അടിച്ചമർത്തുമ്പോൾ ഓർക്കുക; ഒരു ഉയിർത്തെഴുന്നേൽപ്പുണ്ട്
Mail This Article
മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന വാർത്ത കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു സംഭവം. ഈ കൊലപാതകത്തിന് ഒരുവർഷം തികയുന്ന അവസരത്തില്‍ ആദിവാസികൾ നേരിടുന്ന യാതനയുടെ കഥ പറയുകയാണ് ഈ മ്യൂസിക് വിഡിയോ. എന്നാൽ അടിച്ചമർത്തലുകൾക്കൊടുവിൽ ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടാകുമെന്ന ശുഭസൂചനയിലൂടെയാണു ഗാനം അവസാനിക്കുന്നത്. സമൂഹത്തിൽ ആദിവാസി–ദളിതു വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ മുൻനിർത്തി എത്തുന്ന ഗാനം ചില പ്രസക്ത ചോദ്യങ്ങൾ ഉന്നയിക്കുന്നു.
'കഥയറിവുണ്ടോ തമ്പ്രാൻമാരെ കാറ്റു കുറുക്കാറായ്
മേൽക്കോയ്മകളെ കത്തിയെരിക്കാൻ തീമഴപെയ്യാറായ്
ഞങ്ങളുതൊട്ട കിണറ്റിൽ ഞങ്ങളെ മുക്കിക്കൊല്ലുമ്പോൾ
പുരയിൽ മക്കളുറങ്ങും നേരം ചുട്ടുകരിക്കുമ്പോൾ
രാവിതിൽ മുക്കി മുറുക്കിയൊരായുധം ഉടലിൽ കയറി ഇറങ്ങുമ്പോൾ
പിറന്ന മണ്ണിൽ നിന്നും ഞങ്ങളെ ആട്ടിയിറക്കുമ്പോൾ
പിടിച്ചുകെട്ടാനാകാത്തൊരു വെള്ളിടി നാദങ്ങൾ
കടുത്ത ചങ്ങല പൊട്ടിച്ചെറിയും ഉറക്കെ വിളിച്ചോതും.'
സമകാലീക രാഷ്ട്രീയ സംഭവങ്ങളോട് അടുത്തുനിൽക്കുന്ന വരികൾ രഞ്ജിത്ത് ചിറ്റാടയുടെതാണ്. രഞ്ജിത്ത് ചിറ്റാടതന്നെയാണു സംഗീതവും. രതീഷ് നാരായണനാണ് ആലാപനം. റാഫി നിലങ്കാവില്‍ സംവിധാനം ചെയ്യുന്ന നണ്‍ ഓഫ് ദ് എബൗ എന്ന ചിത്രത്തിലേതാണു ഗാനം. ആദിവാസി ഊരിലെ മുഴുവൻ ജനങ്ങളെ ഉൾപ്പെടുത്തിയാണു ഗാനം ചിത്രീകരിച്ചതെന്ന് സിനിമയുടെ സംവിധായകൻ റാഫി നിലങ്കാവിൽ പറയുന്നു. അടിച്ചമർത്തപ്പെടുന്ന ജനതയുടെ ഉയിർത്തെഴുന്നേൽപാണു ഗാനം മുന്നോട്ടുവെക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷണൽ സോങ്ങായി എത്തുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരിക്കുന്നു.