ADVERTISEMENT

96 എന്ന ചിത്രത്തിലൂടെ സംഗീതപ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയ്ക്ക് സ്വപ്നസാഫല്യം. ഇന്ത്യൻ ചലച്ചിത്രസംഗീതലോകത്തെ ഇതിഹാസം എ.ആർ. റഹ്മാന്റെ പ്രത്യേക പരാമർശമാണ് ഗോവിന്ദ് വസന്തയെ തേടിയെത്തിയിരിക്കുന്നത്. പുതിയ സംഗീതസംവിധായകരിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നവരെക്കുറിച്ച് പറയുമ്പോഴായിരുന്നു ഗോവിന്ദ വസന്തയുടെ പേരെടുത്തു പറഞ്ഞുകൊണ്ട് റഹ്മാൻ അഭിനന്ദിച്ചത്. റഹ്മാന്റെ കടുത്ത ആരാധകനായ ഗോവിന്ദ് വസന്തയ്ക്ക് അതൊരു വലിയ അംഗീകാരമായി.  

 

എ.ആർ. റഹ്മാനെ ഒരു വട്ടമെങ്കിലും കാണുന്നതിന് അദ്ദേഹത്തിന്റെ വീടിനടുത്തു കൂടി കറങ്ങി നടന്ന കാലത്തെ ഓർത്തെടുത്താണ് ഗോവിന്ദ് വസന്ത റഹ്മാന്റെ പ്രത്യേക പരാമർശത്തിലുള്ള സന്തോഷം പങ്കു വച്ചത്. "റഹ്മാന്റെ വീടിനും സ്റ്റുഡിയോയ്ക്കും സമീപത്തുള്ള റോഡിലൂടെ കറങ്ങി നടന്ന കാലം ഇപ്പോഴും കൃത്യമായി ഓർക്കുന്നു. യാദൃച്ഛികമായിട്ടാണെങ്കിലും ഒരു വട്ടം അദ്ദേഹത്തെ കാണാനുള്ള ഭാഗ്യമുണ്ടാകുമോ എന്ന ചിന്തയിലായിരുന്നു ആ കറക്കമൊക്കെ! പക്ഷേ, അന്നൊന്നും അദ്ദേഹത്തെ അവിടെ കാണാൻ കഴിഞ്ഞില്ല. പല വർഷങ്ങൾ അങ്ങനെ കടന്നു പോയി. പത്തുവർഷങ്ങൾക്കു ശേഷം, അദ്ദേഹം എന്റെ പേര് ഉച്ചരിക്കുമ്പോൾ ഞാൻ ആ പഴയ ആരാധകനായിപ്പോകുന്നു. അദ്ദേഹത്തെ ഒരു നോക്കു കാണാൻ ഗെയ്റ്റിൽ കാത്തു നിന്നിരുന്ന ആ ആരാധകൻ! എല്ലായ്പ്പോഴും ഏറ്റവും മികച്ചതായി നിലനിൽക്കുന്നതിന് ഒരുപാട് നന്ദി," ഗോവിന്ദ് വസന്ത തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. 

 

ഗോവിന്ദ് വസന്തയെക്കുറിച്ചുള്ള റഹ്മാന്റെ പരാമർശം ആരാധകരും ആഘോഷമാക്കി. ഇതൊരു അഭിമാന നിമിഷം എന്നു പറഞ്ഞുകൊണ്ടാണ് പലരും റഹ്മാന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. 96 എന്ന ചിത്രത്തിന്റെ വലിയ വിജയത്തിനുശേഷം മലയാളത്തിൽ ഒരു ചിത്രത്തിന് സംഗീതമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോവിന്ദ് വസന്ത. പൃഥ്വി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാകും ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. സംഗീതസംവിധായകൻ ബിജിപാലും ബോംബെ ജയശ്രീയും ഈ ചിത്രത്തിൽ ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പാട്ടുകൾ പാടുന്നുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com