കാൽക്കൽ വീണ് ജയചന്ദ്രൻ; ആനന്ദാശ്രു പൊഴിച്ച് സുശീലാമ്മ; അത്യപൂർവം ഈ നിമിഷം
Mail This Article
‘കണ്ണേ.. ഒാൾഡ് ഇൗസ് ഗോൾഡ്..’ കേട്ടിരുന്നവരുടെ മനസ്സിൽ പാട്ടിന്റെ മാധുര്യം നിറച്ച ശേഷം അമ്മ പറഞ്ഞു. അമ്മയ്ക്കറിയാത്ത പാട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കൽ കൂടി ഇല്ലായെന്ന് അടിവരയിട്ട് മറുപടി പറഞ്ഞു. വേദിയും സദസും ആനന്ദത്തിന്റെ കണ്ണീരണിഞ്ഞു. അത്രത്തോളം ഹൃദ്യമായിരുന്നു മഴവിൽ മ്യൂസിക് അവാർഡ്സ് 2019ന്റെ വേദി. ഐതിഹാസിക ഗായിക പി. സുശീലയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമർപ്പിക്കുന്ന ചടങ്ങിലാണ് ‘അമ്മ’ എന്ന് സംഗീതലോകം വിളിക്കുന്ന പി. സുശീല പാട്ടിന്റെ ലോകത്ത് നിറഞ്ഞത്. ഒാരോ വാക്കും ഒാരോ വരിയും അമ്മപ്പാട്ടിന്റെ ഇൗണം പകർന്നു.
പ്രിയതമനെ തേടുന്ന പാട്ടിന്റെ പൂന്തേനരുവി..
അഞ്ചുയുവ ഗായികമാർ ചേർന്ന് സ്വാഗതപ്പാട്ടൊരുക്കി സുശീലാമ്മയെ വേദിയിേലക്കെത്തിച്ചു. പുരസ്കാരം സമ്മാനിക്കാൻ ഭാവഗായകൻ പി. ജയചന്ദ്രൻ. ഒപ്പം ചിത്രയും ശരത്തും ഹിന്ദി ഗായകൻ ഷാനും. വേദി സംഗീതസമ്പന്നം. വാർധക്യത്തിന്റെ ആകുലതകളൊക്കെ ചിത്രയുടെ കൈപിടിച്ച് മറികടന്ന് പാട്ടിന്റെ അമ്മ വേദിയിലെത്തി. ‘പാട്ടുപാടാൻ കഴിയുമോ എന്നറിയില്ല.. സുഖമില്ലെന്ന’ മുൻകൂർ ജാമ്യം സുശീലാമ്മ അണിയറ പ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ വേദിയിലെത്തി അമ്മ പാട്ടിന്റെ പാലാഴി തീർത്തു.
‘ഇന്ത്യയിൽ ഞാൻ സ്നേഹിക്കുന്ന, എപ്പോഴും കേൾക്കാൻ കൊതിക്കുന്ന സ്ത്രീ ശബ്ദമാണ് അമ്മയുടേതെന്ന’ വാക്കോടെ ജയചന്ദ്രൻ തുടങ്ങി. ഇരുവരും ചേർന്ന് പാടിയ ‘സീതാ ദേവി സ്വയംവരം ചെയ്തു ത്രേതായുഗത്തിലെ ശ്രീരാമൻ..’ എന്ന ഗാനവും ജയചന്ദ്രൻ വേദിയിൽ പാടി. അപ്പോൾ സുശീലാമ്മയുടെ മുഖത്ത് പോയകാലത്തിന്റെ മിന്നും പ്രതാപം. ജയചന്ദ്രൻ പാടി കഴിഞ്ഞ് അമ്മയുടെ കാലിൽ വീണ് പ്രണമിച്ചു. ഒരു മകനെ പോലെ പിടിച്ചുയർത്തി സംഗീതത്തിന്റെ അമ്മ അനുഗ്രഹം ചൊരിഞ്ഞു. പിന്നീട് വേദി ആകെ മാറി മറിഞ്ഞ സംഗീതച്ചങ്ങലയ്ക്ക് തുടക്കമായി. അതുവരെ പാടാൻ കഴിയുമോ എന്ന് ശങ്കിച്ചു നിന്ന സുശീലാമ്മ അവതാരക നൈല ഉഷയുടെ കയ്യിലിരുന്ന മൈക്ക് സ്വയം വാങ്ങി പാടാൻ തുടങ്ങി.
ആ പാട്ടിന് ഒപ്പം കൂടാൻ ചിത്രയും എത്തിയതോടെ സുശീലാമ്മ വാർധക്യം മറന്നു. മാതൃത്വത്തിന്റെ, പ്രണയത്തിന്റെ നിലയ്ക്കാത്ത പ്രഭാവം. പിന്നെ പല ഭാഷയിൽ പാട്ടിന്റെ ആർത്തിരമ്പൽ. ഒന്നു പാടി കഴിയുമ്പോൾ ചിത്രാ ജീ എന്നു ലാളനയോടെ കൊഞ്ചിച്ചിരിച്ച്, ഒരു മകളെ പോലെ ചേർത്ത് നിർത്തി മറ്റൊന്നിലേക്ക് പാടി കയറും. ചിത്ര അമ്മയ്ക്കൊപ്പം അതേറ്റുപാടും. ഇങ്ങനെ പാട്ടിന്റെ അമ്മ അരങ്ങിൽ നിറഞ്ഞു.
ഒടുവിൽ ആ പാട്ടെത്തി. സദസ്സ് ഒന്നടങ്കം കണ്ണടച്ചിരുന്ന് ധ്യാനിച്ച നിമിഷം. ലതാ ജീ പാടിയ ‘സത്യം ശിവം സുന്ദരം..’ എന്ന ഇതിഹാസ ഗാനം പെട്ടെന്ന് സുശീലാമ്മ പാടി. പൂവ് കാത്തിരുന്ന സംഗീതപ്രേമികൾക്ക് പൂക്കാലം കിട്ടിയ സന്തോഷം. അവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ആ ഗാനത്തിനും ശബ്ദത്തിനും മുന്നിൽ. അവസാനം ചിരിച്ചു കൊണ്ട് അമ്മിഞ്ഞ പാലിന്റെ മാധുര്യം കിനിയുന്ന ശബ്ദത്തിൽ അമ്മ പറഞ്ഞു. ‘നന്ദി..ഒരായിരം നന്ദി..’
വിവിധ ഭാഷകളിലായി അൻപതിനായിരത്തിലധികം പാട്ടുകൾ. ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുപാടിയ ഗായിക എന്ന വേൾഡ് റെക്കോർഡ്. മികച്ച ഗായികയ്ക്കുള്ള ആദ്യ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഗായിക. അമ്മപ്പാട്ടിന്റെ ഇൗണവും സ്വരവും മലയാളി കേട്ടുതുടങ്ങിയത് സുശീലാമ്മയുടെ ശബദ്ത്തിലൂടെയാണ്. ആ പേരും പെരുമയും കാലം എത്ര കഴിഞ്ഞാലും വിട്ടുപോകില്ലെന്ന് അവർ അടിവരയിടുന്നു ഇൗ ധന്യ ജീവിതത്തിലൂടെ.