എന്റെ പേരിനു പകരം മറ്റു ഗായകരുടെ പേര് നൽകിയത് ബിസിനസ്സിനു വേണ്ടി: ലതിക അഭിമുഖം
Mail This Article
പാട്ടുകൾ ഏറെ പാടിയിട്ടുണ്ടെങ്കിലും അവയിൽ പലതിന്റെയും ക്രെഡിറ്റുകൾ മറ്റു ഗായകരുടെ പേരിലായി. എന്നിട്ടും പരാതിയോ പരിഭവമോ പറയാതെ സംഗീതത്തെ കൂട്ടുപിടിച്ചു സന്തോഷത്തോടെ ജീവിക്കുകയാണ് ഗായിക ലതിക. മലയാളികളുടെ ഗൃഹാതുരതയുടെ അടയാളമായ ഹമിങ്ങുകളുടെ സ്വന്തം പാട്ടുകാരിയായ ലതിക, പാട്ടു വിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിന്റെ സംഗീത അഭിമുഖ പാരമ്പരയായ പാട്ടുപുസ്തകത്തിൽ.
വലിയൊരു സംഗീത പാരമ്പര്യം അവകാശപ്പെടാൻ പറ്റുന്നൊരു ഗായികയാണ് ടീച്ചർ. പിതാവ് ഭാഗവതർ ആയിരുന്നു. കുട്ടിക്കാലം മുതലുള്ള പാട്ടു പഠനത്തെക്കുറിച്ചൊരു ഓർമ്മകൾ?
ചെറിയ വയസ്സിലേ പാടി തുടങ്ങി. അച്ഛനും അമ്മയും പാട്ടുകാരാണ്. അച്ഛൻ കുട്ടികളെ പഠിപ്പിക്കുന്നതൊക്കെ കേട്ടു കേട്ടു ചെറിതിലേ ഞാൻ പാടി തുടങ്ങി. സിസ്റ്റമാറ്റിക്കിലി പഠിച്ചത് കുറച്ചു കൂടി മുതിർന്ന ശേഷമാണ്. മങ്ങാട് നടേശൻ സാർ, എന്റെ ഒരു റിലേറ്റീവ് കൂടി ആണ്. അദ്ദേഹത്തിന്റെ അടുത്തു കുറച്ചുനാൾ പഠിച്ചു. പിന്നെ വി. എസ്. രാജൻലാൽ കുറച്ചുനാൾ എന്നെ സംഗീതം പഠിപ്പിച്ചു. അതൊക്കെയാണ് പാട്ടു പഠനത്തിന്റെ ഓർമകൾ.
സിനിമയിൽ പിന്നണി പാടി തുടങ്ങിയത് യേശുദാസ് എന്ന മഹാഗായകന്റെ ഒപ്പം ആയിരുന്നു. അത് ഭാഗ്യം. വലിയൊരു അവസരം ആയിരുന്നു. കാരണം എല്ലാ ഗായകർക്കും കിട്ടുന്നൊരു അവസരം അല്ലല്ലോ അത് ?
തീർച്ചയായും, ദാസേട്ടൻ എന്നു പറഞ്ഞാൽ കാണാൻ കൊതിച്ചിരിക്കുന്നയാളാണ്. ദൈവ തുല്യം കാണുന്നൊരു വ്യക്തിയാണ്. അദ്ദേഹത്തെ നേരിട്ട് കാണുന്നത് തന്നെ സ്റ്റുഡിയോയിൽ വച്ചാണ്. ആദ്യ ഗാനം വലിയ ഭാഗ്യം തന്നെ ആയിരുന്നു.
മലയാള രംഗത്തെ ഹമ്മിങ്ങുകളുടെ ഗായികയാണ് ലതിക. വന്ദനം, താളവട്ടം, ചിത്രം അങ്ങനെ നിരവധി സിനിമകളിൽ പാടി. അവയൊക്കെ മലയാളികളുടെ ഗൃഹാതുരതയുടെ അടയാളം കൂടിയാണ്. പക്ഷേ ആ പാട്ടുകൾ പാടിയത് ആരാണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. സോഷ്യൽ മീഡിയ ഒക്കെ വന്നതിനുശേഷം കുറെ പേർക്കെങ്കിലും അറിയാം. പക്ഷേ എന്നിരുന്നാൽ പോലും ഇപ്പോഴും മറ്റു ഗായികമാരുടെ പേരിലാണ് ആ ഹമ്മിങ്ങുകൾ പലതും ധരിച്ചുവച്ചിരിക്കുന്നത്. അതിനോടുള്ള പ്രതികരണം?
