അവരുടെ പാട്ടുകൾ കാലങ്ങൾക്കിപ്പുറം പാടി ജാനകിയമ്മ; സന്തോഷം അടക്കവയ്യാതെ മുൻനായികമാർ
Mail This Article
സംഗീത ആസ്വാദകർക്ക് എത്ര കേട്ടാലും മതിവരാത്ത ശബ്ദമാണ് എസ്. ജാനകിയുടേത്. ജാനകിയമ്മയുടെ പാട്ടുകൾക്ക് ദേശമോ ഭാഷയോ പ്രായമോ ഭേദമില്ലാതെ ആരാധകരുണ്ട്. ഇന്ത്യക്ക് അകത്തു മാത്രമല്ല, പുറത്തേക്കും എസ്. ജാനകിയുടെ ശബ്ദമാധുരി പ്രശസ്തി നേടി. പഴയകാലത്തെ ചില പാട്ടോർമകൾ പങ്കുവയ്ക്കുന്ന ജാനകിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു അവാർഡ് വേദിയിലായിരുന്നു ജാനകി പഴയ ഹിറ്റ് ഗാനങ്ങൾ ആലപിച്ചത്. ആ ഗാനരംഗങ്ങളില്‍ അഭിനയിച്ച നായികമാരെ അഭിസംബോധന ചെയ്തായിരുന്നു ആലാപനം. തനിക്കായി ഒരു ഗാനം ആലപിക്കാമോ എന്ന ഗായിക ഉഷാ ഉതുപ്പിന്റെ ചോദ്യത്തിനു നിരവധി ഗാനങ്ങൾ ആലപിച്ചായിരുന്നു ജാനകിയമ്മയുടെ മറുപടി.
‘ഇവിടെ മലയാളികൾ ആരും ഇല്ല അല്ലേ...’ എന്ന ചോദ്യത്തോടെയായിരുന്നു ജാനകിയമ്മ പാട്ടു തുടങ്ങിയത്. ആദ്യം ഖുശ്ബുവിന്റെ പാട്ടുതന്നെയാകട്ടെ എന്നു പറഞ്ഞ ജാനകി എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമായ ‘കൊട്ടപാക്കും കൊളുന്തുവെത്തലയും’ ആലപിച്ചു. സുഹാസിനിക്കും രാധികയ്ക്കും വേണ്ടി നിരവധി പാട്ടുകൾ പാടിയിട്ടുണ്ടെന്നു പറഞ്ഞ ജാനകി അവർ അഭിനയിച്ച പാട്ടുകളും പാടി. തുടർന്ന് ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’ എന്ന ഗാനവും ആലപിച്ചാണ് ജാനകിയമ്മ വേദിവിട്ടത്.