ADVERTISEMENT

പാതിവഴിയിൽ നിലച്ചുപോയ ഒരു പാട്ടുപോലെയാണ് രാധിക തിലക് എന്ന ഗായികയുടെ ജീവിതം. എന്നെന്നും മലയാളികൾ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ ആലപിച്ച് അകാലത്തിൽ രാധിക തിലക് വിടപറഞ്ഞെങ്കിലും ആ മുഖവും ആ സ്വരവും സംഗീതപ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു. 

 

എഴുപതുകളിലാണ് രാധിക തിലക് സംഗീതലോകത്തേക്ക് എത്തുന്നത്. 1989–ൽ ഇറങ്ങിയ സംഘഗാനം എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തെത്തി. ദൂരദർശനിലെ ലളിത ഗാനങ്ങളിലൂടെയാണ് രാധിക തിലക് എന്ന ഗായിക ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചതയാകുന്നത്. ഗുരു എന്ന ചിത്രത്തിലെ ദേവസംഗീതം നീയല്ലേ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ, നന്ദനത്തിലെ മനസിൽ മിഥുനമഴ, ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി എന്നിങ്ങനെ രാധിക തിലകിന്റെ ശബ്ദമാധുരിയിൽ ഓർത്തുവയ്ക്കാവുന്ന പാട്ടുകൾ നിരവധി. എഴുപതോളം സിനിമകൾകൾക്കു വേണ്ടി രാധിക ഗാനങ്ങൾ ആലപിച്ചു. ഇതിനു പുറമെ, ഇരുന്നൂറിലധികം ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും രാധിക തിലക് ശബ്ദം നൽകി. എങ്കിലും അർഹിച്ചതുപോലെയുള്ള അംഗീകാരങ്ങൾ ഈ ഗായികയെ തേടിയെത്തിയില്ല. പലപ്പോഴും സിനിമയക്കു വേണ്ടി പാടിയിരുന്നെങ്കിലും അവയൊന്നും പുറത്തു വന്നില്ല. രാധികയുടെ ഗാനങ്ങളിൽ പലതും കാസറ്റുകളിൽ ഒതുങ്ങി.

 

സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നണി ഗായിക സുജാത മോഹൻ, ജി വേണുഗോപാൽ എന്നിവരുടെ അടുത്ത ബന്ധുകൂടിയായിരുന്നു രാധിക. മഹാത്മാഗാന്ധി  യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേയ്ക്ക് ചുവടുവെച്ചത്. 

 

വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ടി എസ് രാധാകൃഷ്ണന്റെ ‘ത്യാഗബ്രഹ്മം’ സംഗീത ട്രൂപ്പിൽ അംഗമായിരുന്നു. സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്നപ്പോഴാണ് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. എങ്കിലും ചുരുക്കം ചില സിനിമകൾ മാത്രമേ രാധിക തിരഞ്ഞെടുത്തുള്ളു. ബിരുദപഠനത്തിന്റെ അവസാന വർഷമായിരുന്നു വിവാഹം. പിന്നീട് അഞ്ച് വർഷത്തോളം ദുബായിൽ താമസമാക്കിയെങ്കിലും വേദികളിൽ സജീവമായിരുന്നു. ഗള്‍ഫില്‍ നടന്ന യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായില്‍ താമസിക്കവേ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

 

അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം. അർബുദത്തെതുടർന്ന് ചികിത്സയിലിരിക്കെ 2015–സെപ്റ്റംബർ 20ന് രാധിക തിലക് വിടവാങ്ങി. ഒരുപാട് ഗാനങ്ങൾ ആലപിച്ചിട്ടില്ലെങ്കിലും പാടിയതെല്ലാം മലയാളികളുടെ മനസിൽ കൊരുത്തുവച്ചിട്ടാണ് രാധിക തിലക് കടന്നു പോയത്. ആ പാട്ടുകൾ മാത്രം മതി, രാധിക തിലക് എന്ന ഗായികയെ അനശ്വരയാക്കാൻ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com