ADVERTISEMENT

ഒരു സിനിമയുടെ പോലും പിൻബലമില്ലാതെ ഹിറ്റടിച്ച പാട്ടാണ് 'കരിങ്കാളിയല്ലേ'! സംഗീതപ്രേമികൾ ആവേശമാക്കിയ പാട്ടിന്റെ ആവേശം സിനിമയിലേക്കു പടർന്നപ്പോൾ പാട്ടു മാത്രമല്ല, പാട്ടിന്റെ പിന്നണിയിൽ നിന്നവരും ആഘോഷിക്കപ്പെടുകയാണ്. തൃശൂർ ഇരിങ്ങാലക്കുടയിലെ അയങ്കാവ് മൈതാനിയിൽ, പണി കഴിഞ്ഞ് ഒത്തുകൂടി പാട്ടും വർത്തമാനവുമായി വെടിവട്ടം തീർക്കുന്ന ഷൈജു അവറാനും കണ്ണൻ മംഗലത്തും നേരമ്പോക്കിനുണ്ടാക്കിയ പാട്ടിന് ഇപ്പോൾ മലയാളികൾ മാത്രമല്ല ലോകമെമ്പാടും ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളിൽ തുടങ്ങി ആവേശം സിനിമയിലൂടെ കുതിപ്പു തുടരുന്ന പാട്ടിന്റെ വിശേഷങ്ങളുമായി കരിങ്കാളിയുടെ സംഗീതസംവിധായകൻ ഷൈജു അവറാൻ മനോരമ ഓൺലൈനിനൊപ്പം.

സൗഹൃദക്കൂട്ടത്തിൽ പിറന്ന കരിങ്കാളി

ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനമായ അയ്യങ്കാവ് മൈതാനത്തിലാണ് ഞങ്ങൾ പതിവായി കൂടാറുള്ളത്. എല്ലാ ദിവസവും പണി കഴിഞ്ഞ് ഞങ്ങൾ അവിടെ വരും. വർത്തമാനം പറയും. പാട്ടു പാടും. അങ്ങനെയുള്ള കൂടിച്ചേരലുകൾക്കിടയിൽ ഞാനിട്ട ഒരു ഈണത്തിന് കണ്ണൻ മംഗലത്ത് എഴുതിയ വരികളാണ് ഇപ്പോൾ ഹിറ്റായ കരിങ്കാളിയല്ലേ. ആദ്യം പല്ലവി മാത്രമേ ഞങ്ങൾ ചെയ്തിരുന്നുള്ളൂ. അതു ഞങ്ങളുടെ സൗഹൃദക്കൂട്ടത്തിൽ പലപ്പോഴും പാടും. ഒരു ചിന്തുപാട്ട് എന്ന രീതിയിലാണ് ഞങ്ങൾ അതു ഡിസൈൻ ചെയ്തത്. ചില ചിന്തുപാട്ടു സംഘങ്ങൾ ഈ പാട്ട് അവരുടേതായ വരികളും ചേർത്തു പാടിയിരുന്നു. ശബരിമല സീസണിലാണ് ഈ ചിന്തുപാട്ടു പരിപാടികൾ സംഘടിപ്പിക്കുക. അതിലൊക്കെ പലപ്പോഴും ഈ പാട്ടും പാടിയിട്ടുണ്ട്. രണ്ടു വർഷം മുൻപാണ് ബ്ലാക്ക്ബ്രോ എന്ന വിഡിയോ ചാനലിനു വേണ്ടി ഞങ്ങളുടെ സുഹൃത്തായ ജൈനീഷ് മണപ്പുള്ളി ഈ പാട്ടിന്റെ വിഡിയോ ചെയ്യാെന്നു പറയുകയും ഇപ്പോൾ യുട്യൂബിൽ കാണുന്ന വിഡിയോ പിറവിയെടുക്കുകയും ചെയ്തത്.  

shaiju4
ഷൈജു അവറാന്‍

പിന്നണിക്കാരെ തേടിയെത്തിയ വിളികൾ

ആവേശം സിനിമയിൽ 'കരിങ്കാളി' എത്തിയപ്പോൾ ആ പാട്ടിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ കൂടുതലായി. പാട്ട് നേരത്തേ ഹിറ്റാണെങ്കിലും അതിന്റെ പിന്നണിയിലാരാണ് പ്രവർത്തിച്ചതെന്ന തരത്തിലുള്ള അന്വേഷണങ്ങൾ ഇതിനു മുൻപ് ഇത്രയും സംഭവിച്ചിട്ടില്ല. സിനിമ എന്ന വലിയ മാധ്യമത്തിൽ പാട്ട് എത്തിപ്പെട്ടപ്പോൾ അന്വേഷണങ്ങൾ ഒരുപാടു വന്നു. അതിനേക്കാളുപരി ഞങ്ങളെത്തേടി ഒരുപാടു പരിപാടികൾ വന്നു. മുൻപു കൂടുതലും വിളിച്ചിരുന്നത് ആദരിക്കലിനു വേണ്ടിയായിരുന്നു. പക്ഷേ, ഇപ്പോൾ സ്റ്റേജ് പരിപാടികൾക്കായി ആളുകൾ വിളിക്കുന്നുണ്ട്. ആ പാട്ടിന്റെ ഭാഗമായ എല്ലാവർക്കും ഈ വിളികൾ വരുന്നുണ്ട്. വരികളെഴുതിയ കണ്ണൻ മംഗലത്ത്, പാടിയ അനൂപ് പുതിയേടത്ത്, വിനീഷ് കല്ലേറ്റുംകര, വിഡിയോ സംവിധാനം ചെയ്ത വിദ്യാശങ്കർ അങ്ങനെ എല്ലാവരെയും ആളുകൾ അന്വേഷിച്ചെത്തുന്നു. എല്ലാം കൊണ്ടും പതിന്മടങ്ങ് ആവേശത്തിലാണ് ഞങ്ങൾ. 

ആവേശത്തിലേക്ക് 

അൻവർ റഷീദ് സാറിന്റെ ഓഫിസിൽ നിന്നാണ് ആദ്യം വിളി വന്നത്. പിന്നീട് അദ്ദേഹം നേരിൽ സംസാരിച്ചു. പാട്ടിന്റെ പ്രൊഡ്യൂസർ ജൈനീഷുമായി സംസാരിച്ചു. അങ്ങനെയാണ് ആവേശം സിനിമയുമായി കോൺട്രാക്ട് ഒപ്പ് വയ്ക്കുന്നത്. അക്കാര്യം ആരുമായി പങ്കുവയ്ക്കരുതെന്നു പറഞ്ഞിരുന്നതുകൊണ്ട് ഞങ്ങളും ഒന്നും വെളിപ്പെടുത്തിയില്ല. സിനിമ റിലീസ് ദിവസം തന്നെ കുടുംബത്തോടൊപ്പം പോയി കണ്ടു. സ്ക്രീനിൽ പേരെഴുതി കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ജീവിതത്തിലെ വലിയ ഭാഗ്യമായി തോന്നി. സിനിമ കണ്ടിറങ്ങിയപ്പോൾ ഇതിങ്ങനെ കൊളുത്തുമെന്നു പ്രതീക്ഷിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സീൻ മാറി. വിളികൾ വന്നു. ആവേശം ടീം രംഗണ്ണന്റെ റീൽ പുറത്തു വിട്ടു. അതോടെ രംഗണ്ണന്റെ അഴിഞ്ഞാട്ടമായിരുന്നു. 

shaiju2
ഷൈജു അവറാനും കണ്ണൻ മംഗലത്തും ചിത്രം∙ ജിജോ ജോൺ

എള്ളോളം തരിയും ഞങ്ങളുടേത്

ജോ ആൻഡ് ജോ എന്ന സിനിമയിലും ഞങ്ങളുടെ ഒരു പാട്ട് ഉപയോഗിച്ചിരുന്നു. 'എള്ളോളം തരി പൊന്നെന്തിനാ' എന്ന പാട്ട് ഒരു ചെറിയ സീക്വൻസിലാണ് വന്നത്. ഒരു സൗഹൃദത്തിന്റെ പേരിൽ പാട്ടുപയോഗിക്കാൻ അനുവാദം കൊടുത്തതാണ്. അവരുമായി കോൺട്രാക്ട് ഒന്നുമുണ്ടായിരുന്നില്ല. ആ പാട്ടും ഞാനും കണ്ണനും ചേർന്നൊരുക്കിയതാണ്. ടിക്ടോക്കിലെ അവസാന ഹിറ്റ് ഗാനമെന്നു വിശേഷിപ്പിക്കാൻ പറ്റുന്ന പാട്ടാണ് അത്. ജാഫർ ഇല്ലത്ത് എന്ന സുഹൃത്താണ് ആ പാട്ടിനു വഴിയൊരുക്കിയത്. ആ പാട്ടിന്റെ വിഡിയോയിൽ പാടി അഭിനയിച്ചിരിക്കുന്നതും ജാഫർ തന്നെ. ഞങ്ങൾ തമ്മിൽ വർഷങ്ങൾ നീണ്ട ബന്ധമുണ്ട്. ഒരിക്കൽ മൂന്നുപീടികയിലെ ഒരു സ്റ്റുഡിയോയിൽ യാദൃച്ഛികമായി കണ്ടപ്പോഴാണ് ഞാൻ പാട്ടു ചെയ്യുമെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. ഒരു പാട്ടു ചെയ്താലോ എന്ന് ജാഫർ ചോദിച്ചു. ഞാൻ രണ്ടു ട്യൂണുണ്ടാക്കി കണ്ണനു കൊടുത്തു. അതിൽ ഇഷ്ടമുള്ളതിനു വരികളൊരുക്കൂ എന്നു പറഞ്ഞാണ് കണ്ണന് ട്യൂൺ കൊടുത്തത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട പാട്ടാണ് 'എള്ളോളം തരി പൊന്നെന്തിനാ'!

shaiju1
ഷൈജു അവറാൻ

പ്രേക്ഷകരാണ് പാട്ടിനെ ആഘോഷിച്ചത്

കരിങ്കാളിക്കും എള്ളോളം തരി പൊന്നിനും ധാരാളം ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. പാട്ടിനല്ല, അതു വച്ച് ആവർത്തിച്ച് വിഡിയോ കണ്ടന്റ് ചെയ്യുന്നതിനെയാണ് പലരും രസകരമായി വിമർശിച്ചത്. ഇതു രണ്ടും പാട്ടുകൾക്കു ഗുണം ചെയ്തു. ഒരു അച്ഛനും മകളുമാണ് കരിങ്കാളിയല്ലേ എന്ന പാട്ടിന് ഇപ്പോൾ എല്ലാവരും റീലുകളിൽ ചെയ്യുന്ന കൊറിയോഗ്രഫി ചെയ്തത്. ഒരു തൂണിന്റെ രണ്ടു വശങ്ങളിലേക്ക് രണ്ടു മുഖഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആക്ഷൻ! കൊച്ചി മെട്രോയും ആ ശൈലിയിൽ വിഡിയോ ചെയ്തു. അതു വലിയ ഹിറ്റായി. ഒടുവിൽ ആവേശത്തിലെ രംഗണ്ണൻ വരെ ആ സ്റ്റെപ്പ് ചെയ്തു. 

മനസ്സിലേക്ക് ഇടിച്ചു കയറുന്ന പാട്ടുകൾ

പാട്ട് എപ്പോഴും കൂടെയുള്ള സംഗതിയാണ്. ഓണക്കളി എന്ന കലാരൂപത്തിന്റെ ഭാഗമായപ്പോഴാണ് അതിനു വേണ്ടി പാട്ടൊരുക്കാൻ അവസരം ലഭിച്ചത്. ഓണക്കളിയിലൂടെ ഒരുപാടു സുഹൃത്തുക്കളുണ്ടായി. അതിൽ നിന്നു കൊണ്ട് കുറെ പാട്ടുകളുണ്ടാക്കി. അവയിൽ പലതും ഇത്തരം പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ഹിറ്റാണ്. ഈ പാട്ടുകൾക്കൊക്കെയും ഭയങ്കര ലൈഫാണ്. കേൾക്കുന്നവരുടെ ഉള്ളിലേക്ക് ഇടിച്ചു കയറും. വലിയ സംഗതികളോ ഗിമിക്കുകളോ ഇല്ല. ആർക്കും പാടാവുന്നത്ര ലളിതമാണ്. വരികളും ലളിതം. അതിൽ പക്ഷേ, വലിയ കാര്യങ്ങൾ പറയുന്നുണ്ടാകും. ഗൗരവമുള്ള വിഷയങ്ങൾ ലളിതമായി പറയുക എന്നതാണ് അതിന്റെ രീതി. 

shaiju3
ഷൈജു അവറാനും കണ്ണൻ മംഗലത്തും

ഞങ്ങളൊക്കെ സാധാരണക്കാർ

ചുവരെഴുത്താണ് എന്റെ പ്രധാന പണി. തിരഞ്ഞെടുപ്പുകാലം ആയതുകൊണ്ട് കഴിഞ്ഞ കുറച്ചു കാലം പണിത്തിരക്കിന്റേതായിരുന്നു. എല്ലാ രാഷ്ട്രീയപാർട്ടിക്കാർക്കും വേണ്ടി എഴുതാറുണ്ട്. ചുവരെഴുത്ത് ഇല്ലാത്ത സമയത്ത് പെയിന്റിങ്ങിനു പോകും. കണ്ണന് കേബിൾ വർക്കാണ്. ഇരിങ്ങാലക്കുടയിൽ തന്നെ. ഒരുപാടു പരിമിതികൾക്കുള്ളിൽ നിന്നാണ് ഞങ്ങളൊരു പാട്ട് റെക്കോർഡ് ചെയ്തു പുറത്തിറക്കുന്നത്. പരിമിതികൾ തന്നെയല്ല, അത്രയും ദുരിതമയമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതം അങ്ങനെയൊക്കെയല്ലേ. അതിനെയെല്ലാം മറികടക്കുന്നത് പാട്ടിലൂടെയാണ്. ആ ഇഷ്ടത്തിലൂടെയാണ്. അങ്ങനെ ഞങ്ങളുണ്ടാക്കിയ പാട്ട് ഭാഷകൾക്കപ്പുറത്തെത്തുക എന്നു പറയുന്നത് ഞങ്ങൾക്ക് വലിയ കാര്യമാണ്. പണം ഒരുപാട് ഉണ്ടായിട്ടോ വലിയൊരു നിർമാതാവു സപ്പോർട്ട് ചെയ്തിട്ടോ കാര്യമില്ല. പാട്ട് പ്രേക്ഷകർക്ക് ഇഷ്ടമാവുക എന്നതിലാണ് കാര്യം. അല്ലെങ്കിൽ ഈ പ്രേക്ഷകർ തന്നെ പൊങ്കാലയിടും. 

ചാൻസ് ചോദിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല

സിനിമയെന്ന മോഹം ഉള്ളിലുണ്ടായിരുന്നെങ്കിലും അതു തുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഒരുപാടു ‘പുലികളുടെ’ നാടാണ് ഇരിങ്ങാലക്കുട. പി.ജയചന്ദ്രൻ, ഇന്നസെന്റ് തുടങ്ങി ടൊവിനോ തോമസ് വരെ. പക്ഷേ, ചാൻസ് ചോദിച്ച് ഇവരിലാരെയും സമീപിച്ചിട്ടില്ല. സത്യം. ഞങ്ങളുടെ പാട്ടിനു സ്വീകാര്യത ലഭിക്കുന്നത് ഇപ്പോഴാണല്ലോ. അങ്ങനെയാണ് പലരും അവസരങ്ങളുമായി ഞങ്ങളെ സമീപിക്കുന്നതും. ഇതു സംഭവിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളൊരിക്കലും മുഖ്യധാരയിലേക്കു എത്തുമായിരുന്നില്ല. അതു വലിയ പ്രശ്നമായിരുന്നു. ഇപ്പോൾ പോലും ഞങ്ങൾക്കു 100 ശതമാനം ആത്മവിശ്വാസം വന്നിട്ടില്ല. അതൊരുപക്ഷേ, നല്ലതിനായിരിക്കാം. ഞങ്ങളുടെ ക്രാഫ്റ്റിനെ മെച്ചപ്പെടുത്താൻ സാധിച്ചു. പുതിയ മൂന്നു പാട്ടുകൾ തയാറാക്കിയിട്ടുണ്ട്. വൈകാതെ റിലീസ് ചെയ്യും. 

English Summary:

Interview with Shaiju Avaran on Karinkaliyalle song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com