സിനിമാ ഗാനരംഗത്തുള്ളത് മികച്ച കവികൾ, പാട്ടെഴുത്ത് ചെറിയ കാര്യമല്ല; അവരെ ആദരിക്കണം: മുരുകൻ കാട്ടാക്കട അഭിമുഖം
Mail This Article
കവികളും പാട്ടെഴുത്തുകാരും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടോ? സാങ്കൽപിക കഥകളിലെ, കാലേക്കൂട്ടി തീരുമാനിച്ച നിമിഷങ്ങൾക്കുവേണ്ടി, തയാറാക്കിയ സംഗീതത്തിന് അനുസരിച്ച വരികൾ എഴുതുന്നത് എളുപ്പമേയല്ലല്ലോ. പ്രണയഭാവങ്ങളെ പല തരത്തിൽ അവതരിപ്പിച്ചു കണ്ടും കേട്ടും വളർന്ന മനുഷ്യരോട് 'കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചും ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ..' എന്ന് പിന്നെയും പ്രണയത്തെ അവതരിപ്പിക്കാൻ കവിത്വം ഇല്ലാതെ സാധിക്കില്ലല്ലോ. 'ഒരു കാറ്റു മെയ് തലോടുമ്പോൾ അറിയാതെ പാട്ടു മൂളി' എന്നും 'കരൾക്കൂട്ടിൽ നിനവിന്റെ കുയിൽ മുട്ട അട പൊട്ടി വിരിയുമോ പാട്ടുകാരീ?' എന്നുമെല്ലാം ഈണത്തിൽ എഴുതിയ മുരുകൻ കാട്ടാക്കട മനോരമ ഓൺലൈനിന്റെ 'വരിയോരത്തിൽ' മനസ്സു തുറക്കുന്നു.
കവിയും പാട്ടെഴുത്തുകാരനും
ഏറ്റവും ഉദാത്തമായ ഒരു ധർമം പാട്ടെഴുതുക എന്നതാണ്. അത്ര ചെറിയ ആളുകൾക്കൊന്നും പാട്ടെഴുതി വിജയിക്കാൻ കഴിയില്ല. ഇപ്പോഴും നമ്മുടെ സിനിമാ ഗാനരംഗത്തു നിൽക്കുന്ന പുതിയ ആളുകളെല്ലാം നല്ല കപ്പാസിറ്റിയുള്ള കവികളാണ്. ഒരു സാഹചര്യം പറഞ്ഞു തരുന്നു. ആ സാഹചര്യത്തിനു പറ്റുന്ന കാര്യങ്ങള്‍ പറഞ്ഞു തരുന്നു. ഒരു ഭൂമിശാസ്ത്രം പറഞ്ഞു തരുന്നു. ഒരു വൈകാരികത പറഞ്ഞു തരുന്നു. അതിന്റെ കൂടെ ഒരു ട്യൂണും പറഞ്ഞു തരുന്നു. ആ ഭൂമിശാസ്ത്രത്തിനും വൈകാരികതകൾക്കും ആ സാഹചര്യങ്ങൾക്കും അനുസരിച്ച് ഈ തന്നിരിക്കുന്ന ഈണത്തിന് അനുസരിച്ച് ആ വികാരത്തെ പ്രകടിപ്പിക്കുന്ന വിധത്തിൽ എഴുതുന്നത് ചെറിയ കാര്യമൊന്നുമല്ല. അതുകൊണ്ട് ഞാൻ പാട്ടെഴുത്തിനെയും വലിയ ഗംഭീരകാര്യമായിട്ടാണ് കാണുന്നത്. രണ്ടും തമ്മിൽ പക്ഷേ വ്യത്യാസം ഉണ്ട്. കവിത എഴുതുന്ന ആളിന്റെ മാത്രമാണ്. പക്ഷേ പാട്ട് കൂട്ടായ്മയുടേതാണ്. ആ ഒരു പാട്ട് നമ്മുടെ ഹൃദയത്തിൽ കേറുമ്പോൾ അതിനകത്ത് ആരൊക്കെയോ ഉണ്ട്. കവിത അങ്ങനെയല്ല. അവരവരുടെ സ്വം ആണ്. കവിയുടെ തന്നെ മാത്രം ക്രിയേറ്റിവിറ്റിയെ ആശ്രയിച്ചാണ് കവിത എഴുതുന്നത്. രണ്ടും ഗംഭീര സർഗശേഷിയുള്ളവർക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്.
‘പറയാൻ മറന്നത്’
സിനിമയിൽ ഒരുപാടൊന്നും എഴുതിയിട്ടില്ല. സിനിമയിൽ ആദ്യം വരുന്നത് എന്റെ ഒരു കവിതയാണ്. ‘പറയാൻ മറന്നത്’ എന്നൊരു ചെറിയ സിനിമയ്ക്കുവേണ്ടി ‘പറയുവാനാവാത്തൊരായിരം കദനങ്ങൾ ഹൃദയത്തിൽ മുട്ടി വിളിച്ചിടുമ്പോൾ....’ ഞാൻ ചൊല്ലിക്കൊണ്ടാണ് സിനിമയിൽ ആദ്യമായി കടന്നു വന്നത്. സ്വതന്ത്രമായി സിനിമയ്ക്കു വേണ്ടി എഴുതുന്നത്. ‘ഒരുനാൾ വരും’ എന്ന സിനിമയ്ക്കു വേണ്ടി ‘മാവിൻ ചോട്ടിലെ മണമുള്ള മധുരമായി മനതാരിൽ കുളിരുന്നെൻ ബാല്യം.’ എന്ന പാട്ടാണ്. എം. ജി. ശ്രീകുമാറേട്ടൻ ആദ്യമായി സ്വതന്ത്രസംഗീത സംവിധായകനാകുന്ന പാട്ടാണിത്. അതിൽ കുറേ നല്ല പാട്ടുകളുണ്ട്. ‘പാടാൻ നിനക്കൊരു പാട്ട് തന്നെങ്കിലും പാടാത്തതെന്തു നീ സന്ധ്യേ’എന്നിങ്ങനെ.
