സുരേഷേട്ടന്റെ വിന്റേജ് മാസ്, ഗരുഡനിലെ വെല്ലുവിളി: ജേക്സ് ബിജോയ് അഭിമുഖം
Mail This Article
കിങ് ഓഫ് കൊത്ത അഴിച്ചുവിട്ട 'കലാപക്കാരാ' ഉയർത്തിയ ഓളം അടങ്ങുന്നതിനു മുമ്പെ മറ്റൊരു സൂപ്പർഹിറ്റുമായി പ്രേക്ഷകർക്കു മുമ്പിലെത്തിയിരിക്കുകയാണ് ജേക്സ് ബിജോയ്. സുരേഷ് ഗോപി–ബിജു മേനോൻ കോംബോ വെള്ളിത്തിരയിൽ തീപ്പൊരി രംഗങ്ങൾ തീർത്തപ്പോൾ, ആ നിമിഷങ്ങൾ രോമാഞ്ചത്തോടെ പ്രേക്ഷകർ നെഞ്ചേറ്റിയത് ജേക്സിന്റെ മ്യൂസിക് മാജിക്കിലൂടെയാണ്. സിനിമയുടെ രസച്ചരടിൽ പ്രേക്ഷകരെ കുരുക്കിയിടുന്ന ജേക്സ് ബിജോയ് ഇന്ദ്രജാലം ഗരുഡനിലും ആവർത്തിക്കുന്നു. ഗരുഡന്റെ സ്റ്റൈലിഷ് ത്രില്ലിങ് സംഗീത പരിസരത്തെ പരിചയപ്പെടുത്തി ജേക്സ് ബിജോയ് മനോരമ ഓൺലൈനിൽ.
ക്ലീഷെ ആകരുതെന്ന നിർബന്ധം
ഓരോ സിനിമയ്ക്കും ഓരോ മുഖമാണ്. അതാണ് സംഗീതത്തിൽ പ്രതിഫലിക്കുന്നത്. ഈ വർഷം ചെയ്ത പോർ തൊഴിൽ വലിയ ഹിറ്റായ സിനിമയാണ്. അതിന്റെ സ്വഭാവം ഇതിനു വരരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സിന്ത് വേവ് എന്നൊരു പാറ്റേണാണ് ഗരുഡനിൽ പിടിച്ചിരിക്കുന്നത്. ഇംഗ്ലിഷ് വോക്കൽസ് ഉപയോഗിച്ചു. സുരേഷേട്ടന്റെ കഥാപാത്രത്തിന്റെ പ്രൗഢിയും കുലീനത്വവും അനുഭവിപ്പിക്കുന്നതിന് വിന്റേജ് ഇംഗ്ലിഷ് വോക്കൽസ് കേൾപ്പിക്കുന്നത് നല്ലതായിരിക്കുമെന്നു തോന്നി. അത് വർക്ക് ആയി. രണ്ടു കഥാപാത്രങ്ങളുടെ യാത്ര... അവരുടെ പിരുമുറുക്കം.. അതു പ്രതിഫലിക്കണം. എന്നാൽ ക്ലീഷെ ആകരുത്. പ്രേക്ഷകർക്ക് ഒരു ഉത്കണ്ഠ കൊടുത്തുകൊണ്ടിരിക്കണം. ജയിച്ചു എന്നു കരുതി നിൽക്കുന്നിടത്താണ് ഒരു വ്യക്തി തകർന്നു പോകുന്നത്. അതായിരുന്നു വെല്ലുവിളി.
