ADVERTISEMENT

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ എപ്പോഴും മുഴങ്ങുന്ന ഒരു പെൺസ്വരമുണ്ട്. വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒരു ആലാപനസൗന്ദര്യം. രഞ്ജിനി സുധീരൻ എന്ന ഗായികയുടെ ശബ്ദമാണത്. എം.ജയദേവന്റെ സംഗീതത്തിൽ രഞ്ജിനി പാടിയ ദേവീ സ്തുതിയാണ് ഭക്തരുടെ മനം കുളിർപ്പിച്ച് ദേവിയുടെ തിരുനടയിൽ എന്നുമെപ്പോഴും ഒഴുകി പരക്കുന്നത്. അവസരം കിട്ടിയപ്പോൾ പാടിയെന്നല്ലാതെ ആ ഗാനം ആറ്റുകാലിലെ നിത്യ ഗീതമാകുമെന്നു കരുതിയില്ലെന്ന് രഞ്ജിനി പറയുന്നു. 

 

സംഗീതരംഗത്തു സജീവമാണെങ്കിലും അത്രകണ്ട് പ്രശസ്തയല്ല രഞ്ജിനി സുധീരൻ. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ രഞ്ജിനി, ഇതിനകം 500ലെറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആർ.ശ്രീനിവാസൻ സംവിധാനം ചെയ്ത ‘സ്ത്രീ സ്ത്രീ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനശാഖയിലും ഹരിശ്രീ കുറിച്ചു. ആലാപനത്തിൽ മാത്രം ഒതുങ്ങുന്നതല്ല രഞ്ജിനിയുടെ സംഗീതജീവിതം. 60ലധികം പാട്ടുകൾക്ക് ഈണം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘മാടൻ’ എന്ന ചിത്രത്തിനു വേണ്ടി മൂന്ന് പാട്ടുകൾക്ക് ഈണമിട്ടു. രഞ്ജിനി ഈണം പകർന്ന നിരവധി ചിത്രങ്ങളാണ് റിലീസിനു തയ്യാറെടുക്കുന്നത്. പാട്ടുവിശേഷങ്ങൾ പങ്കിട്ട് രഞ്ജിനി സുധീരൻ മനോരമ ഓൺലൈനിനൊപ്പം. 

 

‘ആറ്റുകാലമ്മയുടെ തിരുനടയിൽ ദേവീ സ്തുതി മുഴങ്ങുമ്പോഴെല്ലാം എനിക്ക് അഭിമാനം തോന്നാറുണ്ട്. 22 വർഷം മുമ്പ് എം.ജയദേവൻ സർ സംഗീതം ചെയ്ത് ഞാൻ ആലപിച്ച ദേവീ സ്തുതിയാണ് എന്നും ദേവിയുടെ തിരുനടയിൽനിന്നുയരുന്നത്. അന്നും സംഗീതപഠനവും പാട്ടുമൊക്കെയായി സജീവമായിരുന്നു ഞാൻ. അന്ന് ദേവീ സ്തുതി പാടിയെന്നല്ലാതെ ഞാൻ ആലപിച്ച ഗീതമാണ് എന്നും ദേവിയുടെ തിരുനടയിൽ മുഴങ്ങിക്കേൾക്കുന്നതെന്ന കാര്യം ശ്രദ്ധിച്ചതേയില്ല. 

 

നെടുമങ്ങാട് ആനാട് ആണ് എന്റെ സ്വദേശം. പൊന്നു മിന്നു ഓഡിയോസിന്റെ 40 മിനിറ്റ് ദൈർഘ്യമുള്ള ആറ്റുകാൽ സുപ്രഭാതം ആലപിച്ചുകൊണ്ടാണ് ഗാനാലാപന രംഗത്തു തുടക്കം കുറിച്ചത്. അതിനു രണ്ട് വർഷങ്ങൾക്കു ശേഷമാണ് ‘ആറ്റുകാലമ്പല മന്ത്രം’ എന്ന ദേവീസ്തുതി പാടാൻ അവസരം ലഭിച്ചത്. 

 

അച്ഛൻ രവീന്ദ്രൻ നായർ ആണ് എന്നെ ലളിതസംഗീതം പഠിപ്പിച്ചു തുടങ്ങിയത്. പിന്നീട് എസ്എൻവിഎച്എസിലെ സംഗീത അധ്യാപിക ഓമനയമ്മ ടീച്ചറിന്റെ ശിക്ഷണത്തിൽ ലളിതഗാനങ്ങളും അമ്മയുടെ ശിക്ഷണത്തിൽ പദ്യം ചൊല്ലലും പഠിച്ച് സ്കൂൾ യുവജനോത്സവങ്ങളിൽ സംസ്ഥാനതലം വരെ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. ആനാട് ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകൻ ആയിരുന്ന ഹാഷിം സാറാണ് എന്നിലെ ഗായികയ്ക്ക് ആദ്യം പിന്തുണ നൽകിയത്. ആദ്യ ഗുരു ജയലക്ഷ്മി ശ്രീനിവാസൻ. സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ ശിക്ഷണത്തിലായിരുന്നു തുടർന്നുള്ള സംഗീതപഠനം. 

 

സിനിമയിൽ പാടാനും സംഗീതസംവിധാനം നിർവഹിക്കാനുമൊക്കെ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. സ്വതന്ത്ര സംഗീതസംവിധായികയായി വളരാൻ എനിക്കു സാധിച്ചു. കൃഷ്ണ പ്രിയദർശൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഒരു ശ്രീലങ്കൻ സുന്ദരി’ എന്ന അനൂപ് മേനോൻ ചിത്രം, അഖിലൻ ചക്രവർത്തി-ആർ.ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ‘ഒരു വാതിൽ കോട്ട’, ‘മിലൻ’ എന്നീ ചിത്രങ്ങൾക്കു വേണ്ടിയാണ് ഞാൻ ഏറ്റവുമൊടുവിൽ ഈണം പകർന്നത്. 

 

പാട്ടുജീവിതത്തിന് എല്ലാ പിന്തുണയും നൽകി കുടുംബം എനിക്കൊപ്പമുണ്ട്. ഭർത്താവ് സുധീരൻ വിദേശത്താണ്. മക്കളായ ഹർഷയും ഹർഷിതയും എന്റെ പാട്ടിനു കൂട്ടായി എപ്പോഴും കൂടെയുണ്ട്. ഇരുവരും വിദ്യാർഥിനികളാണ്’, രഞ്ജിനി സുധീരൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com