ഇതാണ്, സംഗീതത്തോടുള്ള നീതി; കാലത്തിനിപ്പുറം സ്വാതിതിരുന്നാൾ കേൾക്കും; തീർച്ച
Mail This Article
പാരമ്പര്യത്തെ നെഞ്ചോടു ചേർക്കുന്നവരാണ് ഭാരതീയർ എന്നത് സംഗീതപ്രേമികളെ നിരീക്ഷിച്ചാൽ അറിയാം. എത്ര ഗാനങ്ങൾ എത്തിയാലും പാരമ്പര്യത്തിൽ ഊന്നിയ സംഗീതം കേൾക്കുമ്പോൾ ആസ്വാദക മനം ആനന്ദത്താൽ നിറയും. ഭക്തിയുടെ ആത്മീയ ഭാവം നൽകും അവ ചിലപ്പോൾ. അതി മനോഹരമായ സ്വാതിതിരുന്നാൾ ഭജനാണ് ഇപ്പോൾ ആസ്വാദക മനം നിറയ്ക്കാൻ എത്തുന്നത്. രേണുക അരുണിന്റെ അതിമനോഹരമായ ആലാപനം.
സ്വാതി തിരുന്നാളിന്റെ ചലിയേ കുഞ്ജനമോ എന്ന ഭജനാണ് രേണുക ആലപിക്കുന്നത്. വൃന്ദാവന സാരംഗ രാഗത്തിലാണു ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുരാതന ഹിന്ദി ഭാഷയിലാണ് വരികൾ എഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാനി ഭജനുകളോട് ചേർന്നു നിൽക്കുന്ന സംഗീത പ്രയോഗങ്ങൾ കൂടുതലായി കേൾക്കാം. ശ്രീകൃഷ്ണനെ പൂങ്കാവനത്തിലേക്ക് തന്റെ കൂടെ ക്ഷണിക്കുകയാണു ഗായിക എന്നതാണ് കീർത്തനത്തിന്റെ സങ്കൽപം. കർണാടക സംഗീതത്തിലെ പതിവ് ശൈലി മാറ്റി ഗിറ്റാറിന്റെ പിന്തുണയിലാണ് രേണുക ഈ ഭജൻ അവതരിപ്പിക്കുന്നത്.
രേണുകയുടെ ആലാപനവും മനോഹരമായ ദൃശ്യാവിഷ്കാരവും ഗാനത്തിനു മിഴിവേകുന്നു. സുമേഷ് പരമേശ്വറിന്റെതാണ് ഗിറ്റാർ. ഹരികൃഷ്ണൻ ഡി അയ്യർ സംവിധാനം ചെയ്തിരിക്കന്ന മ്യൂസിക് വിഡിയോ ആസ്വാദകരിലേക്ക് എത്തിക്കുന്നത് ഗോൾഡൻ ലയർ മ്യൂസിക് ഫൗണ്ടേഷനാണ്