അഡാറ് ഐറ്റം ഡാൻസുമായി 'ബാബ്വേട്ടാ', വക്കീലിനെ കാണാൻ കാത്തിരിപ്പ്
Mail This Article
നേഹ അയ്യരുടെ ഐറ്റം ഡാൻസുമായി എത്തുകയാണ് ദിലീപ് ചിത്രം 'കോടതി സമക്ഷം ബാലൻ വക്കീലി'ലെ 'ബാബ്വേട്ടാ' എന്ന ഗാനം. പ്രണവം ശശിയും സിത്താര കൃഷ്ണകുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറിന്റെ സംഗീതം.
ഗാനത്തിന്റെ ഓഡിയോ എത്തിയപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അതേ സമയം ഐറ്റം ഡാൻസ് മലയാളം ഗാനം എന്നതുകൊണ്ടു തന്നെ ഗാനത്തിന്റെ വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ഗാനത്തിനു താഴെ വരുന്ന കമന്റുകൾ. ഇത്രയും മോശമായ രീതിയിൽ ഈ പാട്ട് വേണ്ടിയിരുന്നില്ലെന്ന് അഭിപ്രായം പറഞ്ഞവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് ചിലർ. ഇത്തരം ഗാനങ്ങൾ തമിഴിലോ തെലുങ്കിലോ വന്നാൽ ഗംഭീരമെന്നു പറയുന്നവർ തന്നെയാണ് മലയാളത്തിൽ വരുമ്പോൾ വിമർശിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം.
ചിത്രത്തിലെ തന്നെ തേൻ പനിമതിയേ എന്ന ഗാനത്തിന്റെ വിഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മനോഹരമായ മെലഡിയായാണ് ഈ ഗാനം എത്തുന്നത്. നാലുഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. നാലുഗാനങ്ങളുടെയും വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. രണ്ടു ഗാനങ്ങൾക്കു സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറും രണ്ടുഗാനങ്ങൾക്ക് രാഹുൽ രാജുമാണ്. ഹരിശങ്കർ, പ്രണവം ശശി, സിത്താര കൃഷ്ണകുമാർ, സാഷ തൃപാഠി, യാസിൻ നിസാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
രണ്ടരലക്ഷത്തോളം ആളുകൾ ഇതിനോടകം തന്നെ 'ബാബ്വേട്ടാ' എന്ന ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. മംമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാർ. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും.