ADVERTISEMENT

മലയാള സിനിമയിൽ പുതിയൊരു പ്രണയഗാന തരംഗം സൃഷ്ടിക്കുകയാണ് ആർഡിഎക്‌സിലെ ‘നീല നിലവേ’. പ്രണയഗാനം എന്നു പറയുമ്പോൾ അത് മെലഡി ആയിരിക്കണം എന്ന മലയാളി പ്രേക്ഷക ധാരണയിൽ നിന്ന് ഡാൻസും അടിച്ചുപൊളിയുമായി ഇങ്ങനെയും പ്രണയം പറയാം എന്ന പുതിയ രീതിയാണ് സാം സി.എസ് എന്ന സംഗീതസംവിധായകൻ മലയാളിക്കു കാണിച്ചു കൊടുക്കുന്നത്. സാമിന്റെ പാട്ടും കപിൽ കപിലന്റെ ആലാപനവും യുവതാരങ്ങളുടെ നൃത്തവും പ്രണയവുമായി യുവാക്കളുടെ ഇഷ്ടഗാനമായി മാറുകയാണ് ‘നീല നിലവേ’. യൂട്യൂബിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ പാട്ട് റീൽസും സ്റ്റോറിയുമൊക്കെയായി സമൂഹമാധ്യമങ്ങളിലും നിറഞ്ഞുകഴിഞ്ഞു. തമിഴ്നാട്ടുകാരൻ ആണെങ്കിലും മലയാളം ഏറെ ഇഷ്ടപ്പെടുന്ന സാം, ജനിച്ചതും പഠിച്ചതുമൊക്കെ മൂന്നാറിലാണ്. ആർഡിഎക്‌സിലെ പാട്ടുവിശേഷവുമായി സാം സി.എസ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.  

 

ആർഡിഎക്സിലെ പാട്ടിലേക്കെത്തിയത് 

 

ആർഡിഎക്സ് എന്ന സിനിമയിലെ ഈ പാട്ട് ചെയ്യുമ്പോൾ തന്നെ അത് ഹിറ്റ് ആകും എന്ന് സിനിമയുടെ അണിയറപ്രവർത്തകരും കൂടെയുള്ളവരും പറഞ്ഞിരുന്നു. ഞാനും അത് ഹിറ്റ് ആകാൻ സാധ്യത ഉണ്ടെന്ന് വിചാരിക്കുകയും ചെയ്തു. പക്ഷേ ഇത്രയധികം ഹിറ്റ് ആകുമെന്നോ കോടിയിലധികം പ്രേക്ഷകരെ നേടാൻ കഴിയുമെന്നോ കരുതിയിരുന്നില്ല. സാധാരണ മലയാളത്തിൽ വരുന്ന ഒരു ഡാൻസ് നമ്പർ അല്ല ഇത്. ഇപ്പോഴുള്ള ട്രെൻഡ് അനുസരിച്ച് വളരെ നാച്ചുറൽ ആയ പ്രേമഗാനങ്ങളാണ് മലയാളത്തിൽ ഉള്ളത്. ഡാൻസ് ഒക്കെ വച്ച് തമിഴിലും തെലുങ്കിലും വിജയിക്കുമെങ്കിലും മലയാളത്തിൽ സാധ്യത കുറവാണ്. ഇങ്ങനെ ഒരു പാട്ട് മലയാളത്തിൽ ഹിറ്റ് ആകുമോ എന്ന് പേടിയുണ്ടായിരുന്നു. എന്നാൽ പ്രേക്ഷകർ വളരെ നല്ല രീതിയിൽ ഈ പാട്ട് സ്വീകരിക്കുന്നുണ്ട്, അംഗീകരിക്കുന്നുമുണ്ട്. പാട്ടിന്റെ റീച്ച് ഇത്രയധികം ആകുന്നതിൽ വളരെ വളരെ സന്തോഷം തോന്നുന്നു.  

 

റീലുകളിലും പ്രചരിക്കുകയല്ലേ പാട്ട്? 