നല്ല പാട്ടെഴുത്തുകാരെ ആദരിക്കണം
പിന്നെ രതിനിർവേദത്തിൽ ‘കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചും ' എന്ന പാട്ട് ഒരുപാടുപേർ ഇഷ്ടമായി എന്നു പറഞ്ഞതാണ്. നമ്മളൊക്കെ ഒളിച്ചു കളിച്ചിട്ടുള്ളതു കൊണ്ടാണ് അങ്ങനെ എഴുതാൻ സാധിക്കുന്നത്. ഇപ്പോൾ അനുഭവങ്ങൾ ഇല്ലല്ലോ. അത് നഷ്ടപ്പെടുമ്പോൾ ഭാഷ നഷ്ടപ്പെടും. പുതിയ മക്കൾക്ക് അനുഭവം കിട്ടിയില്ലെങ്കിൽ അവരെങ്ങനെ എഴുതും ഇങ്ങനെ. നാട്ടു വഴിയിൽ കാറ്റു മൂളണ പാട്ട് അവരു കേട്ടിട്ടില്ല. നല്ല കദളിക്കൂമ്പിനുള്ളിലെ തേൻ കുടിച്ചിട്ടില്ല. പിന്നെ എങ്ങനെ എഴുതും. എം. ജയചന്ദ്രൻ നല്ല ഒന്നാന്തരം ഒരു ട്യൂൺ തരുകയും എനിക്കതിൽ എഴുതാൻ അവസരം കിട്ടുകയും ചെയ്തതുകൊണ്ടാണ് ആ പാട്ടുണ്ടാകുന്നത്. സന്ദർഭങ്ങൾ തരുന്ന എഴുത്തുകാരനും മനോഹരമായ ഈണം തരുന്ന ആളുകളുമെല്ലാം കൂടിചേരുമ്പോഴാണ് നല്ല പാട്ടുകൾ ഉണ്ടാകുന്നത്. അതേ പടത്തിൽ തന്നെ ‘ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണി പൊയ്കയിൽ കണ്ടു ഞാൻ നിന്നെ ചെന്താമരേ’ അതും ട്യൂണ്‍ തന്ന് ഞാൻ എഴുതിയ പാട്ടാണ്. ഇപ്പോൾ എല്ലാ എഴുത്തുകാരും ഇങ്ങനെയാണ് എഴുതുന്നത്. അവരെയൊക്കെ നമ്മൾ ആദരിക്കണം. അവർ അതിനകത്ത് അതിഗംഭീരമായ വരികൾ ചേർത്ത് അത് നമ്മുടെയെല്ലാം ഹൃദയത്തിൽ വരുന്നുണ്ടെങ്കിൽ അത് വലിയ കലയാണ്.
കണ്ണോരം ചിങ്കാരം
'കണ്ണോരം ചിങ്കാരം ഈ കാറ്റിലാടും ഈറ മൂളവേ' എന്നൊരു പാട്ട് ഞാൻ എഴുതിയിട്ടുണ്ട്. രതിനിർവേദം എന്ന സിനിമയ്ക്കു വേണ്ടിയാണ് എഴുതിയത്. ശ്രേയ ഘോഷാല്‍ എന്ന അനുഗ്രഹീത പാട്ടുകാരിയാണ് പാടിയത്. ശ്രേയ ഘോഷാലിനു ആ വർഷത്തെ ഏറ്റവും നല്ല ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത പാട്ടാണത്. അതേ സിനിമയിലെ 'ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ' എന്ന പാട്ടിന് സുദീപിനും ഏറ്റവും നല്ല ഗായകനുള്ള സംസ്ഥാന അവാർഡ് കിട്ടി. പറഞ്ഞു തന്ന സിറ്റുവേഷനനുസരിച്ച് പ്രത്യേക മൂഡിലുള്ള പാട്ടായതുകൊണ്ടാണ് കണ്ണോരവും ചിങ്കാരവും പോലെയുള്ള വാക്കുകൾ എഴുതിയത്. വലിയ അർഥം ഒന്നുമില്ലെങ്കിലും ചില കൽപനകളിലേക്ക് കേൾക്കുമ്പോൾ നമ്മളെ നയിക്കണമെന്ന തോന്നലിനു വേണ്ടിയാണ് ഇത്തരം വാക്കുകൾ എഴുതുന്നത്.
വിളിപ്പുറത്തുള്ള കവി
എന്റെ നമ്പർ ഫേസ്ബുക്കിൽ ഉണ്ട്. ഇടയ്ക്ക് അത് ബാധ്യതയാണ്. ഒറ്റ നമ്പറേ ഉള്ളൂ. ഒരുപാട് പേര് പല കാര്യങ്ങൾക്കു വേണ്ടി വിളിക്കും. കവിത കേട്ടിട്ട് സന്തോഷം പങ്കുവയ്ക്കാനാണ് കൂടുതൽ പേരും വിളിക്കുന്നത്. അവരുടെ ദുഃഖത്തിൽ, ഒറ്റപ്പെടലിൽ, ഏകാന്തതയിൽ അല്ലെങ്കിൽ അവരുടെ സന്തോഷത്തിൽ എപ്പോഴോ ഒരു പ്രാവശ്യം എന്റെ ഒരു വാക്കോ വരിയോ അവർക്കു തുണയാകുമ്പോൾ അവരു പെട്ടെന്നു വിളിക്കും.