ADVERTISEMENT

പാടാൻ ഏറെയുണ്ട് വിജയലക്ഷ്മിക്ക്, പറയാനും. എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞിരിക്കാനും കേട്ടിരിക്കാനും ഇഷ്ടമാണ്. എന്നാൽ ചിലപ്പോഴൊക്കെ ചർച്ചകളിൽ നിന്നും തമാശകളിൽ നിന്നും ഒഴിഞ്ഞുമാറി, തനിച്ച് മുറിയിൽ പോയിരിക്കും. ‘ചേഷ്ടകൾ കണ്ട് മനസ്സിലാക്കി അവർക്കൊപ്പം ചിരിക്കാന്‍ എനിക്കു പറ്റില്ലല്ലോ, പിന്നെ എന്തിനാണ് ഞാനവിടെ ഇരിക്കുന്നത്’? വിജയലക്ഷ്മിയുടെ വാക്കിൽ സങ്കടം വന്നു മൂടുപടം തീർക്കുന്നു. വൈക്കം ഉദയനാപുരത്തെ വീട്ടകത്ത് പാട്ടിന്റെ കൂട്ടുകാരിയായി വിജയലക്ഷ്മിയുണ്ട്, പാടിയും പറഞ്ഞും മതിവരാതെ.... മാതാപിതാക്കളായ മുരളീധരന്റെയും വിമലയുടെയും കൈപിടിച്ച് അകക്കണ്ണിന്റെ വെളിച്ചത്തിലൂടെയുള്ള 42 വർഷങ്ങൾ. വിജയദശമി നാളിലാണ് ജനനമെങ്കിലും കാഴ്ചപരിമിതി പലയിടത്തും വിജയലക്ഷ്മിയെ തോൽപ്പിച്ചുകളഞ്ഞു. എന്നിട്ടും തളരാതെ, എന്നെങ്കിലും തനിക്കീ ലോകം കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ വിജയലക്ഷ്മി മുന്നോട്ടു നീങ്ങുന്നു. മനോരമ ഓൺലൈനിന്റെ അഭിമുഖ പരമ്പരയായ ‘പാട്ടുപുസ്തകത്തിൽ’ അതിഥിയായി എത്തിയ ഗായിക വൈക്കം വിജയലക്ഷ്മി വിശേഷങ്ങൾ പങ്കിടുന്നു:

∙ കാഴ്ചപരിമിതിയുള്ള ആൾ എന്ന നിലയിൽ മാറ്റിനിർത്തപ്പെടലുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ? അതോ കൂടുതൽ പരിഗണന ലഭിക്കുകയാണോ ചെയ്തിട്ടുള്ളത്?

ആരും എവിടെയും മാറ്റി നിർത്തിയിട്ടില്ല. കൂടുതൽ കരുതൽ ലഭിക്കുകയാണ് ചെയ്തിട്ടുള്ളത്. സഹപ്രവർത്തകരെല്ലാം വലിയ പിന്തുണയാണ്. വിദേശത്തും മറ്റുമായി സംഗീത പരിപാടികൾക്കു പോകുമ്പോൾ ഒഴിവുദിവസങ്ങളിൽ സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനുമൊക്കെയായി എല്ലാവരും പോകും. എന്നെ വിളിക്കുമ്പോൾ ഞാൻ പറയും, എനിക്കൊന്നും കാണാൻ പറ്റില്ല, പിന്നെ എന്തിനാ വരുന്നതെന്ന്. അതൊക്കെ പറഞ്ഞു മനസ്സിലാക്കി തരാം, വരൂ എന്നു പറഞ്ഞ് അവർ നിർബന്ധിച്ചു കൂടെ കൊണ്ടുപോകും. ആ പരിഗണനയൊക്കെ കിട്ടുമ്പോൾ വലിയ സന്തോഷമാണ്. സിനിമാ–സംഗീതരംഗത്തെ പ്രമുഖർ ഉൾപ്പെടെ പലരും എന്റെ വീട്ടിൽ വന്നിട്ടുണ്ട്. തുടർച്ചയായി ഫോൺവിളികളിലൂടെയും സംഭാഷണങ്ങളിലൂടെയുമൊക്കെ അവർ എന്നെ ചേർത്തു പിടിക്കുന്നു. അതൊക്കെ വലിയ ഭാഗ്യം തന്നെ.

