ADVERTISEMENT

 

തീയറ്ററിൽ റെക്കോർഡിട്ടു മുന്നേറുകയാണു മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ. ലൂസിഫറിന്റെ കഥയും പശ്ചാത്തല സംഗീതവും അത്രയധികം ആരാധകരെ പിടിച്ചിരുത്തി. വർഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിന്റെ മാസ് സിനിമ, പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവ് എന്നിങ്ങനെ വിശേഷണങ്ങളേറെ. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. ഇപ്പോൾ ഏറ്റവും ഒടുവിൽ എത്തുകയാണ് എമ്പരാനേ എന്ന ഗാനം. ഗാനത്തിന്റെ അണിയറ രഹസ്യങ്ങൾ പങ്കുവെക്കുകയാണു സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും. 

 

ഉഷാ ഉതുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്നിരിക്കുന്നു. ഗാനത്തെ പറ്റി പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ: ‘എമ്പുരാനെ എന്ന ഗാനം ഈ സിനിമയുടെ എന്റ് ക്രഡിറ്റ്സിലാണു വരുന്നത്. എന്റ് ക്രെ‍ഡിറ്റ്സ് എന്നു പറയുന്നത് കാസ്റ്റിന്റെയും ക്രൂവിന്റെയും പേരു വരുന്നതു മാത്രമല്ല. ക്രെഡിറ്റ്സിൽ ഒരു കോൺസെപ്റ്റ് വിഡിയോ വേണെന്നു തോന്നി. അങ്ങനെ ഗ്രാഫിക്കലി ക്രിയേറ്റ് ചെയ്ത വിഡിയോ കൂടി ഇതിനൊപ്പമുണ്ട്. ഈ തീം മുഴുവൻ ഉൾപ്പെടുന്ന പാട്ടായിരിക്കണം എന്റ് ക്രഡിറ്റ്സിൽ വരേണ്ടതെന്ന ഒരു തോന്നല്‍ മുരളിയ്ക്കും എനിക്കും ഉണ്ടായിരുന്നു. ഞാൻ ഒട്ടു ചിന്തിക്കാതെ തന്നെ ഇതിന്റെ വരികൾ മുരളി എഴുതുമെന്നു ദീപക്കിനോടു പറഞ്ഞു. കാരണം അതിന്റെ ഫുൾ പ്ലോട്ട് അറിയാവുന്ന ഒരാള്‍ വേണം ഈ ഗാനം എഴുതാനെന്നു തോന്നി. അങ്ങനെ നോക്കുമ്പോൾ ഏറ്റവും ഉചിതം മുരളി തന്നെയാണെന്ന് തോന്നി. മറ്റൊരു ഗാനരചയിതാവാണെങ്കിൽ ഒരു പക്ഷേ, എത്ര നമ്മൾ പറഞ്ഞു മനസ്സിലാക്കിയാലും സിനിമ കാണിച്ചാലും ചിലപ്പോൾ അവർ ഈ തീം മനസ്സിലാക്കുന്നതിനു പരിമിതിയുണ്ടാകും, മുരളിക്ക് ഈ സിനിമ അറിയാവുന്നതുപോലെ മറ്റാർക്കും ഈ സിനിമ അറിയില്ലല്ലോ. ഉഷാ ദീദിയെ വിളിച്ചപ്പോൾ വളരെ തിരക്കിലായിരുന്നു. പക്ഷേ, മറ്റു കമിറ്റ്മെന്റ്സ് മാറ്റിവച്ച് ഉഷാ ദീദി വന്നു പാടി. പാടിക്കഴിഞ്ഞപ്പോൾ ഈ ശബ്ദത്തിലല്ലാതെ മറ്റൊരു ശബ്ദത്തില്‍ അതു കേൾക്കാനാകില്ലെന്നു ബോധ്യമായി.’

 

ഇരുട്ടിന്റെ രാജാവിനെ കുറിച്ചു പറയുന്ന ഗാനമാണിതെന്നു മുരളി ഗോപിയും പറഞ്ഞു. ‘സമകാലീനമായ തീം ആയിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. ദീപക് അതു വളരെ നന്നായിട്ടുണ്ട്’–മുരളി ഗോപി കൂട്ടിച്ചേർത്തു. പത്തുമിനിറ്റിൽ ഒരു മാജിക്കു പോലെ കിട്ടിയ ട്യൂണാണ് ഗാനത്തിന്റെതെന്ന് ദീപക് ദേവും പറഞ്ഞു. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഇതുവരെ രണ്ടരലക്ഷത്തോളം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com