആണ് സുജാത ആദ്യമായി പിന്നണി പാടുന്നത്. അന്ന് മുതൽ പ്രശസ്തയുമാണ്. ആ ഇഷ്ടത്തിന്റെ തുടർച്ച ഇന്നും ആളുകൾ കൈമാറുന്നതൊക്കെയാണ് ബേബി സുജാത എന്ന വിളിയിലൂടെ.

 

സുജാതയുടെ പാട്ടുകളെ മറ്റൊരു സംഗീതജ്ഞൻ എന്ന രീതിയിൽ നോക്കിക്കാണുന്നത്

 

സുജാത കടന്നു വരുന്നതിനു മുൻപ് ഒരു കാലത്ത്, ഒരുപക്ഷേ സിനിമാ സംഗീതത്തിന്റെ ആദ്യകാലത്തൊക്കെ തികച്ചും പരിശുദ്ധമായ ശബ്ദങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലതാ മങ്കേഷ്കറൊക്കെ അതിന് ഉദാഹരണമാണ്. പി.സുശീലയേയും അക്കൂട്ടത്തിൽ കൂട്ടാനാകും. പിന്നീട് പ്രണയാർദ്രമായ, ഹസ്കി എന്നൊക്കെ പറയാവുന്ന ശബ്ദത്തിന് ആരാധകർ ഉണ്ടായി. ആശ ഭോസ്‌ലെയൊക്കെ അതിന് ഉദാഹരണമാണ്. സുജാതയുടെ കാര്യം പറയുകയാണെങ്കിൽ കുസൃതി നിറഞ്ഞ ആലാപനവും ശബ്ദവുമൊക്കെ അവളുടെ മാത്രം പ്രത്യേകതയാണ്. പരിശുദ്ധമായ ശബ്ദത്തിൽ നിന്നുള്ള മികച്ച മാറ്റമാണത്. സുജാത പാടി ഹിറ്റ് ആക്കിയതൊന്നും ക്ലാസ്സിക്‌ ഗാനങ്ങൾ ആയിരുന്നില്ല. ദ് ഗേൾ നെക്സ്റ്റ് ഡോർ എന്നൊക്കെ വിളിക്കാവുന്ന ശബ്ദം. എ.ആർ.റഹ്മാനും വിദ്യാസാഗറും ആയിരിക്കും സുജാതയിലെ ഈ പുതുമയുള്ള ശബ്ദത്തെ കണ്ടെത്തിയതും ഏറ്റവുമധികം ഉപയോഗിച്ചതും.

 

ഒന്നിച്ച് പാടിയപ്പോഴുണ്ടായ മറക്കാനാവാത്ത അനുഭവം?

 

ഞങ്ങളൊരുമിച്ച് ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. ഒരുപാട് കാലത്തെ ഒരുപാട് പാട്ടുകൾ എന്നു പറയാം. പെട്ടന്ന് ഓർമ വരുന്ന രസകരമായ ഒരു സംഭവമുണ്ട്. ചരിത്രപരമായ സംഭവം എന്നൊക്കെ വേണമെങ്കിൽ പറയാം. 1991 സെപ്റ്റംബർ 28 നാണ് അത് നടക്കുന്നത്. അത് ഗാനമേളകളുടെ കാലമാണ്. ഞാനും സുജാതയും ഒന്നിച്ചു ഗാനമേളയ്ക്കു പാട്ടു പാടിക്കൊണ്ടിരിക്കുന്നു. അതിനിടയിൽ എനിക്ക് മകൻ പിറന്നു എന്നറിയിച്ച് സുജാതയുടെ ബന്ധുവിനു ഫോൺ കോൾ വന്നു. അന്ന് മൊബൈൽ ഇല്ലാത്ത കാലമാണ്. ആ വിവരം അറിഞ്ഞപ്പോൾ ഞങ്ങൾ ‘രാരി രാരീരം രാരോ’ പാടിയാണ് ആഘോഷിച്ചത്. ആ ദിവസവും ആ വേദിയും എനിക്കൊരിക്കലും മറക്കാനാകില്ല. 

 

കാലവും സിനിമയും ഇത്രയധികം മാറിയിട്ടും സുജാതയിലും അവരുടെ പാട്ടിലും മാറ്റമില്ലാതെ തുടരുന്നതെന്താണ്? 

 

സുജാതയുടെ ചിരി, എന്തിനെയും പോസിറ്റീവ് ആയി എടുത്തു കൊണ്ടുള്ള സംസാരം, ദ് ഗേൾ നെക്സ്റ്റ് ഡോർ ആയുള്ള പാട്ടുകൾ. എനിക്ക് സ്വന്തം അനുജത്തിയെപ്പോലെയാണ് സുജാത. വേണു ചേട്ടാ എന്നു വിളിക്കുന്ന ഒരാൾ. എന്നും അത് അങ്ങനെയായിരിക്കും.

 

മക്കളിലൂടെ നിങ്ങളുടെ സംഗീതം തുടരുകയല്ലേ? 

 

അതൊരു ദൈവാനുഗ്രഹം. ശ്വേത പാടുമ്പോൾ സുജാതയുടെ പാട്ടിന്റെ ഛായ വരും. അരവിന്ദിന്റെ പാട്ടിന് എവിടെയൊക്കെയോ എന്റെ പാട്ടുകളെ ഓർമിപ്പിക്കാൻ സാധിക്കുന്നു. അതൊക്കെ ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷമാണ്. അതിൽപരം ഭാഗ്യവും സന്തോഷവും വേറെയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com