vaikom-viayalakshmi2
വൈക്കം വിജയലക്ഷ്മി

∙ പിന്നണി പാടാനെത്തുമ്പോൾ പാട്ട് പഠിക്കുന്ന രീതി എത്തരത്തിലാണ്? എത്രത്തോളം സമയം എടുക്കാറുണ്ട് വരികൾ മനഃപാഠമാക്കാൻ?

ട്രാക്ക് പാടിയത് എനിക്ക് അയച്ചു തരും. അത് കേട്ട് പഠിക്കുകയാണ് പതിവ്. രാത്രിയിലൊക്കയാണ് അതിനു വേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നത്. മനസ്സിലാകാത്ത വാക്കുകളുണ്ടെങ്കിൽ അത് വീണ്ടും ചോദിച്ച് പഠിക്കും. എനിക്ക് പാടാൻ പറ്റുന്ന ശ്രുതിയിലുള്ള പാട്ടുകൾ മാത്രമേ ഞാൻ തിരഞ്ഞെടുക്കൂ. ശ്രുതി കൂടുതലാണെങ്കിൽ കുറച്ചു തരാമോ എന്നു ചോദിക്കും. അതിനു ബുദ്ധിമുട്ട് പറഞ്ഞാൽ പാടാൻ പറ്റില്ലെന്ന് അറിയിച്ച് തിരിച്ചു പോരും. അങ്ങനെയൊക്കെ ചില സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. 

∙ 2019ൽ അമേരിക്കയിൽ വച്ച് കാഴ്ചസംബന്ധമായ ചികിത്സ ആരംഭിച്ചിരുന്നു. പിന്നീട് കോവിഡ് വ്യാപിച്ചപ്പോൾ യാത്രാ നിരോധനം വന്നതോടെ ചികിത്സ തടസ്സപ്പെട്ടു. ഇപ്പോൾ ചികിത്സയുടെ ഘട്ടം എന്താണ്? 

പിന്നീട് അമേരിക്കയിൽ പോകാൻ സാധിച്ചില്ല. കാഴ്ച കിട്ടുമെന്ന് അവർ ഉറപ്പു പറയാത്തതുകൊണ്ടാണ് അത് വേണ്ടെന്നു വച്ചത്. റെറ്റിനയ്ക്കാണ് പ്രശ്നമെന്ന് ഒരു വിഭാഗം ഡോക്ടർമാർ പറഞ്ഞു. തലച്ചോറിന്റെ പ്രശ്നമാണെന്ന് വേറൊരു വിഭാഗവും. എന്താണ് ശരിയായ പ്രശ്നമെന്ന് കണ്ടെത്താനായിട്ടില്ല എന്നതാണു സത്യം. ഇപ്പോൾ ഇസ്രയേയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. അവർ ഏകദേശം ഉറപ്പ് പറഞ്ഞിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് ഞാനിപ്പോൾ. അവിടേക്കു പോകാൻ ഒരുപാട് കടമ്പകളുണ്ട്. എല്ലാം എളുപ്പത്തിൽ സാധ്യമാകുമെന്നാണു കരുതുന്നത്. 

vaikom-viayalakshmi3
വൈക്കം വിജയലക്ഷ്മി

∙ കാഴ്ചപരിമിതർക്കു വേണ്ടി എന്തെങ്കിലും പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ സാധ്യതയുണ്ടോയെന്ന് നവകേരള സ്ത്രീ സദസ്സിലെത്തിയപ്പോൾ ചോദിച്ചിരുന്നു. അതിനു സർക്കാരിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ലഭിച്ചോ? 

