പ്ലാറ്റ് ഫോമിലിരുന്ന് പാടി; ദ്രുതഗതിയിൽ ഈ മാറ്റം; അവിശ്വസനീയ മേക്ക് ഓവറുമായി വൈറൽ ഗായിക
Mail This Article
ലതാമങ്കേഷ്ക്കറുടെ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ...’ എന്ന ഗാനം ട്രെയിനുകളിൽ പാടിയ ഗായികയെ സോഷ്യൽ മീഡിയ മറന്നിട്ടില്ല. ജീവിക്കാൻ വേണ്ടി, ഒരു നേരത്തെ അന്നത്തിനു വേണ്ടിയായിരുന്നു അവരുടെ പാട്ട്. മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്ഫോമിലിരുന്ന് പാടുന്ന ഇവരുടെ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്നാണ് അവർ ആ ഗാനം പാടിയത്.
ഇപ്പോള്‍ ആ ഗായികയെ കണ്ടെത്തി, വമ്പന്‍ മേക്കോവർ നൽകിയിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. രാണു മൊണ്ടാല്‍ എന്ന ഈ ഗായികയുടെ മേക്കോവർ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണു സോഷ്യൽ മീഡിയ.
രാണുവിനെ തേടി കൈനിറയെ അവസരങ്ങളാണ് വരുന്നത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ വ്യക്തമാക്കുന്നു.
ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മൊണ്ടാലിന്റെ മേക്കോവര്‍ സ്പോണ്‍സര്‍ ചെയ്തത്. മുംബൈയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചെലവും സ്പോണ്‍സര്‍മാര്‍ വഹിക്കും.
മുംബൈ സ്വദേശിയായ ഭർത്താവ് ബാബു മൊണ്ടാലിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് ജീവിക്കാനുള്ള വഴി കണ്ടെത്തിയിരുന്നത്.