ADVERTISEMENT

നിരവധി വിമർശനങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ പുഷ്പ ടു ബോക്സ് ഓഫിസിൽ തരംഗമാവുകയാണ്. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ വില്ലനായെത്തിയത്. ഫഹദിനു മാത്രമാണ് മലയാളവുമായി പുഷ്പയ്ക്കുള്ള ബന്ധം എന്ന് കരുതിയെങ്കിൽ തെറ്റി. പുഷ്പയുടെ മലയാളം മൊഴിമാറ്റ സിനിമയ്ക്കു വേണ്ടി വരികൾ കുറിച്ചത് സിജു തുറവൂർ എന്ന ഗാനരചയിതാവാണ്‌. പുഷ്പ ആദ്യഭാഗത്തിനും സിജുവിന്റേതായിരുന്നു വരികൾ. അല്ലു അർജുന്റെ സ്വന്തം ഗാനരചയിതാവാണ് സിജു തുറവൂർ എന്നു തന്നെ പറയാം.  അല്ലുവിന്റെ പതിനെട്ട് സിനിമകൾക്കു വേണ്ടി സിജു വരികൾ കുറിച്ചിട്ടുണ്ട്. ഇപ്പോൾ ഓസ്കർ പുരസ്‌കാര ജേതാവ് ചന്ദ്രബോസിനൊപ്പം പാട്ടെഴുതാൻ സാധിച്ച സന്തോഷത്തിലാണ് സിജു. പുഷ്പ 2നു വേണ്ടി സിജു എഴുതിയ പീലിങ്സ് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്. എല്ലാ ഭാഷകൾക്കു വേണ്ടിയും സിജു എഴുതിയ പീലിങ്സിന്റെ മലയാളം വരികൾ ഉപയോഗിച്ചിട്ടുണ്ട്. പാട്ടുവിശേഷങ്ങൾ പങ്കിട്ട് സിജു തുറവൂർ മനോരമ ഓൺലൈനിനൊപ്പം. 

അല്ലു അർജുന്റെ പ്രിയ ഗാനരചയിതാവ് 

പുഷ്പ 2ൽ 5പാട്ടുകൾ ഉണ്ട്. അതിൽ ഒന്നായ പീലിങ്സ് എന്ന പാട്ട് വലിയ ഹിറ്റ് ആയി. അത് തെലുങ്കിൽ മലയാളം പാട്ട് ആയിട്ട് തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. തെലുങ്കും മലയാളവും പാട്ടിൽ മിക്സ് ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ എല്ലാ ഭാഷാ പതിപ്പിലും മലയാളത്തിൽ ആണ് വരികൾ. അല്ലു അർജുനു വേണ്ടി പാട്ടെഴുതുന്ന പതിനെട്ടാം ചിത്രമാണിത്. പുഷ്പ ആദ്യഭാഗത്തിലെ പാട്ടുകളും ആളുകൾ നെഞ്ചേറ്റിയിരുന്നു.

മോഹൻലാലിന്റെ ഭഗവാൻ 

ഞാൻ ഇതുവരെ 1500ൽ അധികം പാട്ടുകൾ എഴുതിയിട്ടുണ്ട്. ഭക്തി ഗാനങ്ങളും ആൽബം പാട്ടുകളുമൊക്കെ അതിൽ ഉൾപ്പെടുന്നു. നൂറിനടുത്ത് സിനിമകൾ ചെയ്തിട്ടുണ്ട്. മൊഴിമാറ്റ സിനിമകൾക്കു വേണ്ടിയാണ് ഏറ്റവുമധികം പ്രവർത്തിച്ചത്. പിന്നെ മലയാള സിനിമകൾ ആറെണ്ണം ചെയ്തു.  ആദ്യമായി ചെയ്തത് മോഹൻലാലിന്റെ ഭഗവാൻ ആണ്. അവസാനം ചെയ്തത് 'അച്ഛനൊരു വാഴ വച്ചു' എന്ന ചിത്രവും.   

ആൽബം പാട്ടുകളിൽ തുടക്കം 

ചേർത്തലയിലെ തുറവൂർ ആണ് എന്റെ സ്വദേശം. ആദ്യമായി പാട്ടെഴുതിയ ചിത്രം അല്ലു അർജുന്റെ ‘ഹാപ്പി’. ചെറുപ്പം മുതൽ വായിക്കുകയും കവിതകൾ എഴുതുകയും ചെയ്യുമായിരുന്നു. സിനിമയിൽ പാട്ട് എഴുതണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തുടക്കം ‘പ്രിയാനുരാഗം’ എന്ന ആൽബം പാട്ടിലൂടെയായിരുന്നു. ഹിറ്റായ ‘മിഴിയഴക് നിറയും രാധ’ എന്ന ആൽബം പാട്ട് ഞാൻ ആണ് ചെയ്‌തത്‌. 2008ൽ അല്ലു അർജുന്റെ സിനിമയിൽ പാട്ടെഴുതാൻ അവസരം കിട്ടി. കുറെ പാട്ടുകൾ ഹിറ്റായി. അതുകൊണ്ട് തന്നെ വീണ്ടും അവർ വിളിച്ചു. ബണ്ണി, ഹീറോ, ആര്യ 2, കൃഷ്ണ തുടങ്ങി നിരവധി സിനിമകൾക്കു വേണ്ടി എഴുതി.    

      

പീലിങ്സിൽ വന്ന ഭാഗ്യം 

അല്ലു അർജുന് എന്നോടു വലിയ സൗഹൃദമാണ്. പുഷ്പ 2ന്റെ പ്രമോഷനു വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. പാട്ടുകൾ ഒക്കെ നല്ലതാണ് എന്ന് പറഞ്ഞു.  ഇപ്പോൾ കിട്ടിയ ഭാഗ്യം പീലിങ്സ് എന്ന പാട്ട് മലയാളത്തിൽ എഴുതിയത് തെലുങ്കിൽ ഉപയോഗിച്ചു എന്നതാണ്.  കീരവാണി സാറിനൊപ്പം ഓസ്കർ കിട്ടിയ ചന്ദ്രബോസ് സാറിനൊപ്പം സഹ എഴുത്തുകാരനായി ഒരു പാട്ടിൽ വർക്ക് ചെയ്യാനും സാധിച്ചു. അതൊക്കെ വലിയ ഭാഗ്യം തന്നെ. "മല്ലികാ ബാണന്റെ അമ്പുകളോ കണ്മുന തുമ്പുകളോ"  എന്നു തുടങ്ങുന്ന പാട്ടാണ് പീലിങ്സ്. വലിയ പ്രതികരണങ്ങൾ ആണ് പാട്ടുകൾക്കു കിട്ടുന്നത്. പീലിങ്സിന്‌ ഒരുപാട് നല്ല പ്രതികരണങ്ങൾ കിട്ടുന്നു. ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ള പാട്ടാണ്.  ഒരുപാട് സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com