ADVERTISEMENT

കെജിഎഫ് എന്ന ഹിറ്റിനു ശേഷം പ്രശാന്ത് നീല്‍-ഹൊംബാലെ ഫിലിംസ് ഒരുമിക്കുന്ന സലാറിനു വേണ്ടി പാട്ട് പാടാൻ സാധിച്ച സന്തോഷത്തിലാണ് ഗായിക ഇന്ദുലേഖ വാരിയർ. പ്രഭാസും പൃഥ്വിരാജു പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ ‘സൂര്യാംഗം ചിറക് തുന്നി, സ്‌നേഹാര്‍ദ്രം മിഴികള്‍ ചിമ്മി’ എന്നു തുടങ്ങുന്ന പാട്ടാണ് ഇന്ദുലേഖ ആലപിച്ചത്. പാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.   രവി ബസ്രൂർ ഈണം നൽകിയ പാട്ടിന്റെ മലയാളം വരികൾ എഴുതിയത് രാജീവ് ഗോവിന്ദൻ ആണ്. അദ്ദേഹമാണ് ഇന്ദുലേഖയെ പാട്ട് പാടാൻ ക്ഷണിച്ചത്. ഇപ്പോൾ പാട്ട് ഹിറ്റായതിൽ അതിയായ സന്തോഷത്തിലാണ് ഇന്ദുലേഖ. പുത്തൻ പാട്ടുവിശേഷങ്ങൾ ഇന്ദുലേഖ വാരിയർ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

പ്രചോദിപ്പിച്ചത് ഭർത്താവ്

‘സലാർ നിരവധി ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട്. അതിൽ മലയാളം പതിപ്പിനു വേണ്ടിയാണ് ഞാൻ ഗാനം ആലപിച്ചത്. പാട്ടിനു വരികൾ കുറിച്ച രാജീവ് ഗോവിന്ദന്‍ അങ്കിളിനെ എനിക്ക് പരിചയമുണ്ട്. അദ്ദേഹമാണ് പാട്ടിനുവേണ്ടി എന്നെ ക്ഷണിച്ചത്. സലാർ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു വരുന്നതാണല്ലോ. അപ്പോൾ നല്ല അക്ഷരസ്ഫുടതയുള്ള ആൾ വേണം ഈ പാട്ട് പാടാൻ എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ട്രാക്ക് പാടാൻ വേണ്ടിയാണ് അദ്ദേഹം എന്നെ വിളിച്ചത്. എത്രയും പെട്ടെന്ന് രവി ബസ്രൂറിന്റെ സ്റ്റുഡിയോയിൽ എത്തണമെന്നായിരുന്നു ഫോണിൽ അദ്ദേഹം പറഞ്ഞത്. എന്റെ ഭർത്താവ് ആനന്ദ് ഒരു കെജിഎഫ് ആരാധകനാണ്. അദ്ദേഹം പറഞ്ഞു, ട്രാക്ക് ആണെന്ന് കരുതി നീ പാടാതിരിക്കരുത്. കെജിഎഫിനുശേഷം പ്രശാന്ത് നീല്‍-ഹൊംബാലെ ഫിലിംസ് ഒരുമിക്കുന്ന സിനിമ ആണ്. തീർച്ചയായും നീ പാടാൻ പോകണമെന്ന്. അങ്ങനെ അടുത്ത ഫ്ലൈറ്റിന് ടിക്കറ്റ് എടുത്ത് ഞാനും ആനന്ദും കുഞ്ഞും കൂടെ പോയി. 

