ADVERTISEMENT

സിനിമയിൽ ഒരു പാട്ടു പാടാൻ അവസരം ലഭിക്കുക, ആ ഗാനം സൂപ്പർ ഹിറ്റാവുക– പാട്ടു പാടാൻ കഴിവുള്ള ഒരുപാടു പേർ ആഗ്രഹിക്കുന്ന കാര്യമാണിത്. അപ്രതീക്ഷിതമായി ഇതു രണ്ടും സംഭവിച്ചതിന്റെ ത്രില്ലിലാണ് കൊച്ചി സെന്റ് ആൽബർട്സ് കോളജിലെ പിജി വിദ്യാർഥിയായ നക്ഷത്ര സന്തോഷ്. റിലീസ് ആയതുമുതൽ ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുന്ന ബാന്ദ്രയിലെ ‘റക്കാ റക്കാ’ ഗാനം ശങ്കർ മഹാദേവനൊപ്പം ആലപിച്ചത് നക്ഷത്രയാണ്. 45 ലക്ഷത്തിലധികം പേർ യുട്യൂബിൽ മാത്രം ഈ പാട്ടു കണ്ടു കഴിഞ്ഞു. പുതിയ റെക്കോർഡുകളിലേക്ക് ‘റക്കാ റക്കാ’ കുതിക്കുമ്പോൾ, ഈ അപ്രതീക്ഷിത വിജയത്തിന്റെ സന്തോഷം പങ്കുവച്ച് നക്ഷത്ര സന്തോഷ് മനോരമ ഓൺലൈനിൽ. 

ഇൻസ്റ്റ വഴി വന്ന പാട്ട്

രണ്ടു വർഷത്തോളമായി പ്രഫഷനൽ മ്യൂസിക് ഫീൽഡിലുണ്ട്. ഇതിനു മുമ്പും മലയാളം സിനിമയ്ക്കു വേണ്ടി പാടിയിട്ടുണ്ടെങ്കിലും, അതൊന്നും റിലീസ് ആയില്ല. മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്ത പാട്ട് റക്കാ റക്കാ ആണ്. വെറും ഒരു മാസം മുമ്പാണ് ഈ പാട്ടു ഞാൻ പാടിയത്. ഇൻസ്റ്റഗ്രാം വഴിയാണ് സംഗീതസംവിധായകൻ സാം സർ (സാം സി.എസ്) എന്നെ കണക്ട് ചെയ്യുന്നത്. അദ്ദേഹം ഇൻസ്റ്റയിൽ എന്നെ ഫോളോ ചെയ്യുന്നുണ്ട്. എന്റെ ശബ്ദം ഇഷ്ടപ്പെട്ടിട്ട് അദ്ദേഹം നേരിൽ വിളിക്കുകയായിരുന്നു. ഫിനിക്സ് എന്ന സിനിമയ്ക്കു വേണ്ടി പാടാനാണ് വിളിച്ചത്. ആ പാട്ട് റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ ബാന്ദ്രയിലെ പാട്ടും കൂടി പാടിയാലോ എന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. അങ്ങനെയാണ് റക്കാ റക്കാ പാട്ട് പാടിയത്. 

nakshathra3
സാം സി.എസിനൊപ്പം നക്ഷത്ര സന്തോഷ് (Instagram/ Nakshathra Santosh)

ആർഡിഎക്സിന്റെ ടൈമിങ്

ആർഡിഎക്സിലെ പാട്ടുകൾ ഹിറ്റായപ്പോഴാണ് ഞാൻ സാം സാറിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യാൻ തുടങ്ങിയത്. അദ്ദേഹം മലയാളത്തിൽ സിനിമകൾ ചെയ്യാൻ തുടങ്ങിയോ എന്ന അദ്ഭുതമായിരുന്നു അപ്പോഴെനിക്ക്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന വലിയ സംഗീതസംവിധായകൻ ആണല്ലോ അദ്ദേഹം. അങ്ങനെ ഫോളോ ചെയ്തതായിരുന്നു അദ്ദേഹത്തെ. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം എന്നെ തിരിച്ചും ഫോളോ ചെയ്തു. അപ്രതീക്ഷിതമായിരുന്നു അത്. എന്റെ ശബ്ദം നല്ലതാണെന്നു പറഞ്ഞു ടെക്സ്റ്റ് ചെയ്തു. അടുത്ത ദിവസം തന്നെ സിനിമയിൽ വിളിച്ചു പാടിക്കുകയും ചെയ്തു. കൃത്യ സമയത്താണല്ലോ എനിക്ക് ഫോളോ ചെയ്യാൻ തോന്നിയതെന്നു ഞാനപ്പോൾ ആലോചിക്കുകയും ചെയ്തു.

