ADVERTISEMENT

കെ.ജി.ജയൻ അപൂർവമായേ സിനിമയിൽ സംഗീതം ചെയ്തിട്ടുള്ളൂ. എങ്കിലും ചെയ്ത പാട്ടുകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. അതിലൊന്നാണ് നിറകുടത്തിലെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ എന്ന പാട്ട്. ഒരിക്കലെങ്കിലും നക്ഷത്രദീപങ്ങൾ മൂളാത്ത മലയാളികളില്ല. ജയവിജയ സഹോദരന്മാർ ആ പാട്ടിന്റെ സംഗീത സംവിധായകരായതിനു പിന്നിൽ ഒരു കഥയുണ്ട്. കെ.ജി.ജയന്റെ അടുത്ത സുഹൃത്തും ഇരുനൂറിലേറെ ഭക്തിഗാനങ്ങളിൽ അദ്ദേഹത്തിനു വേണ്ടി വരികളെഴുതിയ ഗാനരചയിതാവുമായ സന്തോഷ് വർമ ആ കഥ പങ്കുവയ്ക്കുന്നു. 

ആ ഹിറ്റ് പിറന്നിതങ്ങനെ

‘‘1977ൽ പുറത്തിറങ്ങിയ നിറകുടം സിനിമയിൽ ബിച്ചു തിരുമലയായിരുന്നു ഗാനരചയിതാവ്. ബിച്ചു തിരുമല ഡയറിയിൽ വെറുതെ കുറിച്ചിട്ടിരുന്നതായിരുന്നു നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന കവിത. ഒരിക്കൽ ജയവിജയന്മാരും ബിച്ചു തിരുമലയും ഒന്നിച്ചുള്ളപ്പോൾ ആ ഡയറി മുറിയിൽ വച്ച് ബിച്ചു തിരുമല പുറത്തുപോയി. ജയവിജയന്മാർ ഡയറിയിലെ പാട്ടുകൾ വായിക്കാനായി തുറന്നുനോക്കുമ്പോൾ ഈ കവിത ശ്രദ്ധിച്ചു. അതിലെ ‘ചെമ്പട താളത്തിൽ ശങ്കരാഭരണത്തിൽ ചെമ്പൈ വായ്പ്പാട്ട് പാടി’ എന്നൊരു വരിയുണ്ട്. അതിൽ ജയവിജയന്മാരുടെ കണ്ണുടക്കി. തങ്ങളുടെ ഗുരുനാഥനെക്കുറിച്ചാണല്ലോ. ആ കൗതുകത്തിൽ ബിച്ചു തിരുമല തിരിച്ചെത്തുംമുമ്പു തന്നെ സംഗീതം ചെയ്ത് അദ്ദേഹമെത്തുമ്പോൾ പാടിക്കേൾപ്പിച്ചു. അങ്ങനെയാണ് നിറകുടം സിനിമയിൽ ഈ പാട്ടെത്തുന്നത്.

യാത്രകളിൽ പരുവപ്പെട്ട ആത്മബന്ധം

2005 ലാണ് ഞാനും അദ്ദേഹവുമായുളള ബന്ധം ആരംഭിക്കുന്നത്. ഈസ്റ്റ്കോസ്റ്റ് വിജയനാണ് അതിന് കാരണക്കാരൻ. ഈസ്റ്റ്കോസ്റ്റിന്റെ ‘ദേവീഗീതങ്ങൾ’ എന്ന ഭക്തിഗാന ആൽബത്തിന് വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്തു തുടങ്ങുന്നത്. ഞങ്ങളൊരുമിച്ചായിരുന്നു റെക്കോർഡിങ്ങിനു തിരുവനന്തപുരത്തു പോയിരുന്നത്. ആ യാത്രകളിലൂടെ ഞങ്ങൾ തമ്മിൽ ആത്മബന്ധം രൂപപ്പെട്ടു. ദേവീഗീതങ്ങൾക്ക് ശേഷമാണ് ‘തിരുവാഭരണം’ എന്ന പേരിലുള്ള ആൽബത്തിനുവേണ്ടി പുതിയ പാട്ടുകൾ ചെയ്യാൻ തീരുമാനിക്കുന്നത്. അതുവരെ എച്ച്എംവി ഗ്രാമഫോണിനുൾപ്പെടെ ജയൻ മാഷ് ഒരുക്കിയ പാട്ടുകൾ ഉപയോഗിക്കുകയായിരുന്നു. പിന്നീട് കോപ്പിറൈറ്റ് പ്രശ്നം വന്നതോടെയാണ് പുതിയ പാട്ടുകളെഴുതി സംഗീതം നൽകാമെന്നു തീരുമാനിക്കുന്നത്. അങ്ങനെ തിരുവാഭരണം ആൽബത്തിന്റെ മൂന്നു മുതൽ 14–ാമത്തെ വോള്യം വരെ ഞങ്ങൾ ഒന്നിച്ചുനിന്നു. എന്റെ വരികൾ. ജയൻ മാഷിന്റെ സംഗീതം. ജയനായും വിജയനായും ഡബിൾ ട്രാക്കിൽ മാഷ് പാടി. അദ്ദേഹത്തിന്റെ മിക്ക പാട്ടുകൾക്കും ട്രാക്ക് പാടിയിരുന്നത് ഞാനായിരുന്നു.

selfie-of-santhosh-varma-and-kg-jayan
കെ.ജി.ജയനൊപ്പം സന്തോഷ് വർമ (ഫോട്ടോ: ഫെയ്സ്ബുക്)

സഫലമാകാതെ പോയ മോഹം

ജയൻ മാഷിന്റെ നിർബന്ധപ്രകാരം തിരുവാഭരണത്തിന്റെ രണ്ടു വോള്യങ്ങൾക്ക് ഓർക്കസ്ട്രേഷൻ ചെയ്യാനുള്ള ഭാഗ്യം കൂടി എനിക്കു ലഭിച്ചിട്ടുണ്ട്. എം.എസ്.വിശ്വനാഥൻ അവസാന സമയത്ത് പാടിയ ‘അയ്യപ്പൻ വാഴുന്ന പൂങ്കാവനം’ എന്ന പാട്ട് ഞങ്ങളുടെ കൂട്ടുകെട്ടിലേതായിരുന്നു. എസ്.പി ബാലസുബ്രഹ്മണ്യത്തെക്കൊണ്ടും പാടിച്ചു. പതിനെട്ടു പടികൾ എന്ന സങ്കൽപത്തിൽ തിരുവാഭരണം പതിനെട്ടു വോള്യം വരെ കൊണ്ടുപോകണമെന്നത് ജയൻ മാഷിന്റെ വലിയ ആഗ്രഹമായിരുന്നു. നിർഭാഗ്യവശാൽ ആ മോഹം പൂർത്തിയാക്കാനായില്ല. അപ്പോഴേക്കും സിഡി ബിസിനസ് വലിയ പ്രതിസന്ധിയിലാകുകയും പാട്ടുകൾ അവതരിപ്പിക്കാൻ വേദികളില്ലാതാകുകയും ചെയ്തതോടെ 14–ാം വോള്യത്തിൽ തിരുവാഭരണം അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ഞങ്ങൾ ചെയ്ത പാട്ടുകളുടെ കവർ വേർഷൻ പുതിയ കുട്ടികളെക്കൊണ്ട് പാടിക്കുകയൊക്കെ ചെയ്തിട്ടുണ്ട്.

പ്രായം മറന്നുള്ള സൗഹൃദം

എന്റെ ഇരുനൂറിലധികം രചനകൾക്കാണ് അദ്ദേഹം സംഗീതം പകർന്നത്. അതിൽ 140 പാട്ടുകൾ അദ്ദേഹം തന്നെ സംഗീതം നൽകി പാടിയെന്നൊരു റെക്കോർഡും ഞങ്ങളുടെ കൂട്ടുകെട്ടിനുണ്ട്. എസ്. രമേശൻ നായർക്കുശേഷം ഒരുപക്ഷേ ഞാനായിരിക്കാം അദ്ദേഹത്തിനായി കൂടുതൽ പാട്ടുകളെഴുതിയത്. എനിക്കൊപ്പം യാത്ര ചെയ്യുന്നത് വലിയ സന്തോഷമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തേക്കാൾ 40 വയസ്സ് കുറവായിട്ടും പ്രായം മറന്നുള്ള സൗഹൃദമായിരുന്നു എന്നോടുണ്ടായിരുന്നത്. തോളോടുതോൾ നിൽക്കുന്ന കൂട്ടുകാരെപ്പോലെയായിരുന്നു.

ഒറ്റ ദിവസം പത്തു പാട്ടുകൾ

കുട്ടിക്കാലത്ത് ജയവിജയന്മാരുടെ അയ്യപ്പ ഭക്തിഗാനങ്ങൾ കേട്ടാണ് ഇവരെക്കുറിച്ച് ആദ്യമറിയുന്നത്. കാലങ്ങൾക്കു ശേഷം ഞങ്ങളൊന്നിച്ചു പാട്ടുകൾ ചെയ്തു. വളരെ അനായാസമാണ് ജയൻ മാഷിന്റെ കംപോസിങ്. ഒരു പാട്ടു കിട്ടിക്കഴിഞ്ഞാൽ രണ്ടുവട്ടം വായിച്ചുകഴിഞ്ഞ് ഒറ്റത്തവണ പാടി ഓകെ ആക്കും. അതുപോലെതന്നെ പത്തുമിനിറ്റൊക്കെ കൊണ്ട് ഒരു പാട്ട് സംഗീതം ചെയ്യും. ഒറ്റ ദിവസം കൊണ്ട് പത്ത് പാട്ടുകളൊക്കെ കംപോസ് ചെയ്യും. അത്രയും വലിയ പ്രതിഭയായിരുന്നു അദ്ദേഹം. എന്നോടും അഭിപ്രായം ചോദിക്കും. ഏത് രാഗത്തിൽ വേണമെന്നൊക്കെ! ജയവിജയന്മാരുടെ ചെറുപ്പത്തിലെ മദ്രാസ് കഥകളെല്ലാം എന്നോടു പങ്കുവച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നതുകൊണ്ടുതന്നെ ആകാശവാണിക്കുവേണ്ടി ജയൻ മാഷിന്റെ നല്ലൊരു അഭിമുഖം ചെയ്യാൻ എനിക്കായിട്ടുണ്ട്. അതെനിക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com