ജനഗണമന നൽകിയ പാഠങ്ങൾ
ഒരു വർഷമായി ഈ പ്രൊജക്ട് പറഞ്ഞു വച്ചിട്ട്. ജനഗണമന ചെയ്യുന്ന സമയത്തേ സംസാരിച്ചു വച്ചിരുന്ന പ്രൊജക്ടായിരുന്നു ഗരുഡൻ. അടിപൊളിയൊരു സ്ക്രിപ്റ്റ് ഉണ്ടെന്നാണ് ലിസ്റ്റിൻ പറഞ്ഞത്. ആറു മാസം മുമ്പാണ് സ്ക്രിപ്റ്റ് വായിച്ചത്. ജനഗണമനയിലെ അനുഭവം ഗരുഡനിൽ സഹായിച്ചു. കാരണം, ജനഗണമന മുഴുവൻ ഒരു കോർട്ട് റൂം ഡ്രാമ ആയിരുന്നല്ലോ. ഡയലോഗുകൾക്കിടയിൽ എങ്ങനെ മ്യൂസിക് കേറണമെന്നത് ഞാൻ പഠിച്ചത് ജനഗണമനയിൽ നിന്നാണ്. സിനിമയുടെ ആദ്യപകുതിയിലെ കോടതിരംഗങ്ങൾ അത്യാവശ്യം ചലഞ്ചിങ് ആയിരുന്നു. ആ വാദപ്രതിവാദങ്ങൾ വിരസമാക്കാൻ പാടില്ല. ടെംപോ ഇങ്ങനെ കൂടിക്കൊണ്ടിരിക്കണം. സീൻ മുമ്പോട്ടു പോകുന്നതിനൊപ്പം അതിന്റെ തീവ്രതയും കൂടണം. നല്ലപോലെ സമയമെടുത്താണ് അതു ചെയ്തത്. അതുപോലെ ക്ലൈമാക്സ് ചെയ്യാനും സമയമെടുത്തു. കാണുന്നവർക്ക് ഒരു കോരിത്തരിപ്പും അഭിമാനവുമൊക്കെ തോന്നുന്ന തരത്തിലാണ് അതു ചെയ്തു വച്ചിരിക്കുന്നത്. സുരേഷേട്ടന്റെ വിന്റേജ് മാസ് പ്രേക്ഷകർക്കു കിട്ടണം. എന്തായാലും അക്കാര്യങ്ങളെല്ലാം പ്രേക്ഷകർക്ക് ഫീൽ ചെയ്തു എന്നതിൽ സന്തോഷമുണ്ട്.
ഡയലോഗിന് ഇംപാക്ട് കൊടുത്ത മ്യൂസിക്
ഗരുഡനിൽ ഡയലോഗുകളാണ് കൂടുതൽ. അതിനു പിന്നിൽ ഒരു സബ് ടെക്സ്റ്റ് പോലെയാണ് മ്യൂസിക് സ്കോർ പ്രവർത്തിക്കുന്നത്. ഒരിടത്തു പോലും മ്യൂസിക് ഇല്ലാതില്ല. സൈലൻസ് പോർഷൻസ് ഇല്ലെന്നു തന്നെ പറയാം. മിനിമൽ സൈലൻസ് മാത്രമാണ് സിനിമയിലുള്ളത്. കാരണം, അതുപോലെ ഓരോ സംഭവങ്ങൾ സിനിമയിൽ നടന്നു പോവുകയാണ്. അത്യാവശ്യം നന്നായി പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ഡയലോഗുകൾക്ക് പരമാവധി ഫീലിങ് കൊടുക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അതിനിടയിൽ ഭീകരമായി മ്യൂസിക് കുത്തിനിറയ്ക്കാറില്ല. ഡയലോഗിന്റെ ഒഴുക്കിനെ തടസപ്പെടുത്താതെ മ്യൂസിക് കംപോസ് ചെയ്യണമെന്നതാണ് എന്റെ വെല്ലുവിളി. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതും പഠിച്ചിട്ടുള്ളതും പഠിച്ചുകൊണ്ടിരിക്കുന്നതും അത്തരമൊരു പ്രോസസ് ആണ്. വെറുതെ മ്യൂസിക് ഇട്ടുകൊടുത്താൽ ഇംപാക്ട് ഉണ്ടാകില്ല. ഡയലോഗിനിടയിൽ അതൊരു ശല്യമായി തോന്നും.
