ആദിവാസികൾ ക്രൂശിക്കപ്പെടുന്ന ഒരു നിയമം; കാലികം ഈ ‘നമ്മ കനാത്ത്’
Mail This Article
നിയമത്തിന്റെ നൂലാമാലകളിൽ അറിയാതെയെങ്കിലും അകപ്പെട്ടു പോകാറുണ്ട് സാധാരണ മനുഷ്യർ. ആദിവാസി ഗോത്രവിഭാഗത്തിനിടയിൽ ഇത്തരം സംഭവങ്ങൾ സർവ സാധാരണവും. അത്തരം ഒരു സംഭവവുമായി ബന്ധപ്പെട്ട് എത്തുകയാണ് ‘നമ്മ കനാത്ത്’ എന്ന മ്യൂസിക് വിഡിയോ.
സമകാലീന സംഭവങ്ങളോട് ചേർന്നു നിൽക്കുന്നതാണ് ഈ വിഡിയോ. പോക്സോ നിയമവും അതുമായി ബന്ധപ്പെട്ട് ആദിവാസി സമൂഹം നേരിടുന്ന പ്രശ്നവുമാണ് മ്യൂസിക് വിഡിയോയുടെ പ്രമേയം. ജോ പോളിന്റെതാണു വരികൾ. സൂരജ് സന്തോഷാണു ഗാനം ആലപിച്ചിരിക്കുന്നത്. അഫ്സൽ യൂസഫിന്റെതാണു സംഗീതം. ഫോട്ടോഗ്രഫറിലൂടെ ബാലതാരമായി എത്തിയ മണിയാണ് മ്യൂസിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.
മ്യൂസിക് വിഡിയോയെ പറ്റി സംഗീത സംവിധായകൻ അഫ്സൽ യൂസഫിന്റെ വാക്കുകൾ ഇങ്ങനെ: ‘ട്രൈബൽ കമ്യൂണിറ്റിയിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായാൽ അവർ തമ്മിലുള്ള വിവാഹം നടക്കുന്നത് പ്രായപൂർത്തി ആയവരാണോ അല്ലയോ എന്നു നോക്കിയല്ല. അവർക്കിടയിൽ ഇത്തരം അന്വേഷണങ്ങൾ വളരെ കുറവാണ്. പലപ്പോഴും ഇവരുടെ വിവാഹത്തിൽ സംഭവിക്കുന്നത് പുരുഷൻ പ്രായപൂർത്തിയായിട്ടുണ്ടാകും. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായി കാണില്ല എന്നതായിരിക്കും വസ്തുത. പുറത്തു നിന്നും റിപ്പോർട്ട് ചെയ്യുമ്പോൾ പോക്സോ നിയമപ്രകാരമാണ് കേസെടുക്കുന്നത്. എന്നാൽ അത്തരം ഒരു സന്ദർഭം ഇവിടെയില്ല. കാരണം ഇരുവരുടെയും പരസ്പര സമ്മതത്തോടെയായിരിക്കും വിവാഹം. അത്തരം ബന്ധങ്ങളിൽ പെൺകുട്ടിക്കു പരാതിയും ഉണ്ടാകാറില്ല. അത്തരം കേസുകൾ മുൻപുണ്ടായിട്ടുണ്ട്. വർഷങ്ങളോളം ശിക്ഷിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായി. പലപ്പോഴും ഇത്തരം കേസുകളിൽ കോടതിക്കു മുന്‍പാകെ പെണ്‍കുട്ടികള്‍ തന്നെ പരാതിയില്ലെന്നു പറഞ്ഞിട്ടുണ്ട്.’
‘ആന അലറലോടലറൽ’ എന്ന ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ അജി കൊളോണിയയാണ് മ്യൂസിക് വിഡിയോയുടെ സംവിധാനം. ഉമ ലോക്നാഥ് ആണ് നിർമാണം. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിഡിയോ.