പെണ്‍കൊച്ചിനെ പാട്ടുപഠിപ്പിക്കണോ? പലരും നെറ്റി ചുളിച്ചു, എന്നിട്ടും രത്നാഭായി പാടി, സഹപാഠിയായ് ദേവരാജൻ മാഷും!
Mail This Article
പ്രായം നൂറിനോടടുത്തു. ഓര്‍മകള്‍ പലതും പാട്ടിനുപോയെങ്കിലും ആ നല്ലകാലത്തെ പാട്ടോര്‍മകള്‍ ഇടയ്ക്കൊക്കെ ശ്രുതി മീട്ടും. രാഗങ്ങള്‍ മറന്നു, താളവും ലയവും ഇടയ്ക്കെപ്പോഴോ കൂട്ടുവെട്ടി. കാതും പിണങ്ങി നിന്നതോടെ പാട്ടു കേള്‍ക്കുന്നതു തന്നെ കുറഞ്ഞു. പതിയെ പതിയെ ശബ്ദത്തിന്റെ മധുരിമ ഇടര്‍ച്ചയ്ക്കു വഴിമാറി. എങ്കിലും ഓര്‍മകളുടെ പാട്ടുകൊട്ടാരം എന്നെങ്കിലും തുറന്നാല്‍ ടി.കെ.രത്നാഭായിക്ക് പറയുവാനേറെയുണ്ടാകും, പാട്ടുപോലെ തിളങ്ങിയ നല്ലകാലത്തെ കുറേ ഓര്‍മകള്‍...
പിന്നണിഗായികയോ അറിയപ്പെടുന്ന സംഗീതജ്ഞയോ അല്ല രത്നാഭായി. സംഗീതത്തിനും അതിന്റെ പഠനത്തിനുമൊക്കെ വിലക്കു കല്‍പ്പിച്ച കാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് പാട്ടുകാരിയായി മാറിയ ഒരു കഥ പറയാനുണ്ട് ഈ നൂറുവയസ്സുകാരിക്ക്. കൊല്ലം ജില്ലയിലെ പരവൂരാണ് ജനനം. അധ്യാപകനായിരുന്ന പിതാവ് സി.എസ്.കുഞ്ചുനാഥ് പത്താം വയസ്സില്‍ മകളെ സംഗീതം പഠിപ്പിക്കാന്‍ തീരുമാനിച്ചു. പെണ്‍കൊച്ചിനെ പാട്ടുപഠിപ്പിക്കണോ എന്നു ചോദിച്ച് പലരും നെറ്റിചുളിച്ചെങ്കിലും കുഞ്ചുനാഥ് അതൊന്നും കേട്ടില്ലെന്നു നടിച്ചു. അങ്ങനെയെങ്കില്‍ മകള്‍ ഹാര്‍മോണിയവും പഠിക്കട്ടെ എന്ന ധീരമായ തീരുമാനവും എടുത്തു.
പരവൂരിലന്ന് ഒരു ഗംഭീര സംഗീതജ്ഞനുണ്ട്, എന്‍.ഗോവിന്ദനാശാന്‍. രത്നാഭായി അങ്ങനെ അദ്ദേഹത്തിന്റെ ശിഷ്യയായി. അക്കാലത്ത് ഗോവിന്ദനാശന്റെ മകനും രത്നാഭായിക്കൊപ്പം പാട്ടുപഠിക്കാനുണ്ട്. പേര് ജി.ദേവരാജന്‍. പില്ക്കാലത്ത് മലയാളിയുടെ പാട്ടുരൂപമായി മാറിയ സാക്ഷാല്‍ ദേവരാജന്‍ മാസ്റ്റര്‍! ഗോവിന്ദനാശാന്റെ ചിട്ടയായ സംഗീത പഠനക്ലാസുകളില്‍ ശിഷ്യരെല്ലാവരും നിശബ്ദരായി ഇരുന്നു. പക്ഷേ ക്ലാസ് വിട്ടു പുറത്തിറങ്ങുമ്പോള്‍ രത്നാഭായിക്ക് ദേവരാജന്‍ അടുത്ത കൂട്ടുകാരനായി. സംഗീതപഠനം കഴിഞ്ഞാല്‍ പിന്നെ ഹാര്‍മോണിയം പഠനത്തിലേക്ക് കടക്കും. ദേവരാജനെന്ന വിദ്യാര്‍ഥി അവിടെയും അതിസമര്‍ഥന്‍.
സൗമ്യനായ ദേവരാജന്‍, എല്ലാവര്ക്കും അതിശയമായിരുന്നുവെന്ന് രത്നാഭായി പറയുന്നു. നിശബ്ദനായി ക്ലാസില്‍ ഇരിക്കും. പക്ഷേ സംഗീതത്തിലേക്കു കടന്നാലോ... അതിവേഗത്തിലാണ് ഓരോന്നും പഠിച്ചെടുക്കുന്നത്. കൊച്ചുകുട്ടിയല്ലേ... എന്നിട്ടും ഇതെങ്ങനെ സാധിച്ചുവെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതിശയം തോന്നുകയാണ്. ഇടയ്ക്കുവച്ച് ഞാന്‍ സംഗീതപഠനം ഉപേക്ഷിച്ചെങ്കിലും ദേവരാജന്‍ സംഗീതവുമായി മുന്നേറി. പതിഞ്ഞ ശബ്ദത്തില്‍ പാടുന്ന, സംസാരിക്കുന്ന ദേവരാജന്‍ പിന്നീട് സംഗീതത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്തത് അദ്ഭുതത്തോടെയാണ് ഞാന്‍ നോക്കി കണ്ടത്. കെപിഎസിയിലെ ഗാനങ്ങള്‍ വലിയ ശ്രദ്ധ നേടിയപ്പോള്‍ അതിനു പിന്നില്‍ ദേവരാജനാണെന്നറിഞ്ഞപ്പോള് അഭിമാനം കൊള്ളുകയായിരുന്നു. അക്കാലത്ത് ആ പാട്ടു കേള്‍ക്കാത്ത മലയാളികളുണ്ടോ! രത്നാഭായിക്ക് പാട്ടുപഠിത്തം തുടരാമായിരുന്നുവെന്ന് കാണുമ്പോഴൊക്കെ എന്നോട് സങ്കടത്തോടെ മാത്രമേ ദേവരാജന്‍ പറഞ്ഞിട്ടുള്ളു. അക്കാലം അതാണേ. പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ തന്നെ വിലക്കല്ലേ. എങ്കിലും എനിക്ക് പാട്ടുപഠിക്കാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം. പിന്നീട് ഞാന്‍ കൂടുതലായി കേള്‍ക്കുന്നതും പാടുന്നതുമൊക്കെ അദ്ദേഹത്തിന്റെ പാട്ടുകളായിരുന്നുവെന്നും രത്നാഭായി പറയുന്നു.
വൈകാതെ രത്നാഭായിയുടെ വിവാഹം നടന്നു. അതോടെ പാട്ടുപഠനത്തിന് പൂര്‍ണമായ് തിരശീല വീണു. പത്തനംതിട്ട വള്ളിക്കോട് കൊഴുവട്ടശേരില് കരുണാകരന് രത്നാഭായിയെ വിവാഹം കഴിച്ച് നല്കുമ്പോള് അച്ഛന് കുഞ്ചുനാഥ് മകള്‍ക്കൊരു ഹാര്‍മോണിയവും സമ്മാനമായി നല്കി. അച്ഛന് തന്ന ഹാര്‍മോണിയം വച്ച് അക്കാലത്ത് ഞാന്‍ പാട്ടുപാടുമായിരുന്നു. അത് കേള്‍ക്കാനായി എല്ലാവരും ഒത്തുകൂടും. അതൊക്കെ ഒരു രസമായിരുന്നുവെന്ന് രത്നാഭായി പറയുന്നു. പില്ക്കാലത്ത് ജീവിതത്തിരക്കുകള്‍ക്ക് കാലം വഴിയൊരുക്കിയപ്പോള്‍ രത്നാഭായിയിലെ സംഗീതജ്ഞ പതിയെ പതിയെ ഇല്ലാതെയായി. എങ്കിലും കാലം ചാര്‍ത്തി നല്കിയ പാട്ടുകാരിയെന്ന മേല്‍വിലാസം എങ്ങനെയാണ് ഇല്ലാതാകുന്നത്...