ട്രാക്ക് മാറി ഒർജിനലിലേക്ക്

രണ്ടുമൂന്ന് പാട്ടുകൾക്കു ട്രാക്ക് പാടി. സംഗതിയൊന്നും ഇടേണ്ട. എല്ലാവര്‍ക്കും ഏറ്റുപാടാൻ തോന്നുന്ന പ്ലെയിൻ പാട്ടായിരിക്കണമെന്ന് രവി സർ പറഞ്ഞു. ട്രാക്ക് പാടിയ പാട്ട് മാറി ഒറിജിനൽ ആകുമെന്ന് ഞാൻ കരുതിയില്ല. ട്രാക്ക് കേട്ടിഷ്ടപ്പെട്ട സംവിധായകനും സംഗീതസംവിധായകനും അതുതന്നെ സിനിമയിലും ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്റ്റുഡിയോയിൽ തന്നെയാണ് വരികൾ എഴുതലും കമ്പോസിങ്ങും എല്ലാം. സ്റ്റുഡിയോയിൽ നിന്നു വളരെ അടുത്താണ് മൂകാംബിക ക്ഷേത്രം. അവിടെ പോയി തൊഴാനും സാധിച്ചു. എല്ലാം കൊണ്ടും വളരെ അനുഗ്രഹീതമായ ഒരു യാത്രയായിരുന്നു അത്.

പ്രതികരണങ്ങളിൽ സന്തോഷം

പാട്ട് യൂട്യൂബിൽ റിലീസ് ആയതിനു ശേഷം വളരെ നല്ല പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ടു തന്നെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചു. മലയാളം പതിപ്പ് മാത്രമാണ് ട്രെൻഡിങ് ആയത്. മറ്റുഭാഷകളിൽ നിന്നുപോലും ഒരുപാട് പേർ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. പ്രഭാസിന്റെ ആരാധകർ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കുന്നു. മലയാളം പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു എന്നാണു പറയുന്നത്. 

ടെൻഷനില്ലാതെ പാടി

ഈ പാട്ടിന്റെ റെക്കോർഡിങ് സെഷൻ വളരെ കംഫർട്ടബിൾ ആയിരുന്നു. രാജീവ് അങ്കിളിനെ നേരിട്ട് അറിയാം. പിന്നെ രവി സർ വളരെ എളിമയോടെ പെരുമാറുന്ന ആളാണ്. റെക്കോർഡിങ് എൻജിനീയറും വളരെ നല്ല ആളായിരുന്നു. പാടാൻ ഒട്ടും ടെൻഷൻ തോന്നിയില്ല. അനാർക്കലി, ഓർഡിനറി എന്നീ സിനിമകളുടെ പ്രൊഡ്യൂസർ കം ലിറിസിസ്റ്റ് ആണ് രാജീവ് ഗോവിന്ദൻ. പുറത്തിറങ്ങാനിരിക്കുന്ന കാളിയൻ എന്ന സിനിമ അദ്ദേഹമാണ് നിർമിക്കുന്നത്.  അതിലെ പാട്ടുകൾക്കു വരികൾ എഴുതുന്നതും അദ്ദേഹമാണ്. ഏകദേശം 35 സിനിമകൾക്കു വേണ്ടി അദ്ദേഹം പാട്ടുകളെഴുതിയിട്ടുണ്ട്. അസ്ത്ര എന്ന സിനിമയിൽ ഞാൻ പാടിയിട്ടുണ്ട്. മോഹൻസിതാര സർ ആണ് അതിന്റെ സംഗീതസംവിധാനം. നാൻസി റാണി എന്ന സിനിമയിലും പാടി. 

rajeev-govindan
രാജീവ് ഗോവിന്ദന്‍ Image Credit: Facebook/Rajeev Govindan

സലാറിന്റെ പാട്ടെഴുത്തുകാരൻ രാജീവ് ഗോവിന്ദൻ പാട്ടുവിശേഷം പങ്കുവച്ചത് ഇങ്ങനെ:

