അങ്ങനെ ചേർത്തു പിടിക്കണം; മഴ നനയും പോലെ സുഖമുള്ള പ്രണയവുമായി അവർ
Mail This Article
‘നീ മുകിലോ, പുതുമഴ മണിയോ
തു വെയിലോ ഇരുളല നിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന
ഉയിരിൽ നിറയും അതിശയകരഭാവം’
മഴയോ മഞ്ഞോ ഇളവെയിലോ കാറ്റോ എന്തുമാകാം പ്രണയം. അങ്ങനെ പ്രത്യേകിച്ച് നിർവചനമൊന്നും നൽകാനാകാൻ കഴിയാത്ത ഒന്ന്. അത്തരത്തിൽ അതിമനോഹരമായ പ്രണയഗാനവുമായി എത്തുകയാണ് പാർവതിയും ആസിഫ് അലിയും. ‘ഉയരെ’ എന്ന ചിത്രത്തിലേതാണ് ‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം. റഫീഖ് അഹമ്മദിന്റെ വരികൾ. സിത്താര കൃഷ്ണകുമാറിന്റെയും വിജയ് യേശുദാസിന്റെയും ആലാപനം.. ഗോപി സുന്ദറിന്റെയും സംഗീതം.
അതിമനോഹരം എന്ന ഒറ്റവാക്കിനാല്‍ വിശേഷിപ്പിക്കാവുന്ന ഗാനം. ഒരിക്കൽ കേൾക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഇടംനേടുന്നു. മഴനനയുന്നതു പോലുള്ള സുഖമുണ്ട് സിത്താരയുടെ ആലാപനത്തിനെന്നാണു പൊതുവിലയിരുത്തൽ. മുൻപു പാര്‍വതിയുടെ പാട്ടുകൾക്കുണ്ടായിരുന്ന മോശം കമന്റുകളും ഡിസ്‌ലൈക്കുകളും ഈ ഗാനത്തിനില്ല എന്നതിൽ വലിയ സന്തോഷം തോന്നുന്നു എന്നു പറയുന്നവരും ഉണ്ട്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം.
പാർവതി, ആസിഫ് അലി എന്നിവരെ കൂടാതെ ടൊവീനോ തോമസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതകഥയാണു ചിത്രം പറയുന്നത്. സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബോബി–സഞ്ജയ്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സഞ്ജയ്‍യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇതൊരു സംഭവകഥയല്ല. എന്നാൽ യഥാർഥ സംഭവങ്ങളുടെ നേർക്കാഴ്ചയാണു ചിത്രമെന്നും അണിയറ പ്രവർത്തകർ പറയുന്നു. നവാഗതനായ മനു അശോകനാണു ചിത്രത്തിന്റെ സംവിധാനം.