 

യൂട്യൂബിൽ ആളുകൾ കാണുന്നതു മാത്രം നോക്കിയല്ല പാട്ട് ഹിറ്റ് ആണെന്നു പറയുന്നത്. പ്രേക്ഷകർ പാട്ട് ഏറ്റെടുക്കുമ്പോഴേ അത് യഥാർഥത്തിൽ ഹിറ്റാകൂ. നിരവധി പേരാണ് ഈ പാട്ട് വച്ച് റീൽ വിഡിയോകൾ ചെയ്യുന്നത്. അത്രത്തോളം ഈ പാട്ടിനെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. അതൊക്കെ വലിയ ആത്മവിശ്വാസം തരുന്നുണ്ട്. നമ്മൾ ചെയ്യുന്ന പാട്ടുകൾ ആളുകളെ സന്തോഷിപ്പിച്ച് കടന്നുപോകണം. അല്ലാതെ വെറുതെ കേട്ടിട്ട് കളയരുത്, ആ പാട്ട് അവരെക്കൂടി വൈകാരികമായി തൊടണം. അങ്ങനെയാണ് ഞാൻ കരുതുന്നത്. അടുത്തതായി ചെയ്യാൻ പോകുന്ന പാട്ടുകളും അങ്ങനെയുള്ളതാണ്. റീൽസ് ഒക്കെ വൈറൽ ആകുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.

 

പാട്ടിലെ സ്വരമായ കപിലനെക്കുറിച്ച്? 

 

തമിഴിൽ കുറെ പാട്ടുകൾ പാടിയിട്ടുള്ള ഗായകനാണ് കപിൽ കപിലൻ. ഇപ്പോൾ മലയാളത്തിലും പാടുന്നുണ്ട്. ഞാൻ ചെയ്യുന്ന പാട്ടുകളിലൊക്കെ കപിലൻ സ്വരമാകാറുണ്ട്. കപിലിനെ എനിക്ക് കമ്പോസറുടെ ഗായകൻ എന്ന് പറയാനാണ് താല്പര്യം. ഒരു കമ്പോസർ ഈണമൊരുക്കുമ്പോൾ, ഒരു പാട്ടിന്റെ ഫീൽ ഗായകനിലേക്ക് കൊടുക്കുമ്പോൾ അത് അൻപത് ശതമാനം കുറയാൻ സാധ്യതയുണ്ട്. മനസ്സിൽ വിചാരിച്ച ഫീൽ ആ ഗായകന് കിട്ടണമെന്നില്ല. എനിക്ക് എന്താണ് വേണ്ടതെന്ന് അവർക്ക് മനസ്സിലായെന്നു വരില്ല. എന്നാൽ മനസ്സിൽ വിചാരിക്കുന്നതു പറഞ്ഞുകൊടുത്താൽ ഒരു കമ്പോസർ ആയിത്തന്നെ കപിൽ ആ പാട്ട് ഉൾക്കൊള്ളും. പാട്ടിന്റെ ഫീൽ അതുപോലെ തന്നെ കപിലനു മനസ്സിലാകും. അങ്ങനെയുള്ള ഒരു പാട്ടാണ് ‘നീലനിലവേ’. പാട്ടിന്റെ ആത്മാവറിഞ്ഞാണ് കപിലൻ പാടുക. ചിത്രചേച്ചി, യേശുദാസ് സർ, എസ്പിബി സർ തുടങ്ങിയവർ ഒരു പാട്ടിനെ വെറും പാട്ടായിട്ടല്ല കണ്ടിട്ടുള്ളത്. ആ പാട്ടിന്റെ ആത്മാവ് അതുപോലെ ഉൾക്കൊള്ളുകയാണവർ. അതുപോലൊരു അനുഭവമാണ് എനിക്ക് കപിലിൽ നിന്ന് കിട്ടിയത്. ഇപ്പോൾ എന്റെ കുറെ പാട്ടുകൾ കപിൽ പാടുന്നുണ്ട്. 

 

നീലനിലവേ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്നു വിചാരിച്ചോ? 

 

നീലനിലവേ ഹിറ്റ് ആകുമെന്ന് കരുതിയിരുന്നെങ്കിലും ഇത്രത്തോളം ആളുകൾ ഏറ്റെടുക്കുമെന്നു വിചാരിച്ചില്ല. അങ്ങനെ പ്രതീക്ഷിക്കാനും സാധിക്കില്ല. കാരണം വലിയ ഹിറ്റ് ആകുമെന്നു കരുതിയ ചില പാട്ടുകൾ ഹിറ്റ് ആകാതെ പോയിട്ടുണ്ട്. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. ഈ പാട്ട് ആളുകൾ സ്വീകരിക്കും എന്ന വിശ്വാസമുണ്ടായിരുന്നു. 

