ADVERTISEMENT

‘ഉയിരിൽ തൊടും’ പാടി മലയാളികളുടെ മനസ്സിൽ തൊട്ട ഗായികയാണ് ആൻ ആമി. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവഗായിക. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെയാണ് ആൻ പിന്നണി ഗാനരംഗത്തേക്കു കടന്നുവന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനു ശബ്ദം നൽകി ഡബ്ബിങ് മേഖലയിലും ഹരിശ്രീ കുറിച്ചു. ദുൽഖർ സൽമാന്റെ ‘സീതാരാമം’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ മൃണാൾ താക്കൂറിന് ശബ്ദം നൽകിയതും ആൻ ആമിയാണ്. ഇപ്പോൾ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയിൽ ആൻ ആമി പാടിയ ‘തിങ്കൾ പൂവേ’ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്.  പാട്ടു വിശേഷങ്ങൾ പങ്കിട്ട് ആൻ ആമി മനോരമ ഓൺലൈനിനൊപ്പം. 

 

കോവിഡിന് മുന്നേ വിരിഞ്ഞ തിങ്കൾ പൂവ് 

 

‘തിങ്കൾ പൂവേ’ പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. 2021 മാർച്ചിലാണ്‌ പാട്ടിന്റെ കാര്യം പറയാൻ അഖിൽ സത്യൻ എന്നെ വിളിച്ചത്. ആ സമയത്ത് ഞാൻ ചില ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. അതേ സമയത്തു തന്നെയാണ് ‘സീതാരാമ’ത്തിൽ ഡബ്ബ് ചെയ്യാൻ അവസരം കിട്ടിയതും. ഡബ്ബിങ് മികച്ച രീതിയിൽ പൂർത്തിയാക്കി. പക്ഷേ തിങ്കൾ പൂവിന്റെ റെക്കോർഡിങ് പിന്നെയും മാസങ്ങളോളും നീണ്ടു പോയി. ഒടുവിൽ അത് പാടി തീർത്തപ്പോൾ മനസ്സിനും ശരീരത്തിനും പുതുജീവൻ വച്ചതുപോലെയായിരുന്നു. 

 

സെപ്റ്റംബർ അഞ്ച് എന്നും സ്‌പെഷൽ 

 

ആൻ ആമി അഖിൽ സത്യനും ജെസ്റ്റിൽ പ്രഭാകറിനുമൊപ്പം
ആൻ ആമി അഖിൽ സത്യനും ജെസ്റ്റിൽ പ്രഭാകറിനുമൊപ്പം

തിങ്കൾ പൂവ് പാടിയത് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ്. ആ ദിവസം എനിക്കൊരുപാട് സ്പെഷലാണ്. ഞാൻ ആദ്യമായി പിന്നണി പാടിയ ‘ഏതു മേഘമാരി’ എന്ന ഗാനം റിലീസ് ചെയ്തത് 2016 സെപ്റ്റംബർ 5നായിരുന്നു. ആ പാട്ടിന്റെ മെയിൽ വേർഷൻ ഹിഷാം ആണ് പാടിയത്. അതാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ പാടിയ ‘തിങ്കൾ പൂവേ’ എന്ന ഗാനത്തിന്റെ മെയിൽ വേർഷനും ഹിഷാം തന്നെയാണ് പാടിയിരിക്കുന്നതെന്നത് കൗതുകകരമാണ്. വർഷങ്ങൾക്കു ശേഷം ഞങ്ങൾ രണ്ടും ഒരുപോലെ ഒരേ പാട്ട് പാടിയത് തികച്ചും യാദൃച്ഛികം തന്നെ. 

 

മറക്കാൻ പറ്റാത്ത അനുഭവം 

 

സ്പോട്ടിൽ തന്നെ വിഷ്വൽ കണ്ടു പാടുകയാണ് സാധാരണ ചെയ്യാറുള്ളത്. പക്ഷേ, ഈ പാട്ടിന്റെ വിഷ്വൽ 2021ൽ തന്നെ ഞാൻ കണ്ടതാണ്. അതുകൊണ്ട് ദൃശ്യങ്ങൾ ഉൾക്കൊണ്ട് പാടാൻ സാധിച്ചു. അത് തന്നെയാണ് ഫൈനൽ കട്ട് എന്ന് തിയറ്ററിൽ പോയി സിനിമ കണ്ടപ്പോഴാണു മനസ്സിലായത്. ഇതിൽ കുട്ടികൾ പാടിയ ഒരു കോറസ് ഹിന്ദി പാർട്ട് റെക്കോർഡിങ്ങിനു തൊട്ടു മുൻപാണ് കേട്ടത്. അത് കേട്ട് ഞാൻ കരഞ്ഞു പോയി. ആദ്യമായാണ് റെക്കോർഡിങ്ങിനു പോകുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നത്. ജസ്റ്റിൻ സാറിനോടൊപ്പം (സംഗീതസംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ) വർക്ക് ചെയ്തത് മറക്കാൻ കഴിയാത്ത അനുഭവം തന്നെയാണ്. പാടുന്നതിൽ പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയുള്ളതുകൊണ്ടുകൂടിയാണ് പാട്ട് മികച്ച രീതിയിൽ പാടി പൂർത്തീകരിക്കാനായത്. 

