കീമോ കാരണം പരിപാടി കാണാനായില്ല; ആരാധികയെ കാണാൻ ജോനാസ് സഹോദരങ്ങൾ നേരിട്ടെത്തി
Mail This Article
ലോകമെമ്പാടും ആരാധകരുള്ള ഗായകരാണ് ജോനാസ് ബ്രദേഴ്സ്. മൂവരുടെയും ലൈവ് സംഗീതമേള കാണാൻ ലക്ഷക്കണക്കിന് ആരാധകരാണ് ഉറ്റുനോക്കുന്നതും. ഇപ്പോഴിതാ തങ്ങളുടെ സംഗീതമേള കാണാൻ സാധിക്കാത്ത ആരാധികയ്ക്ക് സർപ്രൈസ് നൽകി ജോനാസ് ബ്രദേഴ്സ്.
അർബുദ രോഗത്തെത്തുടർന്ന് കീമോ ചെയ്തുകൊണ്ടിരുന്നതിനാൽ ജോനാസ് ബ്രദേഴ്സിന്റെ സംഗീത വേദിയിൽ എത്താൻ സാധിക്കാതിരുന്ന പതിനാറുകാരിയെ കാണാൻ ജോനാസ് സഹോദരങ്ങൾ ആശുപത്രിയില്‍ നേരിട്ടെത്തി. ലില്ലി ജോർദാൻ എന്ന പെൺകുട്ടിക്കാണ് ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങൾ ഇവർ സമ്മാനിച്ചത്.
നിക്, ജോ, കെവിൻ എന്നിവർക്കൊപ്പം പ്രിയങ്ക ചോപ്ര കൂടി എത്തിയപ്പോൾ ലില്ലിയുടെ സന്തോഷം ഇരട്ടിയായി. ഈ ആകസ്മിക കൂടിക്കാഴ്ച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തന്റെ പ്രിയപ്പെട്ട ഗായകരായ ജോനാസ് ബ്രദേഴ്സിന്റെ സംഗീതമേള കാണാൻ എത്താൻ സാധിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു ലില്ലി. ഇക്കാര്യം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ലില്ലി, ജോനാസ് ബ്രദേഴ്സിനെ ഇക്കാര്യം അറിയിക്കണമെന്ന് അപേക്ഷിച്ചു. ആ മെസേജ് കണ്ടതോടെയാണ് സംഗീതമേള കഴിഞ്ഞ് ജൊനാസ് സഹോദരൻമാർ ആശുപത്രിയിലെത്തി ഈ ആരാധികയെ സന്ദർശിച്ചത്.
തങ്ങളുടെ അടുത്ത വേദിയിൽ ലില്ലിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അവതരിപ്പിക്കുമെന്ന് ഉറപ്പ് നൽകിയ സഹോദരങ്ങൾ ഏറെ നേരം ചിലവഴിച്ച ശേഷമാണ് ആശുപത്രിയിൽ നിന്നും മടങ്ങിയത്.