നാലാംമാസത്തിൽ വിരലുകൾ ചലിപ്പിച്ചത് പിയാനോയിലെന്ന പോലെ; ലിഡിയനെ ചേർത്തു പിടിച്ച് റഹ്മാൻ
Mail This Article
ഒരു മില്യൺ ഡോളർ (ഏഴരക്കോടി) സമ്മാനവുമായി ‘ദ് വേൾഡ്സ് ബെസ്റ്റ്’ ആയി ലിഡിയൻ നാദസ്വരം എന്ന പതിമൂന്നുകാരൻ ജന്മനാട്ടിലേക്കു തിരികെ എത്തുമ്പോൾ ഇന്ത്യയുടെ അഭിമാനം വാനോളമാണ്. അമേരിക്കൻ റിയാലിറ്റി ഷോയായ ദ് വേൾഡ് ബെസ്റ്റിലായിരുന്നു ലിഡിയൻ വിജയിയായത്. വിധികർത്താക്കളെയും കാണികളെയും അമ്പരപ്പിക്കും വിധമായിരുന്നു ലിഡിയന്റെ പ്രകടനം. എ.ആർ റഹ്മാന്റെ ചെന്നൈയിലുള്ള സംഗീത വിദ്യാലയത്തിൽ പഠിക്കുകയാണ് ലിഡിയൻ. ലോകശ്രദ്ധയാകർഷിച്ച പ്രകടനത്തെ കുറിച്ചും, റിയാലിറ്റി ഷോയെ കുറിച്ചും എ.ആർ. റഹ്മാനോടു അനുഭവം പങ്കുവെക്കുകയാണ് ഈ കുഞ്ഞു പിയാനിസ്റ്റ്.
എട്ടാംവയസ്സിൽ അതിഗംഭീരമായി ഡ്രംസ് വായിച്ചാണ് ലിഡിയൻ ആദ്യം പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധനേടുന്നത്. പിയാനോയിൽ എത്രത്തോളം ഉയരങ്ങളിലെത്താൻ സാധിക്കുന്നുവോ അത്രയും ഉയരങ്ങളിലെത്തണമെന്നാണ് ആഗ്രഹമെന്ന് ലിഡിയൻ റഹ്മാനോടായി പറഞ്ഞു. തന്റെ സംഗീത സ്വപ്നങ്ങൾ പങ്കുവച്ച ലിഡിയനെ റഹ്മാൻ വിശേഷിപ്പിച്ചത് ഇന്ത്യയുടെ ‘മ്യൂസിക് അംബാസിഡർ’ എന്നാണ്. എ.ആർ. റഹ്മാന്റെ വാക്കുകൾ ഇങ്ങന: ‘ലിഡിയന്റെ വിജയം എന്റെ വിജയമായാണ് എനിക്കു തോന്നുന്നത്. ലോകം അധികം ശ്രദ്ധിക്കാത്ത, തിരസ്കരിക്കപ്പെട്ട ഒരു നഗരമായിരുന്നു ചെന്നൈ. ലോകത്തിന്റെ ശ്രദ്ധ ലിഡിയൻ ചെന്നൈയിലേക്ക് എത്തിച്ചു. ഇതിന് ഞാൻ എപ്പോഴും ലിഡിയനോടു കടപ്പെട്ടിരിക്കുന്നു.’
ചെന്നൈയിലെ സംഗീത വിദ്യാലയത്തിന്റെ പതിനൊന്നാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങിലാണ് റഹ്മാൻ ഇക്കാര്യങ്ങൾ പറഞ്ഞത്. 150 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളിയാണ് ലിഡിയൻ വിജയകിരീടം ചൂടിയത്. റിയാലിറ്റി ഷോയുടെ വിധികർത്താക്കളെ പോലും അമ്പരപ്പിച്ചായിരുന്നു റിയാലിറ്റി ഷോയിൽ ലിഡിയൻ നാദസ്വരത്തിന്റെ പ്രകടനം. ‘പതിമൂന്നാം വയസ്സിൽ ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ ഞാൻ സംതൃപ്തനാണ്. ഇത് എന്റെ ആദ്യത്തെ മത്സരമാണ്. പക്ഷേ, എനിക്ക് ഒട്ടും ഭയം തോന്നിയിരുന്നില്ല.’ സംഗീത സംവിധായകനാകാണ് ലിഡിയന്റെ എക്കാലത്തെയും ആഗ്രഹം. 2023 ൽ എലൻ മസ്കിന്റെ സ്പേസ് എക്സ് പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള ആഗ്രഹവും ലിഡിയൻ പങ്കുവെക്കുന്നു.
എല്ലാ ദിവസവും എട്ടുമണിക്കൂറോളം ലിഡിയൻ പരിശീലനം നടത്തും. കുഞ്ഞായിരിക്കുമ്പോൾ തന്നെ ലിഡിയനിൽ പിയാനിസ്റ്റിന്റെ കഴിവുകളുണ്ടെന്ന് മനസ്സിലായിരുന്നതായി പിതാവ് പറയുന്നു.‘നാലാം മാസം മുതൽ തന്നെ ലിഡിയന്റെ വിരലുകളുടെ ചലനം അതിശയിപ്പിച്ചിരുന്നു. അവന് ഒരുവയസ്സായപ്പോഴാണ് ഞങ്ങൾ അത് കാര്യമായി ശ്രദ്ധിക്കാൻ. വിരലുകൾ എപ്പോഴും പിയാനോയിലെന്ന പോലെ അവൻ ചലിപ്പിക്കുമായിരുന്നു. ആദ്യമൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അവന്റെ മുന്നിൽ പതിവായി ഞാൻ പിയാനോ വായിക്കുമായിരുന്നു. അത് വളരെ വേഗത്തിൽ അവൻ പഠിച്ചെടുക്കുന്നതു കണ്ടപ്പോൾ അത്ഭുതം തോന്നി.' ലിഡിയന്റെ പിതാവ്‍ വർഷൻ സതീഷ് പറയുന്നു. തമിഴ് സംഗീത സംവിധായകനാണ് വർഷൻ സതീഷ്. ലിഡിയൻ പലപ്പോഴും പിതാവിനെ സംഗീത സംവിധാനത്തില്‍ സഹായിക്കും. ലിഡിയന്റെ സഹോദരിയും പിയാനോയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്