‘പാട്ട് മോഷണം ഇതാദ്യമല്ല, വല്ലാത്ത ദുരവസ്ഥ തന്നെ’; കോപ്പിയടി വിവാദത്തിൽ പ്രതികരിച്ച് ജെയ്സണും സോമദാസനും
Mail This Article
പാട്ട് ഒരുക്കുന്നതാണോ പാട്ടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതാണോ ‘പാടുള്ള പണി?’ കേരളീയം 2023നു വേണ്ടി തയാറാക്കിയ ‘തുഞ്ചന്റെ കാകളികൾ ഒരു കിളിക്കൊഞ്ചലായ് തുള്ളിക്കളിക്കുന്ന നാട്’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഉടമസ്ഥത സംബന്ധിച്ചാണു പുതിയ വിവാദം. തിരുവനന്തപുരം ഗവ. സ്വാതി തിരുനാൾ സംഗീത കോളജിലെ എംഎ വിദ്യാർഥികൾ എഴുതി ചിട്ടപ്പെടുത്തിയതെന്ന പേരിൽ പുറത്തുവന്ന ഈ പാട്ടിന്റെ യഥാർഥ സംഗീതസംവിധായകൻ ജെയ്സൺ ജെ.നായർ തെളിവുകളുമായി എത്തിയതോടെ കേരളീയം ഫെയ്സ്ബുക് പേജിൽ നിന്നു പാട്ടു പിൻവലിച്ചു. കോട്ടയം സ്വദേശികളായ 2 പേരുടെ അധ്വാനഫലമാണ് ഈ പാട്ട്. എഴുതിയത് കാണക്കാരി സോമദാസൻ. സംഗീതസംവിധായകൻ ജെയ്സൺ ജെ.നായർ.
പാട്ടുകളും പിന്നിലെ അധ്വാനവും സംബന്ധിച്ച് ജെയ്സൺ ജെ.നായർ സംസാരിക്കുന്നു
മോഷണം ഇതാദ്യമല്ല
എന്റെ പാട്ടു മോഷ്ടിക്കുന്നത് ആദ്യമല്ല. ഞാൻ ചെയ്ത ‘വർഷ’ എന്ന ആൽബത്തിലെ പാട്ടുകളാണ് പ്രകൃതിയുമായും ടൂറിസവുമായും ബന്ധപ്പെട്ടുള്ള പല ദൃശ്യങ്ങൾക്കും പശ്ചാത്തലമായി പലരും ഉപയോഗിക്കുന്നത്. സ്കൂൾ കലോത്സവങ്ങൾക്കായി പലപ്പോഴായി ചെയ്ത പാട്ടുകൾ പല സ്കൂളുകളിലെയും കുട്ടികൾ ഉപയോഗിക്കാറുമുണ്ട്. കോപ്പി റൈറ്റ് ആക്ട്, എപിആർഎസ് റജിസ്ട്രേഷൻ എന്നീ കാര്യങ്ങൾകൂടി ശ്രദ്ധിക്കണം എന്നാണു പാട്ടുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരോടുള്ള എന്റെ നിർദേശം.
പാട്ടുപാടി രക്ഷപ്പെട്ടു
എവിടെപ്പോയാലും ഞാൻ പഠിപ്പിച്ചിട്ടുള്ളതോ എന്റെ പാട്ടുകൾ കേട്ടിട്ടുള്ളതോ ആയ ആരെങ്കിലും സഹായത്തിനെത്തിയ നല്ല ഓർമകൾ മാത്രമാണുള്ളത്. 1988ൽ സഹോദരിയുടെ വാഹനം വിൽക്കാൻ കണ്ണൂരിലേക്കു പോകുമ്പോൾ മാഹിയിൽ പൊലീസ് പിടിച്ചു. എന്റെ സുഹൃത്താണ് ജീപ്പ് ഓടിച്ചിരുന്നത്. അദ്ദേഹത്തിനു ലൈസൻസ് ഇല്ല. അവർ ഞങ്ങളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി ബാഗ് പരിശോധിച്ചു. എന്റെ ബാഗിൽനിന്നു കീർത്തനങ്ങൾ എഴുതിയ ഒരു ബുക്ക് കിട്ടി. താൻ പാടുമോ എന്നായി എസ്ഐയുടെ ചോദ്യം. ഒരു കീർത്തനം പാടാൻ പറഞ്ഞു. പൊലീസുകാരെല്ലാം ഇത് ആസ്വദിച്ചു. ഒടുവിൽ യാഥാർഥ്യം മനസ്സിലാക്കി സ്നേഹപൂർവം ഞങ്ങളെ യാത്രയാക്കി. പാട്ടും കൃഷിയും ഒരുപോലെയാണ്. കർഷകന്റെ അധ്വാനത്തെ മോഷ്ടിക്കാൻ ആവില്ല. സംഗീതജ്ഞന്റെ അധ്വാനത്തെയും മോഷ്ടിക്കാൻ കഴിയില്ല.
ഇതു വല്ലാത്ത ദുരവസ്ഥ: കാണക്കാരി സോമദാസൻ
ഒട്ടേറെ പാട്ടുകൾ എഴുതിയിട്ടുള്ള കാണക്കാരി സോമദാസൻ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി കുടുംബസമേതം വിദേശത്താണു താമസം. ഇതിനു മുൻപു നാട്ടിൽ സ്കൂൾ അധ്യാപകനായിരുന്നു. ഭക്തിഗാനങ്ങൾ ഉൾപ്പെടെയുള്ളവ ഇപ്പോഴും എഴുതുന്നുണ്ട്. വിവാദത്തെപ്പറ്റി അദ്ദേഹം പറയുന്നു:
‘‘പാട്ടുമോഷണം അറിഞ്ഞപ്പോൾ അമ്പരന്നു. കുട്ടികളുടെ അറിവില്ലായ്മയായി കരുതുന്നു. എന്നാൽ, ഇതിനു തുടർച്ചയായി അധ്യാപകരുടേതായി വന്ന ചില പ്രതികരണങ്ങൾ വേദനിപ്പിച്ചു. തെറ്റു മനസ്സിലാക്കിയപ്പോൾ അവകാശികളോടു സംസാരിച്ചു തിരുത്തിയെന്നാണു കോളജ് പ്രിൻസിപ്പൽ പറഞ്ഞത്. ഈ പറഞ്ഞ അവകാശികളിൽ ഞാനും ഉൾപ്പെടുമല്ലോ. എന്നെ ആരും വിളിച്ചിട്ടില്ല. ജെയ്സണിന്റെ രണ്ടു വരി ഉപയോഗിച്ചെന്നല്ലേയുള്ളൂ എന്നായിരുന്നു മറ്റൊരു പ്രതികരണം. എന്നാൽ എഴുതിയതു ഞാനാണെന്ന് അവർ ഇനിയും മനസ്സിലാക്കിയിട്ടില്ല. ഇതൊരു ദുരവസ്ഥയാണ്. കുട്ടികളോടു വാത്സല്യം കാണിക്കുന്നതിനൊപ്പം അവരിലെ തെറ്റു തിരുത്താൻ കൂടി അധ്യാപകർ ശ്രമിക്കണം’’.