മസ്കറ്റിൽ പ്രോഗാമിനു പോയപ്പോൾ ഹമ്മിങ് മാത്രം ഞാൻ പാടി. ജോൺസൺ മാഷിന്റെ മഹത്വം പറയാൻ വേണ്ടിയിട്ടു തന്നെയാണ് ഞാൻ അത് ചെയ്തത്. കാരണം പശ്ചാത്തല സംഗീതത്തിന്റെ പ്രധാന്യം എല്ലാവരും അറിയണം. അതിനുവേണ്ടിയാണ് ഹമ്മിങ്ങിനു വേണ്ടി തന്നെ ഒരു പ്രോഗ്രാം ചെയ്തത്. അതിന് ശേഷം പലരും അറിഞ്ഞു. അതൊക്കെ പാടിയത് ഞാൻ ആണെന്ന്. ഇപ്പോൾ പിന്നെ റിയാലിറ്റി സോഷ്യൽ മീഡിയ ഒക്കെ ഉള്ളത് കൊണ്ട് കുറേപ്പേരെങ്കിലും മനസിലാക്കി വരുന്നുണ്ട്. അത് മതി.
അത് ഒരു വിഷമിപ്പിക്കുന്ന ഒരു സംഗതിയായിരുന്നില്ലേ? എത്രയോ വർഷങ്ങൾക്ക് മുമ്പ് പാടിയതാണ് പക്ഷേ ഇപ്പോഴും അധികമാരും ഗായികയെ അറിയുന്നില്ലല്ലോ?
അത് എനിക്ക് ശീലം ആണ് അതുകൊണ്ട് പ്രശ്നമില്ല. എന്റെ പാട്ടുകൾ മറ്റു പലരുടേയും പേരിലാണ് ഇപ്പോഴും ആളുകൾ കരുതി വച്ചിരിക്കുന്നത്. ഞാൻ അങ്ങനെ പരാതിയൊന്നും പറയാറില്ല. പിന്നെ ആ കാലത്ത് അതൊക്കെ ഒരു ബിസിനസ്സിന്റെ ഭാഗം ആയിരിക്കണം.
അല്ലെങ്കിൽ പിന്നെ അങ്ങനെ എന്തിനു ചെയ്യണം. എന്റെ പേരിനു പകരം മറ്റു പ്രശസ്തരായ ഗായകരുടെ പേരുകൾ ചേർത്താൽ അത് ബിസിനസ്സിന് ഗുണം ചെയ്യുമല്ലോ. എനിക്ക് അതിൽ പരാതി ഒന്നുമില്ല. ക്രെഡിറ്റ് നഷ്ടപ്പെടുന്നത് എനിക്ക് ശീലം ആണ്.
ഇപ്പോഴത്തെ പാട്ടുകൾക്ക് ആയുസ് ഇല്ലാ എന്നു വേണം പറയാൻ. കേൾക്കുന്നു, ആസ്വദിക്കുന്നു. ഈ തലമുറയിൽ പ്രതിഭകൾ ഇല്ലാത്തതുകൊണ്ടാണോ? അതോ തലമുറയുടെ ഇഷ്ടം മാറി വരുന്നത് കൊണ്ടാണോ?
ഇഷ്ടം മാറിയിട്ടുണ്ട്. ഇപ്പോഴത്തെ പിള്ളേർക്ക് ഒരുപാടു സോഴ്സ് ഉണ്ട്. എല്ലാ ടൈപ്പും കേൾക്കാനുള്ളൊരു ഫെസിലിറ്റിസ് ഉണ്ട്. ഞാൻ പാടുന്ന സമയത്ത് എന്റെ വീട്ടിൽ ഒരു റേഡിയോ പോലും ഇല്ലാ. ടിവി ഇല്ലാ, ടേപ്പ് റിക്കോർഡർ ഇല്ലാ. ഇപ്പോൾ ജനിക്കുന്ന കുഞ്ഞ് പാട്ടുകേട്ടാണ് വളരുന്നത്. അത്രയും സൗകര്യങ്ങൾ ഉണ്ട്. അപ്പോൾ അവരുടെ ആസ്വാദന രീതികളും മാറി വരും.