ആര് എതിർത്താലും പ്രശ്നമല്ല, ചിൻമയി ‘ഇല്ല’ എന്നു പറയുംവരെ പാടും: ഗോവിന്ദ് വസന്ത
Mail This Article
മീടു ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകളിൽ ഏറെ ചർച്ചയായിരുന്നു ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിൻമയി ശ്രീപാദയുടെ ആരോപണം. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു ചിൻമയി ലൈംഗികാരോപണം ഉന്നയിച്ചത്. തുടർന്ന് വലിയ വെല്ലുവിളികളാണ് ചിൻമയിക്കു നേരിടേണ്ടി വന്നത്. ഡബ്ബിങ് യൂണിയനിൽ നിന്നും പുറത്താക്കപ്പെടുകയും, അവസരങ്ങൾ നിഷേധിക്കപ്പെടുന്നതായും ചിൻമയി തന്നെ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ ചിൻമയിക്കു പൂർണ പിന്തുണയുമായി എത്തുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത.
‘ചിൻമയി, ഇല്ല എന്നു പറയുന്നതുവരെ ആര് എതിർത്താലും ചിൻമയിയെ കൊണ്ടു പാടിക്കും’ എന്ന് ഗോവിന്ദ് വസന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ കയ്യടി നേടുകയാണ് ഗോവിന്ദിന്റെ പോസ്റ്റ്. ഗോവിന്ദിനോടുള്ള സ്നേഹം അറിയിച്ചുകൊണ്ടാണ് ചിൻമയി പോസ്റ്റ് പങ്കുവച്ചത്.
ഗോവിന്ദിന്റെ നിലപാടിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി. വൈരമുത്തുവിനെതിരായ വെളിപ്പെടുത്തലിനെ തുടർന്ന് വലിയ ഭീഷണിയും ചിൻമയി നേരിടേണ്ടി വന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചാലും പറഞ്ഞകാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും നിയമവഴി സ്വീകരിക്കുമെന്നും ചിൻമയി പറഞ്ഞു.