അമ്മ മരിച്ചെന്നു പറഞ്ഞു, മൂന്നാം ദിവസം എല്ലാം വ്യക്തമായി: അപകടത്തെ പറ്റി സുധ ചന്ദ്രൻ
Mail This Article
നടിയും നർത്തകിയുമായ സുധാ ചന്ദ്രന്‍റെ ജീവിതം അവർ തന്നെ മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. പതിനഞ്ചാം വയസിൽ ഉണ്ടായ അപകടത്തില്‍ വലതുകാല്‍ നഷ്ടമായ സുധ ചന്ദ്രന്‍ പൊയ്ക്കാൽ വെച്ചാണ് നൃത്തം ചെയ്യുന്നത്.
ആ അപകടമാണ് തന്നെ ഇന്നു കാണുന്ന ആളാക്കിയതെന്നു തുറന്നു പറയുകയാണ് സുധ. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. അതുവരെ അച്ഛന്‍റെയും അമ്മയുടെയും ചിറകിനുള്ളിലായിരുന്ന തന്‍റെ ചുറ്റുമുണ്ടായിരുന്ന കുമിളകള്‍ ആ അപകടത്തോടെ പൊട്ടിയെന്ന് താരം പറയുന്നു.
അപകടം നടക്കുംവരെ നൃത്തം തനിക്കൊരു കുട്ടിക്കളിയായിരുന്നുവെന്നും അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് നൃത്തം അഭ്യസിച്ചിരുന്നതെന്നും സുധ ചന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.
1981 ലായിരുന്നു ആ ബസ് അപകടം. തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു സുധയും കുടുംബവും. അപകടത്തില്‍ അമ്മ മരിച്ചുപോയി എന്നാണ് പോലീസ് പറഞ്ഞത്. മാതാപിതാക്കളെ ആംബുലന്‍സിൽ കയറ്റാൻ താന്‍ കൂടെയുണ്ടായിരുന്നു. ഏറ്റവും കുറവ് പരിക്ക് തനിക്കായിരുന്നു. അവര്‍ ജീവനോടെ ഇരിക്കുന്നുവെന്ന് ഞാന്‍ അറിഞ്ഞത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ വെവ്വേറെ വാര്‍ഡുകളിലായിരുന്നു.
എല്ലാ അഭിമുഖത്തിലും ആവർത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. ഡല്‍ഹി സ്വദേശികളായ നാലു യുവാക്കളാണ് തങ്ങളെ രക്ഷിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത്. അവർ ആരാണെന്ന് അറിയില്ല. അവരെ കാണണം എന്നുണ്ട്. നേരിട്ടു നന്ദി പറയണമെന്നുണ്ട്. അവർ കാരണമാണ് താനും കുടുംബവും രക്ഷപെട്ടതെന്നും സുധ ചന്ദ്രന്‍ പറയുന്നു.