സിദ്ദ് ശ്രീറാം, അതു മതി; പ്രണയം നിറച്ച് ഇഷ്കിലെ പാട്ട്
Mail This Article
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിനു ശേഷം ഷെയ്ൻ നിഗം നായകനായി എത്തുന്ന ഇഷ്കിലെ ആദ്യഗാനമെത്തി. പ്രണയം തുളുമ്പുന്ന സിദ്ദ് ശ്രീറാമിന്റെ ശബ്ദത്തിലെത്തിയ ഗാനത്തിന്റെ ലിറിക് വിഡിയോ ആരാധകർ ഏറ്റെടുത്തു. ഇതാദ്യമായാണ് മലയാളത്തിൽ സിദ്ദ് ശ്രീറാം പാടുന്നത്.
'പറയുവാൻ ഇതാദ്യമായ് വരികൾ,' എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്. സിദ്ദ് ശ്രീറാമിനൊപ്പം നേഹ എസ്. നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജെയ്ക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് ജോ പോൾ വരികൾ ഒരുക്കിയിരിക്കുന്നു.
പ്രണയം നിറയുന്ന മെലഡി എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇഷ്കിലെ ആദ്യഗാനം. കലൈമാമണി എംബാർ കണ്ണന്റെ അതിമനോഹരമായ വയലിനും പ്രശസ്ത ഫ്ലൂട് ആർടിസ്റ്റായി കമലകറിന്റെ ഓടക്കുഴലും ഗാനത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. മികച്ച സംഗീതജ്ഞരാണ് ജെയ്ക്ക്സ് ബിജോയിക്കൊപ്പം ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.
‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെയാണ് ഇഷ്ക് എന്ന ചിത്രം പ്രേക്ഷരിലേക്കെത്തുന്നത്. അനുരാജ് മനോഹറാണ് സംവിധാനം. ആന്‍ ശീതള്‍ നായിക. രതീഷ് രവിയാണ് തിരക്കഥാകൃത്ത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും താരനിരയിലുണ്ട്.