‘ടോയ്‌ലറ്റ് ഡാൻസറാ’യി വിജയ്യുടെ മകൻ; വൈറൽ വിഡിയോ
Mail This Article
തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. താരത്തിനൊപ്പം തന്നെ ആരാധകരെ കയ്യിലെടുക്കുകയാണ് മകൻ സഞ്ജയ്‌യും. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടാണ് സഞ്ജയ് ആരാധകരെ കയ്യിലെടുക്കുന്നത്. പക്ഷേ ഈ നൃത്തം അങ്ങനെ വെറുനൃത്തമല്ല. ‘ബാത്ത്റൂം സിങ്ങർ’ എന്നൊക്കെ പറയുന്നതുപോലെ ഇവിടെ ‘ടോയ്‌ലറ്റ് ഡാൻസറാ’യി മാറുകയാണ് സഞ്ജയ്.
വിജയ് നായകനായി എത്തിയ ‘വേട്ടെക്കാരൻ’ എന്ന സിനിമയുടെ വലിയ പ്രത്യേകതയായിരുന്നു വിജയ്യും മകനും ഒരുമിച്ചെത്തിയ ഗാനരംഗം. അന്ന് അച്ഛനൊപ്പം ചടുലമായ നൃത്തവുമായി നിറഞ്ഞ സഞ്ജയ് വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ നിറഞ്ഞത് സിനിമയിലല്ല മറിച്ച് സൈബർ ഇടങ്ങളിലാണ്.
സുഹൃത്തിനൊപ്പം ശുചിമുറിയിൽ നൃത്തം വയ്ക്കുന്ന താര പുത്രന്റെ വിഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം അഭിനയത്തിലും സഞ്ജയ് കഴിവുതെളിയിച്ചിട്ടുണ്ട്. ജംങ്ഷൻ എന്ന ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്പരപ്പിക്കുന്ന ചുവടുകളുമായി സഞ്ജയ് നൃത്തത്തിലൂടെ ഇളയ ദളപതിയുടെ പിൻമുറക്കാരനാവുന്നത്.