 

തമിഴ് സംഗീതജ്ഞനാണ്. മലയാളത്തിലേക്കെത്തിയപ്പോഴുള്ള സ്വീകരണം എങ്ങനെയായിരുന്നു? 

 

ഞാൻ ജനിച്ചതും പഠിച്ചതുമൊക്കെ കേരളത്തിലെ മൂന്നാറിലാണ്. ആ സമയം മുതൽ വിദ്യാസാഗർ സാറിന്റെ മെലഡികൾ കേൾക്കുമ്പോൾ വലിയ ആരാധന ആയിരുന്നു. മലയാള സിനിമാ മേഖലയിൽ വെറുതെ എന്തെങ്കിലും ചെയ്തുകൊടുത്ത് ആളുകളെ പറ്റിക്കാൻ കഴിയില്ല. പാട്ട് നന്നായാൽ ആളുകൾ സ്വീകരിക്കും. അതുകൊണ്ടാണ് ഇളയരാജ സർ ഉൾപ്പടെയുള്ളവർ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടത്. മലയാളത്തിൽ നമ്മുടെ ഒരു പാട്ട് ഹിറ്റ് ആകുന്നത് വലിയ ഊർജമാണ് തരുന്നത്. ആളുകളുടെ മുന്നിൽ ഒരു ഐഡന്റിറ്റി കിട്ടുന്നത് വേറൊരു അനുഭവം തന്നെയാണ്. മലയാളത്തിൽ കൂടുതൽ പാട്ടുകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എന്റെ പാട്ടുകൾ സ്വീകരിച്ചതിന് മലയാള പ്രേക്ഷകരോട് ഞാൻ നന്ദിപറയുകയാണ്. 

 

മലയാള സിനിമാ സംഗീതരംഗത്തു നിന്ന് എത്രത്തോളം സംതൃപ്തി ലഭിക്കുന്നുണ്ട്? 

 

മലയാളം സംഗീത മേഖല ആർട്ടിസ്റ്റിനെ നോക്കാതെ കലയെ നോക്കി അംഗീകരിക്കുന്നവരാണ്. ആര് പാടുന്നു, അല്ലെങ്കിൽ ആര് പാട്ട് ചെയ്യുന്നു എന്നല്ല അവർ നോക്കുന്നത്. മറിച്ച് പാട്ട് നല്ലതാണോ എന്നാണ്. നമുക്ക് മനസ്സിൽ തോന്നുന്ന എന്ത് വർക്കും ചെയ്യാം. അത് നന്നായിട്ടുണ്ടെങ്കിൽ അവർ അത് അംഗീകരിക്കും.  വ്യത്യസ്തമായി പുതുതായി എന്തെങ്കിലും ചെയ്യാനുള്ള താല്പര്യം മലയാളികൾക്കുണ്ട്. ഇനി വരുന്ന ചിത്രങ്ങളിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനാണ് ആഗ്രഹം. 

 

ഇനിയും മലയാളത്തിൽ കൂടുതൽ പ്രോജക്ടുകളുണ്ടോ?

 

ബാന്ദ്ര, ഫീനിക്സ് എന്നിവയാണ് റിലീസിനൊരുങ്ങുന്നത്. മലയാളത്തിൽ നിന്ന് ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി എല്ലാ ഭാഷകളും ചെയ്യുന്നതുകൊണ്ട് വരുന്ന പ്രോജക്ടുകളെല്ലാം ഏറ്റെടുക്കാൻ കഴിയുന്നില്ല. സംഗീതപ്രാധാന്യം ഉള്ള ചിത്രങ്ങൾ ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ അതിനുള്ള ഒരുപാട് അവസരങ്ങൾ കിട്ടുന്നുണ്ട്. ഒരുപാട് സമയം എടുത്തു ചെയ്യേണ്ട സംഗീതമാണ് മലയാളത്തിൽ. എങ്കിൽ മാത്രമേ പ്രേക്ഷകരെയും സംവിധായകരെയും തൃപ്തിപ്പെടുത്താൻ കഴിയൂ. അതുകൊണ്ടാണ് മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ ഏറ്റെടുക്കാത്തത്. ആർഡിഎക്സിനു ശേഷം ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. നല്ല ചിത്രങ്ങളെല്ലാം സ്വീകരിക്കാനാണ് തീരുമാനം. കാരണം മലയാളത്തിൽ വർക്ക് ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ പാട്ടുകൾ സ്വീകരിച്ച എല്ലാവർക്കും നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com