എന്റെ ശ്രീ പോയിട്ട് 5 വർഷം, പക്ഷേ എനിക്കത് 5 മാസം പോലെ! മക്കൾക്ക് ഞാനിപ്പോൾ അമ്മ കൂടിയാണ്: ബിജു നാരായണൻ
Mail This Article
സർവം സംഗീതമാണ് ബിജു നാരായണൻ എന്ന ഗായകന്. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പാട്ടിലലിയിച്ചു ജീവിതത്തെ മുന്നോട്ടു നീക്കുന്നുണ്ടെങ്കിലും ചില സങ്കടങ്ങൾ മായാതങ്ങനെ തണുത്തുറഞ്ഞു കിടക്കുന്നു മനസ്സിന്റെ അകക്കോണിൽ. 31 വർഷം നിഴൽ പോലെ കൂട്ടിനുണ്ടായിരുന്ന പ്രിയപ്പെട്ട ശ്രീ (ശ്രീലത) വിടപറഞ്ഞകന്നതിനോട് ഇന്നും പൊരുത്തപ്പെടാനാകുന്നില്ല ബിജു നാരായണന്. ശ്രീയുടെ വേർപാടിന് 5 വയസ്സ് തികയുമ്പോഴും ആ ഓർമകളിൽ വിങ്ങി ഓരോ ദിനവും കഴിച്ചുകൂട്ടുകയാണ് ബിജു. പ്രിയപ്പെട്ടവൾ അദൃശ്യമായി അരികിലുണ്ടെന്നു വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടം. ജീവിതദുഃഖങ്ങളെ പാട്ടിലൂടെ മറികടക്കാനുള്ള പരിശ്രമങ്ങളിൽ മക്കളായ സിദ്ധാർഥിനും സുര്യയ്ക്കും തണലാവുകയാണ്, താരാട്ടാവുകയാണ് ബിജു നാരായണൻ എന്ന അച്ഛൻ. മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘പാട്ടുപുസ്തക’ത്തിൽ ബിജു നാരായണൻ അതിഥിയായി എത്തിയപ്പോൾ.
∙ താങ്കളുടെ സംഗീതപാരമ്പര്യം എന്താണ്?
എന്റെ അമ്മ വഴിയാണ് എനിക്കു സംഗീതം പകർന്നു കിട്ടിയത്. അമ്മ പാട്ട് പഠിച്ചിട്ടുണ്ട്. പിന്നെ എന്റെ മൂത്ത സഹോദരി പാടും. ഞങ്ങൾ രണ്ടുപേരുമാണ് കുടുംബത്തിലെ പാട്ടുകാർ.
∙ സംഗീതം പ്രഫഷനായി സ്വീകരിക്കാൻ തീരുമാനിച്ചത് എപ്പോൾ?
യാദൃച്ഛികമായാണ് എല്ലാം സംഭവിച്ചത്. എൽഎൽബി എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി ശ്രമിച്ചെങ്കിലും 2 തവണ പരാജയപ്പെട്ടു. പിന്നീട് മഹാരാജാസിൽ ഡിഗ്രിക്കു ചേർന്നു. ആ സമയത്ത് ലളിതഗാനമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിച്ചത് ജീവിതത്തിൽ വഴിത്തിരിവായി. അതിനു ശേഷം കോറസ് പാടാനും ട്രാക്ക് പാടാനുമൊക്കെയായി നിരവധി അവസരങ്ങൾ ലഭിച്ചു. എന്റെ ആദ്യ പ്രതിഫലം 75 രൂപയായിരുന്നു. പഠനകാലത്ത് ഗാനമേളയ്ക്കൊക്കെ പോയിത്തുടങ്ങി. പിന്നീട് പല ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചു. അങ്ങനെ ഒടുവിൽ സിനിമയിലുമെത്തി.
∙ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ‘ദേവദൂതർ പാടി’ എന്ന പാട്ട് വീണ്ടും പ്രേക്ഷകർ കേട്ടത് ബിജു നാരായണന്റെ ശബ്ദത്തിലൂടെയാണ്. താങ്കളെ സംബന്ധിച്ചു പറയുകയാണെങ്കിൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വേദിയിൽ പാടിയിട്ടുള്ള പാട്ടാണത്. വർഷങ്ങൾക്കിപ്പുറം അതേ പാട്ട് സിനിമയിൽ പാടാൻ അവസരം കിട്ടിയപ്പോഴുള്ള അനുഭവം എന്തായിരുന്നു?
അത് വലിയൊരു അദ്ഭുതമായിരുന്നു എനിക്ക്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിൽ ഒരുപാട് സന്തോഷമുണ്ട്. പിന്നെ പുതുതലമുറയിലെ പ്രേക്ഷകർ ഞാനെന്ന ഗായകനെ കൂടുതൽ തിരിച്ചറിഞ്ഞുവെന്നു തോന്നുന്നു. ദാസേട്ടനെപ്പോലെയുള്ള ഇതിഹാസ ഗായകൻ പാടിവച്ച പാട്ട് വീണ്ടും പാടുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. തീർച്ചയായും രണ്ട് സ്വരങ്ങളും തമ്മിൽ ആളുകൾ താരതമ്യം ചെയ്യും. അതോർത്ത് ചെറിയാരു ഭയമുണ്ടായിരുന്നു. പിന്നെ പാട്ടിനു ലഭിച്ച പ്രതികരണം കണ്ടപ്പോൾ ആ പേടി മാറി. എല്ലാവരും അഭിനന്ദനങ്ങളാണ് അറിയിച്ചത്.