വഴിത്തിരിവായ റീൽ

പ്ലസ് ടു പഠിക്കുന്ന സമയത്ത് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പക്ഷേ, എന്റെ ഫൈനൽ എക്സാം നടക്കുന്ന സമയമായിരുന്നു. അതുകൊണ്ട്, പങ്കെടുക്കാൻ പറ്റിയില്ല. പിന്നെ, റിയാലിറ്റി ഷോകളെപ്പറ്റി ചിന്തിച്ചില്ല. പിന്നീടാണ് ഗായിക ശ്രേയ ഘോഷാൽ എന്റെ ഒരു റീൽ ഷെയർ ചെയ്തത്. 99 സോങ്സ് എന്ന സിനിമയിലെ ഒരു പാട്ടായിരുന്നു അത്. ആ സിനിമയുടെ പ്രമോഷനു വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും പങ്കെടുത്തു. ആ മത്സരത്തിൽ വിജയിച്ചില്ലെങ്കിലും എന്റെ പാട്ട് ശ്രേയാ ഘോഷാൽ ഷെയർ ചെയ്തു. അങ്ങനെയാണ്, മലയാളത്തിലെ പലരും എന്നെ ശ്രദ്ധിക്കുന്നത്. 'ഹേ സിനാമിക'യിലെ തോഴി എന്ന പാട്ടിന്റെ കവറും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ ഓഡിയോ വച്ച് കുറെ റീലുകൾ വന്നു. അങ്ങനെയൊക്കെയാണ് പലരും എന്നെ ശ്രദ്ധിച്ചത്. 

തമന്ന കണക്‌ഷൻ

ഞാൻ പാടിയതിൽ ആദ്യം പുറത്തിറങ്ങിയ പാട്ട് തമന്ന അഭിനയിച്ച ബബ്ലി ബൗൺസറിലേതാണ്. ഇൻസ്റ്റഗ്രാമിലെ റീൽ കണ്ടാണ് എന്നെ ആ പാട്ടു പാടാൻ‌ വിളിക്കുന്നത്. ആ സിനിമയുടെ തമിഴ് പതിപ്പിൽ തമന്നയ്ക്കു വേണ്ടിയാണ് ഞാൻ പാടിയത്. ഇപ്പോൾ ഹിറ്റായ പാട്ടും തമന്നയ്ക്കു വേണ്ടി പാടിയതാണ്. അപ്രതീക്ഷിതമായി അങ്ങനെ സംഭവിച്ചതാണ്. അതുപോലെ മറ്റൊരു കൗതുകമുള്ള കണക്‌ഷനും ഞാനും തമന്നയും തമ്മിലുണ്ട്. തമന്നയുടെ മാതാപിതാക്കളുടെ പേരു തന്നെയാണ് എന്റെ മാതാപിതാക്കളുടേതും. സന്തോഷ്–രജനി! 

ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല

ആദ്യ ഗാനത്തിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ട്. സാം സാറിന്റെ സംഗീതത്തിൽ ഇത്രയും വലിയ ബാനറിൽ പാടാൻ പറ്റുന്നത് എന്നെപ്പോലെ ഒരു പുതിയ ഗായികയ്ക്കു ലഭിക്കുന്ന വലിയ ഭാഗ്യമാണ്. പാട്ട് ട്രെൻഡിങ് ആയപ്പോൾ ധാരാളം പേർ റീൽസ് ചെയ്യാൻ തുടങ്ങി. പലരും അതെല്ലാം എനിക്ക് അയച്ചു തരും. സ്റ്റേജിൽ നിൽക്കുന്നതും ആളുകൾ എന്റെ ഫോട്ടോ എടുക്കുന്നതും അഭിമുഖം എടുക്കുന്നതുമെല്ലാം പണ്ട് സ്വപ്നം കണ്ടിരുന്ന കാര്യങ്ങളാണ്. അതൊന്നും നടക്കില്ല എന്നു കരുതിയതായിരുന്നു. ഇതുപോലൊരു ഹിറ്റ് ഗാനം പാടാൻ കഴിയുമെന്നു പോലും ചിന്തിച്ചിട്ടില്ല. പക്ഷേ, അതെല്ലാം ജീവിതത്തിൽ സംഭവിച്ചു. ബാന്ദ്രയുടെ ഓഡിയോ ലോഞ്ചിനു പോയപ്പോൾ ദിലീപ്, തമന്ന തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമാണ് വേദി പങ്കിട്ടത്. ഇതെല്ലാം സ്വപ്നം കണ്ടിരുന്ന കാര്യങ്ങളാണ്. ജീവിതത്തിൽ ഇതൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. 

അവരാണ് പാട്ട് ആഘോഷിക്കുന്നത്

വയനാട്ടിലെ വൈത്തിരിയാണ് എന്റെ നാട്. ഇപ്പോൾ കൊച്ചി സെന്റ്.ആൽബർട്സ് കോളജിൽ സൂവോളജിയിൽ പി.ജി ചെയ്യുന്നു. അച്ഛൻ സന്തോഷ് എക്സൈസ് വകുപ്പ് ഉദ്യാഗസ്ഥനാണ്. അമ്മ രജനി ഹോംമേക്കർ. ഒരു അനുജനുണ്ട്. ഡിഗ്രി ചെയ്തത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു. പാട്ട് ഇറങ്ങിയതിനു ശേഷം ഞാനിതു വരെ നാട്ടിലേക്കു പോയിട്ടില്ല. കൂട്ടുകാരും വീട്ടുകാരും പരിചയക്കാരുമെല്ലാം സ്റ്റാറ്റസും റീലുമൊക്കെയായി റക്കാ റക്കാ ആഘോഷിക്കുകയാണ്. പഠന തിരക്കുകൾ ഉള്ളതുകൊണ്ടാണ് വീട്ടിലേക്ക് പോകാൻ വൈകുന്നത്. 

