രശ്മിയുടെ പാട്ട് കോപ്പിയടിച്ചു; എസ്എഫ്ഐയെ ഫെയ്സ്ബുക്ക് കുടുക്കി
Mail This Article
ഗായിക രശ്മി സതീഷിന്റെ പകർപ്പവകാശ ലംഘനം ആരോപണത്തെ തുടർന്ന് എസ്എഫ്ഐക്കാരായ വിദ്യാർഥികൾ ഒരുക്കിയ സംഗീതവിഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്തു. സർവകലാശാല ഇന്റർസോണ്‍ കലോത്സവത്തോട് അനുബന്ധിച്ച് എസ്എഫ്ഐ തയ്യാറാക്കിയ വിഡിയോയാണു നീക്കം ചെയ്തത്. അതേസമയം വിവിധ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.
നിൽപ് സമരം അടക്കമുള്ള വേദികളിൽ കവിതകൾ ചൊല്ലി ആവേശം വിതച്ച ഗായികയാണ് രശ്മി സതീഷ്. വിപ്ലവപ്രസ്ഥാനങ്ങളുടെ ഇഷ്ടഗായിക കൂടിയാണ് രശ്മി. കവി കണ്ണൻ സിദ്ധാർഥ് എഴുതിയ ‘തോക്ക് തോൽക്കും കാലംവരെ, വാക്കു തോൽക്കില്ലെടോ ’ എന്നു തുടങ്ങുന്ന പടുപാട്ട് എന്ന കവിത രശ്മി സതീഷിന്റെ ബാൻഡ് അനേകം വേദികളിൽ അവതരിപ്പിച്ചു വരികയാണ്. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് രശ്മി സതീഷ് ഈ കവിത ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ ഈ പാട്ട് ഒരു സിനിമയിൽ ഉൾപ്പെടുത്താൻ കരാർ ആയതിനു ശേഷമാണ് വിദ്യാർഥികൾ കലോത്സവത്തിനുള്ള വിഡിയോ തയാറാക്കിയത്.
സർദാർ ഗോപാലകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന സർദാർ എന്ന സിനിമയിലേക്കാണ് പാട്ട് ഉൾപ്പെടുത്താൻ തീരുമാനമായത്. രശ്മി സതീഷ് പടുപാട്ട് പാടുന്നതിനുമുൻപ് ചില ഗായകർ ഇതേ കവിത വ്യത്യസ്ത ഈണങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിദ്യാർഥികളുടെ വാദം. രശ്മി വിവിധ സമരവേദികളിൽ ആലപിച്ച ‘ഇനി വരുന്നൊരു തലമുറയ്ക്ക്’ കോപ്പിറൈറ്റ് വാങ്ങിയിട്ടുണ്ടോ എന്നു വിദ്യാർഥികൾ ചോദിക്കുന്നു.