 

സിനിമ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി

 

ഈ പാട്ട് എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അത് തിയറ്ററിൽ കേൾക്കാൻ വേണ്ടി കാത്തിരുന്നു. ഞാൻ ഒറ്റയ്ക്കാണ് സിനിമ കാണാൻ പോയത്. തിയറ്ററിൽ എന്റെ പാട്ട് കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി. അടുത്ത ഷോയും കൂടെ കണ്ടതിനു ശേഷമാണ് അവിടെ നിന്നിറങ്ങിയത്. സിനിമയുടെ ക്രെഡിറ്റിൽ പേരെഴുതി കാണിക്കുന്നത് എന്നും എന്റെ മനസ്സിനെ കുളിർപ്പിക്കാറുണ്ട്. പാട്ടും സിനിമയും പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം. ‘തിങ്കൾ പൂവേ’ എപ്പോൾ കേട്ടാലും കണ്ണ് നിറഞ്ഞൊഴുകും. വല്ലാത്തൊരു ഫീൽ ആണ്. ഞാൻ പാടിയതിൽ വച്ച് ഏറ്റവും മനോഹരമായ പാട്ടാണ് ഇതെന്ന് പലരും പറഞ്ഞു.

 

പാച്ചുവും അദ്ഭുതവിളക്കും എന്റെ സ്വകാര്യ ദുഃഖവും സന്തോഷവുമാണ്

 

ഈ പാട്ട് കണ്ടപ്പോൾ ഞാൻ എന്റെ പപ്പയെ ഓർത്തു. എന്റെ പപ്പ മാതാപിതാക്കൾ ഇല്ലാതെയാണ് വളർന്നത്. പപ്പക്ക് ഒരു വയസ്സുള്ളപ്പോൾ പപ്പയുടെ അമ്മ മരിച്ചുപോയി. പിന്നെ അമ്മാമ്മയും ആന്റിമാരും ഒക്കെയാണ് പപ്പയെ വളർത്തിയത്. എന്റെ അമ്മയുടെ അപ്പച്ചൻ അമ്മക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചുപോയി. ഈ പാട്ട് ഞാൻ പാടിയത് എന്റെ പപ്പയ്ക്കും മമ്മിക്കും പിന്നെ അവരുടെ മാതാപിതാക്കൾക്കും വേണ്ടിയാണ്. ആദ്യമായാണ് ഒരു പാട്ട് ഇത്ര വൈകാരികമായി എന്നെ സ്വാധീനിക്കുന്നത്. സിനിമയിൽ കണ്ട അമ്മച്ചിയും ആ ചെറിയ കുട്ടിയും അവരുടെ സ്നേഹബന്ധവും മനസ്സിനെ വല്ലാതെ സ്പർശിച്ചു.   

 

പുതിയ പ്രോജക്ടുകൾ 

 

നടനും സംവിധായകനുമായ വിനീത് കുമാർ, ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. മമ്മൂട്ടി–ജ്യോതിക താരജോടികളുടെ ‘കാതൽ’ എന്ന സിനിമയിലും ഒരു പാട്ട് പാടി. ജിയോ ബേബി, മാത്യു  പുളിക്കൻ എന്നിവരുമായി രണ്ടാം തവണയാണ് ഒരുമിച്ച് പ്രവർത്തിക്കുന്നത്. ശ്രീധന്യ തിയറ്റേഴ്സ് ആയിരുന്നു അവരോടൊപ്പം ചെയ്ത ആദ്യ സിനിമ. ആയിരത്തൊന്നു നുണകൾ എന്ന ഐഎഫ്എഫ്കെയിൽ സ്ക്രീൻ ചെയ്ത സിനിമയിലും പാടിയിട്ടുണ്ട്. നേഹയും യാക്സ്നുമാണ് അതിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമാ ഗാനങ്ങൾക്കൊപ്പം തന്നെ എന്റെ ബാൻഡിന്റെ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോവുകയാണ്. സ്വതന്ത്ര സംഗീത ആൽബങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com