‘എന്റെ ആസ്മ മാറിയത് ഇവർ വന്ന ശേഷം; എന്റെ പാട്ടു കേട്ടാണ് ഇവർ ഉറങ്ങുന്നത്’; അരുമകളെക്കുറിച്ച് രാജലക്ഷ്മി
Mail This Article
വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ടല്ലേ? തിരക്കുകൾക്കിടയിലും അരുമ മൃഗങ്ങളെ പൊന്നുപോലെ പരിപാലിക്കുന്ന സിനിമാ പ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരക്കാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ 'സ്റ്റാർ പെറ്റ്സ്' എന്ന പരിപാടിയിലൂടെ. ഗായിക രാജലക്ഷ്മിക്ക് പ്രിയരായി ഉള്ളത് രണ്ടുപേരാണ് – ലാബർഡോർ ഇനത്തിൽപെട്ട ലൂക്കയും അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട കാർലോയും. സംഗീതം പോലെ തന്നെ തനിക്ക് പ്രിയപ്പെട്ട അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് രാജലക്ഷ്മി.
'രാജി പാടുമ്പോൾ പട്ടി കുരയ്ക്കില്ലേ'
ചെറുപ്പം മുതൽ നായ്ക്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. വീട്ടിൽ ഒരു പട്ടിയുണ്ടായിരുന്നു. പക്ഷേ സ്വന്തമായൊരു പട്ടിയെ വാങ്ങിക്കണമെന്നു പറഞ്ഞപ്പോൾ രാജി പാടുമ്പോൾ പട്ടി കുരയ്ക്കില്ലേ എന്ന് ഫ്രണ്ട്സ് ചോദിക്കുമായിരുന്നു. ആദ്യം വാങ്ങിയത് ലൂക്കയെ ആണ്. രണ്ടുപേരും പാട്ടു കേട്ടു കഴിഞ്ഞാൽ അപ്പോൾ ശാന്തരാകും പ്രത്യേകിച്ച് വീട്ടിൽ എപ്പോഴും തംബുരു ശ്രുതിയിട്ട് വയ്ക്കാറുണ്ട്. ലൂക്ക കുഞ്ഞായിരിക്കുമ്പോൾ തംബുരു കേട്ടാൽ അവൻ അതുകേട്ട് ഉറങ്ങുമായിരുന്നു. രണ്ടു പേർക്കും നല്ല അനുസരണയാണ്. ലൂക്കയ്ക്ക് ചെറുപ്രായത്തിൽ തന്നെ ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ട്. എടാ അമ്മ പാട്ടു ക്ലാസിലിരിക്കുകയാണ് കുരച്ച് ശല്യമുണ്ടാക്കരുതെന്ന് പറഞ്ഞാൽ അതുപോലെ അനുസരിക്കും. ഒരു ശല്യവുമുണ്ടാക്കാറില്ല. അതുകൊണ്ടു തന്നെ കൂടുതൽ പേരെ മേടിക്കണം എന്നുള്ള മെന്റാലിറ്റിയാണ് എനിക്കിപ്പോൾ. പാട്ടുകാർക്ക്, പട്ടികളെ ധൈര്യമായിട്ട് വാങ്ങിക്കാം പക്ഷേ അവരെ എങ്ങനെ നോക്കുന്നു, വളർത്തുന്നു എന്നതു പോലിരിക്കും. പെറ്റ്സിനെ പരിപാലിക്കുക എന്നത് ചെറിയൊരു ജോലിയല്ല. അതൊരു വലിയ ജോലി തന്നെയാണ്. പക്ഷേ ഞാനത് ഒരു ജോലിയായിട്ട് എടുത്തിട്ടില്ല. ഞാനവരെ എന്റെ മക്കളെപ്പോലെയാണ് കരുതുന്നത്. കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ, അവരുടെ സ്കിൻ, ഹെയർ ഫോൾ അങ്ങനെയുള്ള കാര്യങ്ങൾ നോക്കണം.
ഡോക്ടർ പറഞ്ഞു, 'പട്ടിയെ വളർത്തണ്ട അസുഖം കൂടും'
കൊച്ചിലെ തന്നെ ആസ്മയും അലർജിയുമുള്ള വ്യക്തിയാണ് ഞാൻ. പട്ടികളെ മേടിച്ചപ്പോൾ എന്റെ ഡോക്ടർ പോലും പറഞ്ഞു പട്ടിയെയും പൂച്ചയെയും വളർത്താൻ തുടങ്ങിയാൽ അസുഖം കൂടുമെന്ന്. പക്ഷേ ഇവർ വന്ന ശേഷം എന്റെ ആസ്മ പൂർണമായും മാറി. അതൊരു അതിശയമാണ്. ശ്വാസതടസവുമായി ബന്ധപ്പെട്ട് ഒരു അസുഖവും എനിക്ക് ഇപ്പോഴില്ല. പാട്ടും പട്ടിയുമായി ഏകദേശം ബ്ലെൻഡായി പോകുന്നുണ്ട്. ഇവരെ നോക്കുന്നത് നല്ല ജോലിയാണ്. പക്ഷേ എനിക്കതൊരു ഭാരമായി തോന്നാറില്ല. രാവിലെ അഞ്ചര മണി തൊട്ട് തുടങ്ങും ഇവരുടെ കാര്യങ്ങൾ നോക്കാൻ.
