നിറയെ സ്നേഹമാണ് പൃഥ്വിരാജ്; കൂട്ടിനായി ഐശ്വര്യയും മഡോണയും; ഒരു നല്ല അനുഭവം
Mail This Article
അവളുടെ കൊലുസ്സിന്റെ താളമായിരുന്നു എന്റെ ബാല്യത്തിന്. ഒരു നിമിഷം പോലും അവള്‍ എന്നെ പിരിഞ്ഞിരുന്നില്ല. സദാസമയവും കൂടെകാണും. ഏട്ടന്റെ പിറകെ നടന്ന അനിയത്തിക്കുട്ടി എത്ര വളർന്നാലും ആ മനസ്സിൽ അവളെപ്പോഴും ചിണുങ്ങി എത്തുന്ന കുരുന്നായിരിക്കും. സഹോദരസ്നേഹത്തിന്റെ മനോഹാരിതയുമായി എത്തുകയാണ് പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയിലെ ചെല്ലം ചെല്ലം എന്നു തുടങ്ങുന്ന ഗാനം.
‘ചെല്ലം ചെല്ലം കുഞ്ഞിപ്പൂവെ, പൊന്നിൻ കണിയാണു നിൻചിരി
കണ്ണും നട്ടേ പെങ്ങൾ പൂവെ, കാത്തുവച്ചു നിന്നെ എന്നുമീ
മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ്
കൊലുസ്സിന്റെ താളമേകി നീ, പറന്നു വന്നീടവേ’
ബി.കെ ഹരിനാരായണന്റെതാണു സുന്ദരമായ വരികൾ. അഭിജിത്ത് കൊല്ലമാണ് ആലാപനം. 4മ്യൂസിക്സ് സംഗീതം നൽകിയിരിക്കുന്നു. ഒറ്റകേള്‍വിയിൽ യേശുദാസാണോ ഗാനം ആലപിച്ചിരിക്കുന്നതെന്നു തോന്നിക്കുംവിധമാണ് അഭിജിത്തിന്റെ ആലാപനം. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഗാനത്തിന്റെ വരികളും സംഗീതവും മികവു പുലർത്തുന്നതായാണ് ആസ്വാദകരുടെ അഭിപ്രായം. .
ഐശ്വര്യ ലക്ഷ്മി, മഡോണ സബാസ്റ്റ്യൻ, പ്രയാഗ മാർട്ടിന്‍ എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ഒരു ഗാനം ആലപിച്ചു എന്ന പ്രത്യേകതും ചിത്രത്തിനുണ്ട്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രം സപ്റ്റംബർ ആറിന് തിയറ്ററിലെത്തും.