ADVERTISEMENT

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ഒരു പാട്ടിന്റെ കമന്റ് ബോക്സിൽ എത്തിച്ച മലയാളിപ്പയ്യൻ ! ‘ബിഗ് ഡാഗ്സ്’ എന്ന ട്രാക്ക് കൊണ്ട് ലോകത്തിന്റെ തന്നെ കണ്ണുകളും കാതുകളും തന്നിലേക്കാകർഷിച്ച ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട്. പേരുകൊണ്ടും പാട്ടുകൊണ്ടും സംഗീതപ്രേമികളുടെ ഹൃദയത്തിൽ ശരവേഗത്തിൽ കയറിക്കൂടിയ പാട്ടുകാരൻ. മലയാളിയാണെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം വിേദശത്താണ്. എങ്കിലും നാടുമായുള്ള അടുപ്പം സൂരജ് എക്കാലവും സൂക്ഷിച്ചുപോന്നു. പുതിയ പ്രോജക്ടുകളുമായി തിരക്കിലായതുകൊണ്ടുതന്നെ നാട്ടിലേക്കു വരാൻ സാധിച്ചില്ലെന്നും എന്നാൽ വൈകാതെ വരുമെന്നും ഹനുമാൻ കൈൻഡ് പറയുന്നു. മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് പാട്ടുവിശേഷവും നാട്ടുവിശേഷവുമെല്ലാം ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട് പങ്കുവച്ചത്. 

‘വളരെ തിരക്കിലാണ് ഇപ്പോൾ. മ്യൂസിക് സൈഡിൽ ഒരുപാട് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. തിരക്കു പിടിച്ച ഷെഡ്യൂൾ. നാട്ടിൽ പോകുമ്പോൾ എനിക്ക് എന്തായാലും അതൊരു സ്പെഷൽ മൊമന്റ് ആയിരിക്കും. ഇതുവരെ നാട്ടിൽ വരാൻ പറ്റിയില്ല. പക്ഷേ അങ്ങനെയൊരു ദിവസം ഉണ്ടാകും. ഉറപ്പാണ്. നമ്മടെ നാട്ടിലത്തെ ഒരു ചെക്കനാണ് ഞാൻ. പക്ഷേ ഈ ‘സിറ്റുവേഷൻ’ വളരെ ഓവർവെൽമിങ് ആയിരുന്നു. അത് എങ്ങനെ കൈകാര്യം ചെയ്യാമെന്നു ഞാൻ പഠിച്ചു വരുന്നേയുള്ളൂ’, ഹനുമാൻ കൈൻഡ് പറയുന്നു. 

പൊന്നാനിക്കാരൻ ആണ് സൂരജ് അഥവാ ഹനുമാൻകൈൻഡ് എന്നാണ് ആരാധകരുൾപ്പെടെ ഇതുവരെ കരുതിയിരുന്നത്. എന്നാൽ സംഗീത വിഡിയോ പൊന്നാനിയിൽ വച്ച് ഷൂട്ട് ചെയ്തതുകൊണ്ട് പലരും തെറ്റിദ്ധരിച്ചതാണെന്നും ശരിക്കും മലപ്പുറം കൊണ്ടോട്ടിയുടെ അടുത്ത് നെടിയിരുപ്പ് ആണ് തന്റെ സ്ഥലമെന്നും പറയുന്നു അദ്ദേഹം. ‘ഹനുമാൻ കൈൻഡ്’ എന്ന പേരിനു പിന്നിലും ചില കൗതുകങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇന്ത്യൻ റൂട്സ് ഉള്ളൊരു പേരാണ് ഹനുമാൻ. ഹനുമാൻ എന്ന പേരിനൊപ്പം ശക്തിയുണ്ട്. അതിനൊപ്പം ലോകത്തെ മുഴുവൻ ഉൾപ്പെടുത്താൻ ‘മാൻകൈൻഡ്’ മിക്സ് ചെയ്തുള്ള ചേർത്തുള്ള കോംബിനേഷാണ് ‘ഹനുമാൻ കൈൻഡ്’.

സകലതും സംഗീതമാണ് ഹനുമാൻകൈൻഡിന്. സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും പദ്ധതിയിട്ടിരുന്നില്ല. അപ്രതീക്ഷിതമായാണ് ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലേക്ക് അവസരം കിട്ടിയത്. ഒന്നും ഫോഴ്സ് ചെയ്യുന്നില്ല. ഒന്നിലേക്കും ചാടിക്കയറുന്നുമില്ല. 2025ൽ കൊച്ചെല്ല മ്യൂസിക് ഫെസ്റ്റിവൽ ഉണ്ട്. ഹനുമാൻകൈൻഡിന് വലിയ പ്രതീക്ഷ നൽകുന്ന വേദിയാണത്, അക്ഷരാർഥത്തിൽ ഒരു സ്പ്നവേദി. തന്റെ ടീമിനൊപ്പം പോയി പെർഫോം ചെയ്യാനാകുന്നത് വലിയൊരു അംഗീകാരമായി കാണുന്നു ഹനുമാൻകൈൻഡ്. 

English Summary:

Interview with rapper Hanumankind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com