ഞാൻ കാർലോയെ പ്രത്യേക പരിശീലനത്തിനൊന്നും വിട്ടിട്ടില്ല. ഇവനെ അങ്ങനെ ഒരു മാസമൊക്കെ പിരിഞ്ഞു നിൽക്കാൻ വിഷമമാണ്. അതുകൊണ്ട് അവനെ വിട്ടില്ല. അമേരിക്കൻ ബുള്ളി എന്ന ബ്രീഡാണ്. അഗ്രസീവ് ആണെന്നാണ് പൊതുവെ പറയാറ്. ഭർത്താവിൻറെ സുഹൃത്താണ് ഇവനെയും തന്നത്. ഭയങ്കര ഭീകരൻ എന്ന സെറ്റപ്പിലാണ് കാർലോ വന്നതെങ്കിലും എല്ലാവരുമായും വേഗം ഇണങ്ങി. ഞങ്ങളുടെ കൂടെ വീടിനകത്ത് തന്നെയായിരുന്നു ഇവൻ. ഇപ്പോഴാണ് കൂട്ടിലേക്ക് മാറ്റിയത്. ബ്രീഡിന്റെ ക്വാളിറ്റിയായിരിക്കണം, ഇവൻ വളരെ അനുസരണയുള്ളയാളാണ്. വന്നപ്പോൾ മുതൽ അങ്ങനെയാണ്. അതുകൊണ്ടു തന്നെ ഇനി പ്രത്യേക പരീശീലനം ആവശ്യമില്ലെന്നു തോന്നി.
എന്റെ പാട്ടുകേട്ടാണ് ഇവർ ഉറങ്ങുന്നത്
എപ്പോഴും കൂട്ടിലിട്ടല്ല ഇവരെ വളർത്തുന്നത്. അതുകൊണ്ട് രണ്ടുപേരും അഗ്രസീവല്ല. നല്ല സ്നേഹമാണ്. ഇതുവരെ ഇവർ ആരെയും പേടിപ്പിക്കുകയോ ആക്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ല. നമ്മൾ കൊടുക്കുന്ന സ്നേഹം പോലെയാണ് അവരുടെ പെരുമാറ്റം. പക്ഷേ ഇവർ രണ്ടുപേരും അൽപം പൊസസീവാണ്.
രണ്ടുപേരും സംഗീതപ്രേമികളാണ്. ലൂക്ക വളരെ ചെറുതായിരുന്നപ്പോൾ ഞാൻ മ്യൂസിക് ക്ലാസ്സിൽ ഇരിക്കുമ്പോൾ അവൻ എന്റെ കാലിന്റെ സൈഡില്‍ വന്നിരുന്നു. ജയദേവ കവിയുടെ എന്ന പഴയൊരു ലളിതഗാനമാണ് ഞാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത് ഞാനിങ്ങനെ പാടുകയാണ്. അതിന്റെ പല്ലവിയുടെ അവസാനം രാധേ ഉറക്കമായോ എന്നാണ്. ഒരു ഉറക്കു പാട്ടാണ്. ഇതുകേട്ട് ലൂക്ക ഉറങ്ങി. ലൂക്കയ്ക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്.പിന്നെ ലൂക്കയ്ക്ക് ഇഷ്ടമുള്ള മറ്റൊരു പാട്ടാണ് എന്തേ ഇന്നും വന്നീല.... എന്ന പാട്ട്. അത് ഞാൻ എപ്പോൾ പാടിയാലും ശ്രദ്ധിച്ചു കിടന്ന് കേൾക്കുമായിരുന്നു. അതുപോെല തന്നെ ഇൻസ്റ്റയിൽ ഇടാനായി ഒരു പാട്ട് പാടി ഷൂട്ട് ചെയ്യുമ്പോൾ അതിനിടയിലുള്ള ഒരു ഹമ്മിങ് ഇവന്‍ അതേ ശ്രുതിയിൽ ഹം ചെയ്തു അതൊരു ഭയങ്കര അതിശയമായി തോന്നി. കേൾക്കുന്നവർക്ക് തമാശയായി തോന്നും. പക്ഷേ ഞാൻ ഞെട്ടിപ്പോയി.
ഞങ്ങൾ കഴിക്കുന്നതൊന്നും ഇവർക്കു കൊടുക്കാറില്ല. ഇവർക്കുള്ള ഭക്ഷണം ഞാൻ തന്നെ പ്രത്യേകമായി തയാറാക്കുകയാണ് പതിവ്. റൈസും ചിക്കനും വെജിറ്റബിൾസും ഇട്ട് കുക്ക് ചെയ്ത് രാവിലെ ഒരു നേരം നന്നായി ഭക്ഷണം കൊടുക്കും. പിന്നെ രാത്രി എന്തെങ്കിലും ട്രെയിൻ ചെയ്തതിനുശേഷം കൊടുക്കും. അതുമാത്രമേയുള്ളൂ. ഒരു വയസ്സു കഴിഞ്ഞതിനു ശേഷം അവർക്ക് ഇടയ്ക്കിടെ ഭക്ഷണം കൊടുക്കില്ല. ലൂക്കയെ കോവിഡ് സമയത്താണ് വാങ്ങിച്ചത്. ഇരുപത്തിയയ്യായിരം രൂപയ്ക്കാണ് ഇവനെ ഞങ്ങൾ വാങ്ങിച്ചത്. കാർലോയെ മുപ്പത്തിയയ്യായിരം രൂപ കൊടുത്തും.