അനുരാധ ശ്രീറാം, മലയാളി നെഞ്ചിലേറ്റിയ ഗായിക അമ്മയ്ക്ക് നൽകിയത്...!
Mail This Article
മലയാളി അല്ലെങ്കിലും ശരാശരി കേരളീയ സംഗീതാസ്വാദകന്റെ മനസ്സിൽ അനുരാധ ശ്രീറാമിന് ഒരിടമുണ്ട്. റിയാലിറ്റി ഷോകളിലൂടെയും മറ്റുമാണ് അനുരാധയെ മലയാളിക്കു സുപരിചിതം. പാട്ടുപോലെ തന്നെ അതിമധുരമാണ് അനുരാധയുടെ സംസാരവും. മുൻഗായിക രേണുകാ ദേവിയുടെ മകള്‍. ആ അമ്മയ്ക്കായി പാട്ടിലൂടെ ആദരവർപ്പിക്കുകയാണ് അനുരാധ.
‘കമനീയം’ എന്നു പേരിട്ടിരിക്കുന്ന മെഡ്‌ലി ബിജിബാലിന്റെ ബോധി സൈലന്റ് സ്കേപ്പ് ആണ് എത്തിക്കുന്നത്. രേണുകാ ദേവിയുടെ പ്രശസ്തമായ ആറു ഗാനങ്ങളാണ് മെഡ്‌ലിയിൽ. കമനീയ കേരളമേ, അമ്മേ അമ്മേ അമ്മേ നമ്മുടെ, എല്ലാം ശിവമയം, കടക്കണ്ണിൻ മുനകൊണ്ട്, നീലാഞ്ജനക്കിളീ, കണികാണും നേരം എന്നീ ഗാനങ്ങളാണ് അനുരാധ ആലപിക്കുന്നത്. ഒരുകാലത്ത് മലയാളിയുടെ പ്രിയപ്പെട്ട ഗാനങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഗാനങ്ങളായിരുന്നു ഇവ. എഴുപത്തിനാലാം വയസ്സിലേക്കു പ്രവേശിക്കുന്ന രേണുകാ ദേവിയ്ക്ക് മകൾ നൽകുന്ന സംഗീത വിരുന്ന് എന്ന കുറിപ്പോടെയാണ് വിഡിയോ എത്തുന്നത്.
വിഡിയോയുടെ ട്രെയിലർ വന്നപ്പോൾ തന്നെ ഇതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകരുടെ പ്രതികരണം. ട്രെയിലർ നേരത്തെ ബിജിബാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അനുരാധ മികച്ച ഗായികയാണെന്നും, ഇത് മനോഹരമായ മെഡ്‌ലി ആയിരിക്കുമെന്നും ട്രെയിലർ പങ്കുവച്ചു കൊണ്ട് ബിജിബാൽ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘കമനീയം’