ഈ 2019 ഞാനങ്ങെടുക്കുവാ, എന്ന് സിത്താര; കൽക്കിയുടെ മൂഡ് മാറ്റി പുതിയ ഗാനം
Mail This Article
ടൊവീനോ തോമസും സംയുക്ത മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കൽക്കിയിലെ പുതിയ ഗാനമെത്തി. ജെയ്ക്സ് ബിജോയ്‌യുടെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറും ഹരിശങ്കറും ചേർന്നാലപിച്ചിരിക്കുന്ന ഗാനം ചിത്രത്തിന്റെ മൂഡ് മാറ്റി മറിക്കുന്നതാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അതിമനോഹരമായ മെലഡിയാണ് 'വിടവാങ്ങി യാത്രയായ്' എന്നു തുടങ്ങുന്ന ഗാനം. മനു മഞ്ജിത്തിന്റേതാണ് വരികൾ.
ജെയ്ക്സ് ബിജോയ്, സിത്താര, ഹരിശങ്കർ കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. മാസ് മസാല ചിത്രമെന്ന പരിവേഷത്തിൽ നിൽക്കുന്ന കൽക്കിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ് ഈ ഗാനം. ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലും ഹൈ വോൾട്ടേജ് മാസ് രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഗാനം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. താരാട്ടു പാട്ടിനെ ഓർമ്മപ്പെടുത്തുന്ന ഗാനം ആസ്വാദകരുടെ ഹൃദയം തൊടും.
ഹരിശങ്കറിന്റെയും സിത്താരയുടെയും ശബ്ദം തന്നെയാണ് ഗാനത്തെ പ്രിയങ്കരമാക്കുന്നത്. ഈ വർഷം പൂർണമായും സിത്താരയുടെതായിക്കഴിഞ്ഞെന്നാണ് ആരാധകരുടെ കമന്റുകൾ. ഹരിശങ്കറിന്റെ ശബ്ദം ഗാനത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയെന്നും ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രം ഈ ഒാഗസ്റ്റ് 9–ന് പുറത്തിറങ്ങും.