ADVERTISEMENT

പ്രശസ്ത സംഗീതജ്ഞൻ വി.ദക്ഷിണാ മൂർത്തി സ്വാമികളുടെ നൂറാം ജൻമദിനത്തിൽ ഗുരുവിനെ ഓർത്ത് യേശുദാസ്. ദക്ഷിണാമൂർത്തിയുടെ ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചിരിക്കുന്നത് യേശുദാസാണ്. ദക്ഷിണാ മൂർത്തി സ്വാമികളില്ലെങ്കിൽ യേശുദാസ് എന്ന ഗായകനില്ല. അദ്ദേഹമുള്ളതു കൊണ്ടാണ് എത്ര ബുദ്ധിമുട്ടുള്ള ഗാനങ്ങളും തനിക്കു പാടാൻ സാധിച്ചതെന്നും യേശുദാസ് പറഞ്ഞു.

യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ: ‘സകലത്തിനും കാരണഹേതുവായ ജഗദീശ്വരനു പ്രണാമം. ഗുരു ഇല്ലെങ്കിൽ ഒന്നും ഇല്ല. എന്റെ ജീവിതത്തിൽ അച്ഛനാണ് ആദ്യത്തെ ഗുരു. അവർ രണ്ടു പേരും പരസ്പരം വിളിച്ചിരുന്നത് മച്ചാൻ എന്നാണ്. അഭയദേവ് സാറും ഉണ്ടായിരുന്നു. ഇവർ മൂന്നു പേരും അളിയാ അളിയാ എന്നാണ് വിളിച്ചിരുന്നത്. ഇന്നു ഞാനെന്ത് പാടുന്നുവോ അത് സ്വാമിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. വളരെ ചെറിയ വയസ്സിലാണ് ഞാൻ ഗോമതിയെ കാണുന്നത്. അന്ന് അച്ഛൻ (വി. ദക്ഷിണാമൂർത്തി) എടുത്തു കൊണ്ടു നടക്കുമായിരുന്നു. അങ്ങനെ എടുത്തു നടന്നതിനാലാണ് ഇവളിങ്ങനെയായത്. ദക്ഷിണാമൂർത്തി സ്വാമിയുടെ കയ്യിലുണ്ടായിരുന്നതെല്ലാം അവൾ ഊറ്റിയെടുത്തു. അവൾ സംഗീതം പഠിച്ചിട്ടുണ്ടോ എനിക്കു സംശയമാണ്. കാരണം അച്ഛൻ എടുത്തു നടക്കുമ്പോൾ തന്നെ അവൾക്കായി എല്ലാം നൽകി. ഗുരു അറിവ് പകർന്നു നൽകിയാലും ഒരു പരിധിയുണ്ട്. സദാസമയവും അദ്ദേഹത്തോട് ഒപ്പം നിന്ന് സ്വായത്തമാക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഗോമതി. അത് അവളുടെ മഹാഭാഗ്യം'. 

യേശുദാസ് ഇത്രയും പറഞ്ഞപ്പോൾ ദക്ഷിണാ മൂർത്തി സ്വാമികളുടെ മകളും കർണാടക സംഗീതജ്ഞയുമായ ഗോമതിയുടെ കണ്ണു നിറഞ്ഞു. സ്വാമികളുടെ സംഗീത ജ്ഞാനം വാക്കുകളിൽ ഒതുങ്ങുന്നതെല്ലെന്നും യേശുദാസ് കൂട്ടിച്ചേർത്തു. ‘അദ്ദേഹത്തിന്റെ രക്തത്തിൽ സംഗീതം അലിഞ്ഞു ചേർന്നിരുന്നു. സ്വപ്നങ്ങൾ  എന്ന ഗാനം ആലപിക്കാൻ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. ‘സ്വ’ എന്ന പദത്തിൽ തന്നെ ഒളിഞ്ഞിരിക്കുന്ന സംഗീതമുണ്ട്. അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ പാടാൻ കഴിഞ്ഞു. ദക്ഷിണാമൂർത്തി സ്വാമികളുടെ ഗാനങ്ങൾ പാടിയതിനാലാണ് എത്രയും ബുദ്ധിമുട്ടുള്ള ഗാനങ്ങളും നിഷ്പ്രയാസം പാടാന്‍ സാധിച്ചത്. സ്വന്തം പിതാവിനെ പോലെ തന്നെയായിരുന്നു എനിക്ക് അദ്ദേഹം.’.– യേശുദാസ് പറഞ്ഞു. 

ദക്ഷിണാ മൂര്‍ത്തി സ്വാമികള്‍ ചിട്ടപ്പെടുത്തിയ കീർത്തനങ്ങളിൽ പതിനെട്ട് എണ്ണം തിരഞ്ഞെടുത്ത് വിദ്യാർഥികളെ പഠിപ്പിച്ചു മകൾ ഗോമതി. അദ്ദേഹത്തന്റെ നൂറാം ജൻമദിനത്തോട് അനുബന്ധിച്ച് ആദര സൂചകമായി കീർത്തനങ്ങൾ അവതരിപ്പിച്ചു . ഈ പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു യേശുദാസ് ദക്ഷിണാമൂർത്തി സ്വാമികളെ ഓർത്തത്. നിലവിൽ ദക്ഷിണാമൂർത്തി വിദ്യാലയ എന്ന പേരിൽ കര്‍ണാടക സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മകൾ ഗോമതി അദ്ദേഹത്തിന്റെ പേരിൽ വിദ്യാലയവും നടത്തുന്നുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com