ഉവ്വ്. പിറ്റേദിവസം മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിളിച്ചു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. ചികിത്സയെക്കുറിച്ചൊക്കെ ചോദിച്ചു മനസ്സിലാക്കി. എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. 

vaikom-viayalakshmi8
വൈക്കം വിജയലക്ഷ്മി

∙ ഇടയ്ക്ക് കാഴ്ച കിട്ടിയെന്നു ചില വാർത്തകൾ വന്നിരുന്നല്ലോ? 

അതെ. എനിക്ക് കാഴ്ച കിട്ടിയെന്നു പറഞ്ഞ് മുൻപ് ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. അത് കണ്ട് പലരും അത്തരത്തിൽ എന്നോടു പെരുമാറി. മുൻപിൽ വന്ന് നിന്നിട്ട് ആരാണെന്നു പറയാമോ എന്നൊക്കെ ചോദിച്ച് പരീക്ഷിച്ചു. അതൊക്കെ എന്നെ ഏറെ ബുദ്ധിമുട്ടിച്ചു. എന്തിനാണ് അതൊക്കെ? അത്തരം സന്ദർഭങ്ങളിൽ ഞാൻ പലരോടും ദേഷ്യപ്പെട്ടിട്ടുണ്ട്. എനിക്ക് ഒരു ചെറിയ പ്രകാശം മാത്രമേ കാണാൻ കഴിയൂ. രാത്രിയും പകലും തിരിച്ചറിയാനാകും. അല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല. 

vaikom-viayalakshmi0
വൈക്കം വിജയലക്ഷ്മി

∙ കാഴ്ചപരിമിതിയുള്ളവർ കൂടുതലായും സ്പർശനത്തിലൂടെയായിരിക്കുമല്ലോ പലതും മനസ്സിലാക്കുന്നത്?

അതെ, ഞാനും അങ്ങനെ തന്നെ. കുടുംബാംഗങ്ങളിൽ ആരെങ്കിലും എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ എല്ലാവരെയും കാണിക്കും. എന്റെ അടുത്ത് മാത്രം കൊണ്ടുവരില്ല. അത് എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഞാൻ ദേഷ്യപ്പെടും. എനിക്ക് തൊട്ടു നോക്കിയാൽ മനസ്സിലാകുമല്ലോ, പിന്നെന്താ എന്റെ കയ്യിൽ തരാത്തതെന്നു ഞാൻ ചോദിക്കും. ഇപ്പോൾ അത് മാറി. എന്ത് വാങ്ങിയാലും എന്റെ കയ്യിൽ കൊണ്ടു തരും. എനിക്കുള്ള സാധനങ്ങളൊക്കെ ഞാൻ തൊട്ടുനോക്കി മനസ്സിലാക്കി വാങ്ങാറുണ്ട്. 

vaikom-viayalakshmi5
വൈക്കം വിജയലക്ഷ്മി

∙ വിജയലക്ഷ്മിയെ സംബന്ധിച്ച് ദാമ്പത്യജീവിതം പരാജയമായിരുന്നു. പുനർവിവാഹത്തെക്കുറിച്ചു വീണ്ടും ചിന്തിച്ചു തുടങ്ങിയോ? 

ആദ്യബന്ധം കനത്ത പരാജയമായിരുന്നു. എന്റെ കലയെ പിന്തുണയ്ക്കാത്ത ഒരാളായിരുന്നു പങ്കാളി. ഭർത്താവ് എന്നു പറയുന്നതൊക്കെ ജീവിതത്തിന്റെ പകുതിയിൽ മാത്രം കടന്നു വരുന്നതല്ലേ? പക്ഷേ കല എന്നുള്ളത് ജനിക്കുമ്പോൾ മുതൽ കൂടെയുള്ളതാണ്. അത് മാറ്റി നിർത്തേണ്ട ആവശ്യമില്ലല്ലോ? വിവാഹമോചനം നേടിയ ശേഷം ഞാൻ സൂപ്പർ ഹാപ്പിയാണ്. പുനർവിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹം കഴിക്കും. കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ല.

English Summary:

Exclusive interview with singer Vaikom Vijayalakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com