ADVERTISEMENT

സംഗീതത്തെ സ്നേഹിക്കുന്ന ആർക്കും പെട്ടന്ന് മറക്കാൻ സാധിക്കുന്ന പേരല്ല ബാലഭാസ്കർ. വയലിൻ എന്നാൽ ബാലഭാസ്കറായിരുന്നു മലയാളിക്ക്. എത്രയെത്ര മാസ്മരിക സംഗീത വിരുന്നാണ് ആ പ്രതിഭ നമുക്കായി ഒരുക്കിയത്? അതുകൊണ്ടു തന്നെയാണ് പ്രിയപ്പെട്ട സംഗീതജ്ഞന്റെ അകാലത്തിലെ അപകട മരണം മലയാളി ഹൃദയത്തെ അത്രയേറെ ആഴത്തിൽ വേദനിപ്പിച്ചതും. ബാലഭാസ്കറിന്റെ അപകട മരണവും തുടർന്നുണ്ടായ അന്വേഷണവും കണ്ടെത്തലുകളും മറ്റുപലതിലേക്കും പലരിലേക്കും വിരൽ ചൂണ്ടിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയിെല്ലന്ന നിഗമനത്തിലേക്കാണ് പുതിയ കണ്ടെത്തലുകൾ എത്തുന്നത്. 

 

ബാലഭാസ്കറിന്റേത് കരുതിക്കൂട്ടിയുള്ള അപകടമായിരുന്നോ എന്നായിരുന്നു പ്രധാന സംശയം. അദ്ദേഹത്തിന്റെ പിതാവും അടുത്ത ബന്ധുക്കളും ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. പലസംശയങ്ങളും കുടുംബം പ്രകടിപ്പിക്കുകയും ചെയ്തു. ഇതേതുടർന്നായിരുന്നു മരണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനമായത്. ഈ സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയാണെന്നും, അല്ല സുഹൃത്ത് അർജുനാണെന്നുമുള്ള മൊഴികള്‍ കേസന്വേഷണത്തെ കൂടുതൽ സങ്കീർണതയിലേക്ക് നയിച്ചു. അപകടമരണത്തിലെ സംശയങ്ങളെല്ലാം അസാധുവാക്കുകയാണ് ഒടുവിൽ പുറത്തുവരുന്ന ഫോറൻസിക് റിപ്പോർട്ട് ഫലം. 

 

അപകടം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുനാണെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. സ്റ്റിയറിങ്ങിലെയും സീറ്റ് ബെൽറ്റിലേയും വിരലടയാളം എന്നിവ പരിശോധിച്ചാണ് ഫോറൻസിക് വിദഗ്ധർ ഈ നിഗമനത്തിലെത്തിയത്. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിലൂടെ വാഹനമോടിച്ചത് താനല്ലെന്ന് അർജുൻ മൊഴിമാറ്റിയതിന്റെ ഉത്തരം ക്രൈംബ്രാഞ്ചിനു വേഗത്തിൽ കണ്ടെത്താൻ കഴിയുകയും കേസിലെ ദുരൂഹത ഒഴിയുകയും ചെയ്യും. 

 

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു.

 

ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് അര്‍ജുന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ബാലഭാസ്കര്‍ മരിച്ചതോടെ മൊഴി മാറ്റി. ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. 

 

അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. എന്നാല്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഇത് അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

 

ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവന്നതോടെ മൊഴികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിവായി. അര്‍ജുന്‍ മൊഴി മാറ്റിയതിനെക്കുറിച്ച് ഇനി അന്വേഷണം നടക്കും. കഴിഞ്ഞ ഒക്ടോബർ 2ന് പുലർച്ചെയായിരുന്നു ബാലഭാസ്കർ മരണത്തിനു കീഴടങ്ങിയത്. മരണം സംഭവിച്ച് ഒരുവർഷത്തോട് അടുക്കുമ്പോൾ പ്രിയസംഗീതജ്ഞനെ മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാകുന്നതിനായി കാത്തിരിക്കുകയാണ് ആരാധകലോകം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com