∙ അങ്ങേയറ്റം പ്രഗത്ഭരായ യേശുദാസും ജയചന്ദ്രനുമൊക്കെ അരങ്ങ് വാഴുന്ന കാലത്താണ് ബിജു നാരായണൻ എന്ന ഗായകന്റെ ഉദയം. കരിയറിന്റെ തുടക്കത്തിൽ നിലനിൽപ്പിനെക്കുറിച്ചോർത്ത് ഭയപ്പെട്ടിരുന്നോ?
ശരിയാണ്. പക്ഷേ ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. അന്ന് ഒരു സിനിമയിൽ 5 പാട്ടുകളുണ്ടെങ്കിൽ അതിൽ മൂന്നെണ്ണവും പാടിയിരുന്നത് ദാസേട്ടനാണ്. ബാക്കിയുള്ളത് ജയേട്ടനും പാടും. പക്ഷേ ആ സമയത്ത് എനിക്കും ഒരു ഇടം ലഭിച്ചു. അത് ഞാനായിട്ട് കണ്ടെത്തിയതല്ല. എന്നിലേക്കു വന്നു ചേർന്നതാണ്. കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുക മാത്രമാണ് ഞാൻ ചെയ്തത്. ശരിക്കും പറഞ്ഞാൽ ഈ മേഖലയിൽ അങ്ങനെ പാടില്ല. വിളിച്ച് ബുദ്ധിമുട്ടിച്ചെങ്കിലേ ചാൻസ് കിട്ടൂ, പക്ഷേ ഞാൻ അങ്ങനെയല്ല. അന്നത്തെ കാലത്ത് സംഗീതരംഗത്ത് വരാൻ സാധിച്ചതു തന്നെ വലിയ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു.
∙ താങ്കളെ സംബന്ധിച്ച് സ്വകാര്യജീവിതത്തിൽ വലിയ ദുഃഖങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. 31 വർഷം നിഴൽ പോലെ കൂടെയുണ്ടായിരുന്നയാൾ പെട്ടെന്നൊരു ദിവസം വിടപറഞ്ഞകന്നു. ശ്രീലത വിട്ടുപോയതിനു ശേഷമുള്ള ജീവിതം എങ്ങനെയാണ്? സംഗീതത്തെ കൂട്ടുപിടിച്ച് ആ വേദനയെ മറക്കാൻ സാധിക്കുന്നുണ്ടോ? യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ കഴിഞ്ഞോ?
ശ്രീക്കു മുൻപും ശ്രീക്കു ശേഷവും എന്ന നിലയിലാണ് എന്റെ ജീവിതം. രണ്ട് കാലഘട്ടങ്ങളാണ്. ശ്രീ വിടപറഞ്ഞിട്ട് ഓഗസ്റ്റിൽ 5 വർഷം പൂർത്തിയാകും. പക്ഷേ എന്നെ സംബന്ധിച്ച് അത് 5 മാസം മാത്രമായിട്ടേ തോന്നുന്നുള്ളു. ആ വേദനയിൽ നിന്ന് ഇപ്പോഴും മുക്തി നേടിയിട്ടില്ല. മനസ്സിൽ ഇപ്പോഴും ഒരു മുറിവായി ശ്രീ നിറഞ്ഞു നിൽക്കുന്നു. ആ ഓർമകൾ എന്നെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷേ ഇതൊക്കെ സഹിച്ചല്ലേ പറ്റൂ. മഹാരാജാസിലെ പഠനകാലത്താണ് ഞങ്ങൾ പരിചയപ്പെട്ടത്. പരിചയം പിന്നീടത് പ്രണയത്തിലേക്കു വളർന്നു. അന്നുമുതൽ ഞാൻ പാടുന്ന പാട്ടുകളെക്കുറിച്ചൊക്കെ ശ്രീ അഭിപ്രായം പറയുമായിരുന്നു. മത്സരവേദികളിലേക്കുള്ള പാട്ടുകളുടെ തിരഞ്ഞെടുപ്പിൽ ശ്രീ അങ്ങേയറ്റം എന്നെ പിന്തുണച്ചു. പാടാനുള്ള വലിയ പ്രേരകശക്തിയായിരുന്നു എന്റെ ശ്രീ.
∙ മക്കളുടെ വളര്‍ച്ചയെ അടുത്തു നിന്നു കാണാൻ സാധിച്ചിട്ടുണ്ടോ? എപ്പോഴും സംഗീതപരിപാടിയുമായി തിരക്കിലായിരുന്നില്ലേ?
ശ്രീ ആയിരുന്നു എല്ലാം നോക്കിക്കൊണ്ടിരുന്നത്. ഇപ്പോൾ പിന്നെ അമ്മയുടെ റോൾ കൂടി നിർവഹിക്കാൻ ഞാൻ ശ്രമിക്കുന്നു. അതിൽ എത്രത്തോളം ഞാൻ വിജയിക്കുന്നുവെന്ന് എന്റെ മക്കൾക്കു മാത്രമേ പറയാൻ സാധിക്കൂ. പിന്നെ എത്രയൊക്കെയായാലും അമ്മയ്ക്കു പകരമാകാൻ ആർക്കും സാധിക്കില്ലല്ലോ? ശ്രീയുടെ വേർപാട് ഏൽപ്പിച്ചു പോയ വിടവ് എപ്പോഴും എന്റെയും മക്കളുടെയും ജീവിതത്തിലുണ്ടാകും. റെക്കോർഡിങ്ങും യാത്രയുമൊക്കെയായി തിരക്കിട്ട ജീവിതമാകുമ്പോൾ ഒരു പരിധിവരെ ആ വേദന മറക്കാൻ സാധിക്കും. പക്ഷേ ഇടയ്ക്കിടെ അത് കയറി വരും. മനസ്സിനെ പാകപ്പെടുത്തിയെടുക്കുക എന്നതു മാത്രമേ ചെയ്യാനുള്ളു.