പാട്ടിനു വേണ്ടി കൊച്ചിയിലേക്ക്

അച്ഛൻ പാടും. അമ്മയ്ക്ക് പാട്ട് വളരെ ഇഷ്ടമാണ്. പാട്ടിന്റെ സൗകര്യത്തിനു വേണ്ടിയാണ് പഠനം കൊച്ചിയിലേക്കു മാറ്റിയത്. ഡിഗ്രി ചെയ്യുന്ന സമയത്ത് റെക്കോർഡിങ്ങിനു വിളിക്കുമ്പോൾ, എനിക്ക് പോകണമെങ്കിൽ അമ്മ നാട്ടിൽ നിന്നു വന്നു കൊണ്ടു പോകേണ്ട അവസ്ഥ ആയിരുന്നു. അതുകൊണ്ടാണ് പിജി കൊച്ചിയിൽ ചെയ്യാമെന്നു തീരുമാനിച്ചത്. ഇപ്പോൾ എളുപ്പമാണ്. ഒറ്റയ്ക്ക് റെക്കോർഡിങ്ങിനു പോയി വരാം. കൊച്ചിയിൽ വന്നതിനു ശേഷം കൂടുതൽ പാട്ടുകൾ പാടാൻ അവസരം കിട്ടി. വയനാട്ടിൽ അത്ര നല്ല സ്റ്റുഡിയോകൾ ഇല്ല. കൊച്ചി ഒരു ഫിലിം ഹബ് ആണല്ലോ. എല്ലാവരും ഇവിടെയാണ്. മുമ്പ് റെക്കോർഡിങ്ങിനു പോകുമ്പോൾ എല്ലാവരും പറയും, കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ. വയനാട്ടിൽ ആയതുകൊണ്ട് ചില പാട്ടുകൾ എനിക്ക് മിസ് ആയിട്ടുണ്ട്. പെട്ടെന്നു വിളിച്ചു വരാൻ പറയുമ്പോൾ ഓടിയെത്തണമെങ്കിൽ കൊച്ചിയാണ് നല്ലത്. അങ്ങനെയാണ് പഠനം കൊച്ചിയിലേക്കു മാറ്റിയത്. 

എന്റെ ഇഷ്ടങ്ങളാണ് എന്റെ സ്വപ്നങ്ങൾ

ആദ്യമായി പിന്നണി പാടുന്നത് ‘കൂൺ’ എന്ന സിനിമയ്ക്കു വേണ്ടിയാണ്. 2021ലായിരുന്നു അത്. ആ സിനിമ ഇതു വരെ പുറത്തിറങ്ങിയിട്ടില്ല. പിന്നെ, ‘മലയാളം’ എന്ന ചിത്രത്തിനു വേണ്ടി അഫ്സൽ യൂസഫ് സാറിന്റെ ഈണത്തിൽ പാടി. ആ സിനിമ ഉടനെ റിലീസ് ചെയ്യും. ബബ്ലി ബൗൺസർ എന്ന സിനിമയ്ക്കു വേണ്ടിയാണ് പിന്നീടു പാടിയത്. വേറെയും ചില ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട്. ഭക്തിഗാനങ്ങളും പാടി. സിനിമ ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ പറ്റുമോ എന്നൊന്നും ചിന്തിച്ചിട്ടില്ല. എല്ലാവർക്കും ഉള്ളതുപോലെ ആഗ്രഹം തീർച്ചയായും ഉണ്ട്. മ്യൂസിക് ഒരു പ്രഫഷൻ ആക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. വീട്ടുകാർ അതിനെ പിന്തുണച്ചു. പാട്ടു പാടാൻ എനിക്ക് ഇഷ്ടമാണ്. അതു ഞാൻ ചെയ്യുന്നു. പ്രത്യേകിച്ചും റെക്കോർഡിങ്ങിനു പാടാൻ പ്രത്യേക ഇഷ്ടമാണ്. ഞാൻ പാടിയ പാട്ട് മറ്റുള്ളവർ ആസ്വദിക്കുന്നതും അഭിപ്രായം പറയുന്നതുമെല്ലാം സന്തോഷമാണ്. എനിക്കു സന്തോഷം തരുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അതു മറ്റുള്ളവർക്കു കൂടി ഇഷ്ടമാകുമ്പോൾ ഇരട്ടി സന്തോഷം. 

English Summary:

Interview with singer Nakshathra Santosh on Bandra movie song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com