സലാർ എന്ന സിനിമയുടെ മലയാളം ഡബ്ബ് വേർഷനു വേണ്ടിയാണ് ഞാൻ പാട്ടുകൾ എഴുതിയത്. ആറോളം പാട്ടുകൾ എഴുതി. അതിൽ നാലെണ്ണമേ സിനിമയിൽ ഉണ്ടാകൂ എന്നു പറഞ്ഞു. രവി ബസ്രൂർ ആണ് ഞാൻ നിർമിക്കുന്ന കാളിയൻ എന്ന സിനിമയ്ക്കുവേണ്ടി സംഗീതം ചെയ്തത്. കാളിയനു വേണ്ടി പാട്ടെഴുതിയതും ഞാനാണ്. അന്നുമുതൽ ഞങ്ങൾ തമ്മിൽ നല്ല സ്നേഹബന്ധമുണ്ട്. അദ്ദേഹം സംഗീതം പകർന്ന കബ്സ എന്ന ചിത്രത്തിലെ മലയാളം പാട്ടുകൾ ഞാനാണ് എഴുതിയത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പാട്ടുകൾ എല്ലാവർക്കും ഇഷ്ടമായിരുന്നു. അദ്ദേഹമാണ് എന്നോട് സലാറിന്റെ മലയാളം പാട്ടുകൾ എഴുതണമെന്നു പറഞ്ഞത്.   

ഡബ്ബിങ് സിനിമകള്‍ക്കായി പാട്ടെഴുതാൻ എനിക്ക് വലിയ താല്പര്യമില്ല. അത്തരം പാട്ടുകൾ ചെയ്യുമ്പോൾ മലയാളത്തിന്റെ ഒരു ഫീൽ പാട്ടിനു കിട്ടണം, മലയാളം ഒറിജിനൽ പാട്ടുപോലെ തോന്നണമെന്നു ഞാൻ രവിയോടു പറഞ്ഞു. അദ്ദേഹം ആ സ്വാതന്ത്ര്യം എനിക്കു തന്നു. ഈ പാട്ടു പാടുമ്പോൾ അതിന് അക്ഷര സ്പുടത വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇതേ സിനിമയിലെ വേറൊരു പാട്ട് ഞാൻ കേരളത്തിൽ നിന്ന് ഒരു കുട്ടിയെ കൊണ്ടുപോയാണ് പാടിച്ചത്. ആ കുട്ടി തന്നെ മലയാളം തമിഴ്, കന്നഡ, പാട്ടുകളും പാടി. ഈ പാട്ടിനു ട്രാക്ക് പാടാൻ ഒരാൾ വേണമെന്നു പറഞ്ഞപ്പോൾ എനിക്ക് ഇന്ദുലേഖയെ വിളിക്കാമെന്നു തോന്നി. ഇന്ദുവിനോട് ഞാൻ പറഞ്ഞു, ‘ട്രാക്ക് ആണ് അധികം പ്രതീക്ഷയൊന്നും വേണ്ട എന്നാലും വന്നു പാടൂ, വേഗം തന്നെ വരണം’ എന്ന്. പാവം ഇന്ദു കുഞ്ഞു കുട്ടിയേയും എടുത്ത് പെട്ടെന്ന് തന്നെ അവിടെ എത്തി. വളരെ ബുദ്ധിമുട്ടി ആണ് അവർ വന്നത്. ഇന്ദുവിന് നല്ല അക്ഷരസ്പുടതയാണ്. ഞാൻ എല്ലാ പാട്ടുകളും ഇന്ദുവിനെക്കൊണ്ട് ട്രാക്ക് പാടിച്ച ശേഷം തിരിച്ചയച്ചു. ‘സൂര്യാംഗം ചിറക് തുന്നി, സ്‌നേഹാര്‍ദ്രം മിഴികള്‍ ചിമ്മി’ എന്നു തുടങ്ങുന്ന പാട്ട് ട്രാക്ക് ആണ് പാടിയതെങ്കിലും കുറച്ചു ദിവസം കഴിഞ്ഞ് രവി വിളിച്ചു ചോദിച്ചു ഇന്ദു പാടിയത് തന്നെ നമുക്ക് ഒറിജിനൽ ആക്കിയാലോ എന്ന്. എനിക്കും വലിയ സന്തോഷമായി. ബാക്കി ഭാഷകളിലും ട്രാക്ക് പാടിയതു തന്നെയാണ് സിനിമയിലും ഉപയോഗിച്ചത്. രാത്രി 12 മണിക്കായിരുന്നു ആ പാട്ടിന്റെ റെക്കോര്‍ഡിങ്. ഇന്ദു ആ പാട്ട് വളരെ നന്നായി പാടി’. 

English Summary:

Indulekha Warrier opens up about Salaar song Suryangam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com