ക്രാഫ്റ്റുള്ള സംവിധായകൻ
നല്ല എഴുത്തും നല്ല ആർടിസ്റ്റുമുണ്ടെങ്കിൽ പടം ഗംഭീരമാകുമെന്നാണ് എന്റെ അനുഭവം. ജിനേഷും മിഥുനും തിരക്കഥയിൽ നല്ലോണം വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ സംവിധായകൻ അരുണുമായിട്ടാണ് കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല മ്യൂസിക്കൽ സെൻസുണ്ട്. മേജർ രവി സാറിനൊപ്പം പ്രവർത്തിച്ച അനുഭവപരിചയമുള്ള വ്യക്തിയാണ് അരുൺ. കീർത്തിചക്ര മുതൽ അരുൺ അദ്ദേഹത്തിനൊപ്പമുണ്ട്. നല്ല ക്രാഫ്റ്റുള്ള സംവിധായകനാണ്. കാര്യങ്ങളെക്കുറിച്ച് ധാരണയുള്ള വ്യക്തിയാണ്. വളരെ പോസിറ്റീവാണ്. പടം ഹിറ്റായിട്ടും അദ്ദേഹത്തിന്റെ ക്യാരക്ടറിന് ഒരു തരിമ്പു പോലും മാറ്റമുണ്ടായിട്ടില്ല. വിജയം വരുമ്പോൾ ചില ആളുകളൊക്കെ മാറും. പക്ഷേ, അരുൺ അങ്ങനെയല്ല. അത് അരുണിന്റെ വലിയൊരു മേന്മയാണ്. ഇരുത്തം വന്ന സംവിധായകനാണ് അദ്ദേഹം.
വിജയം മാത്രമാണ് മാനദണ്ഡം
കരിയറിൽ വിജയങ്ങൾ മാത്രമല്ല, പരാജയങ്ങളും വന്നിട്ടുണ്ട്. 50–50 ലെവലിലാണ് വിജയങ്ങളും പരാജയങ്ങളും. പുറത്തു നിന്നു നോക്കുമ്പോൾ വിജയങ്ങളാകും കാണുക. ഒരേ ആത്മസമർപ്പണത്തോടും ഗൗരവത്തോടുമാണ് ഓരോ സിനിമകളും ചെയ്യുന്നത്. ഇൻഡസ്ട്രിയിൽ വിജയസിനിമയുടെ ഭാഗമാകുക എന്നത് ഒരു ടെക്നീഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണ്. ഇൻഡസ്ട്രിയിൽ വിജയം മാത്രമാണ് ഒരു മാനദണ്ഡം. നല്ല കഴിവു വേണം, നന്നായി ജോലി അറിയണം, പക്ഷേ, വിജയ സിനിമയുടെ ഭാഗം കൂടി ആകണം. അതു പ്രധാനമാണ്. പാട്ടുകളായാലും പശ്ചാത്തലസംഗീതമായാലും സിനിമയ്ക്കു ഗുണം ചെയ്യുകയും പ്രേക്ഷകർ ചർച്ച ചെയ്യുകയും വേണം. ഓരോ സിനിമയും ഓരോ പോരാട്ടമാണ്. പുതുതായി എന്തു ചെയ്യാമെന്നാണ് ഞാൻ ആലോചിക്കുക. എന്തെങ്കിലും ചെയ്യാമെന്നൊരു ഉഴപ്പൻ മട്ടിൽ സിനിമയിൽ നിലനിൽക്കാൻ പറ്റില്ല. നിഷ്കരുണം വിമർശിക്കുന്നവരാണ് ഇന്നത്തെ പ്രേക്ഷകർ. ഒരു സിനിമയും ലാഘവത്തോടെ എടുക്കാറില്ല. എല്ലാ സിനിമയും നൂറു ശതമാനം പ്രതിബദ്ധതയോടെയാണ് ചെയ്യുന്നത്. എന്റെ രീതി അങ്ങനെയാണ്.