അങ്ങനെ ഞാൻ ‘കോപ്പി സുന്ദർ’ ആയി: തുറന്നു പറഞ്ഞ് ഗോപി സുന്ദർ
Mail This Article
ഒരു പാട്ട് പോലെ മറ്റൊരു പാട്ടുണ്ടാക്കാനാണ് ഇപ്പോഴത്തെ സംവിധായകർ തങ്ങളോട് പറയുന്നതെന്നും അതിനു വേണ്ടി ശ്രമിക്കുമ്പോഴാണ് പാട്ടുകൾ തമ്മിൽ സാമ്യമുണ്ടാകുന്നതെന്നുമാണ് ഗോപി സുന്ദറിന്റെ വാദം. ‘മറ്റൊരു പാട്ടു കേട്ടില്ലേ, അതുപോലെ ചെയ്യൂ എന്നാണ് ഞങ്ങളോടു ആളുകൾ പറയുന്നത്. ഏതെങ്കിലും ഒരു പാട്ടു പോലെയുള്ള പാട്ടുകൾ. ഇതുപോലെ എങ്ങാനും രവീന്ദ്രൻ മാഷിന്റെ അടുത്ത് പോയി പറഞ്ഞാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ആ വഴിയ്ക്ക് പൊയ്ക്കോളാൻ പറയും. ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങനെ പറയാൻ കഴിയില്ല.’ ഗോപിസുന്ദർ പറഞ്ഞു.
‘അണിയറക്കാർ വന്ന് ഒരു സിനിമയ്ക്കായി മറ്റൊരു സിനിമയിലേതു പോലെ ഒരു പാട്ടു ചെയ്തു കൊടുക്കാൻ പറയുന്നു. അപ്പോൾ നമ്മൾ അതുപോലെ ഒരു പാട്ടു ചെയ്തു കൊടുക്കും. പക്ഷെ, അതുപോലെ ആയില്ലെന്ന് അവർ പറയും. അപ്പോൾ വീണ്ടും കുറച്ചൊന്നു മാറ്റി കൊടുക്കും. ഒരു സിനിമയിലെ രംഗത്തിനു വേണ്ടി ഇങ്ങനെ 40 ഇൗണങ്ങൾ ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട്. പക്ഷെ, ആ സമയത്ത് അതുപോലെ വന്നില്ല എന്ന കാരണം കൊണ്ട് വീണ്ടും വീണ്ടും ആ ഇൗണങ്ങൾ മാറ്റി. അങ്ങനെ അതുപോലെ വരാതെ വരാതെ ഒടുവിൽ അതു തന്നെ ചെയ്തു കൊടുത്തു. അപ്പോൾ എല്ലാവരും കയ്യടിച്ചു. സൂപ്പർ! അടിപൊളി പാട്ട്! പക്ഷേ എനിക്കൊരു പേരു വീണു, കോപ്പി സുന്ദർ! ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. അല്ലാതെ ഇത് ആരുടെയും തെറ്റല്ല.’ ഗോപിസുന്ദർ പറഞ്ഞു.
‘പണ്ടൊക്കെ നിർമാതാവിനെ സ്റ്റുഡിയോയുടെ അകത്തേക്ക് കയറ്റുന്നതുപോലും വിരളമായിരുന്നു. സംഗീത സംവിധായകനും സിനിമയുടെ സംവിധായകനും മറ്റു സംഗീതജ്ഞരും മാത്രമായിരുന്നു സ്റ്റുഡിയോയുടെ അകത്തുണ്ടാവുക. അതിനുശേഷമേയുള്ളൂ ബാക്കി എല്ലാവരും. സംവിധാനം എന്നതിന് അത്രയും പ്രാധാന്യം ഉണ്ടായിരുന്നു. ഇക്കാലത്ത് നമുക്കൊരു വോയ്സില്ല, മാർക്കറ്റില്ല. അങ്ങനെയൊരു അവസ്ഥയിൽ ഇരുന്നുകൊണ്ടാണ് കമ്പോസ് ചെയ്യുന്നത്. നമ്മൾ ഓരോ കമ്പോസിഷൻസ് കൊണ്ടുവരുമ്പോൾ അത് എങ്ങനെയെങ്കിലുമൊന്ന് റിലീസ് ആയാൽ മതിയാരുന്നു അല്ലെങ്കിൽ ഈ ട്യൂൺ ഒന്നു അപ്പ്രൂവ് ചെയ്താൽ മതിയായിരുന്നു എന്നൊരു അവസ്ഥയിലാണ് പാട്ടുകൾ ഉണ്ടാക്കുന്നത്’ സമ്മർദങ്ങളെക്കുറിച്ച് ഗോപിസുന്ദർ പറയുന്നു.
ഒരു പാട്ട് ആസ്വാദകരിലേക്ക് എത്തുന്നതിനു മുൻപുള്ള വെല്ലുവിളികളെ കുറിച്ചും ഗോപിസുന്ദർ തുറന്നു പറഞ്ഞു. ‘എനിക്കൊരു ന്യായമുണ്ട്. എനിക്കു വരുന്ന സംഗീതമാണ്. അതിനെ ഞാൻ സംവിധാനം ചെയ്യണം. ആ തിരക്കഥയോട് നീതി പുലർത്തുന്ന രീതിയിൽ എനിക്ക് എന്റെ മനഃസാക്ഷിയോടു നീതി പുലർത്തണം എന്ന് ഞാൻ എന്നോടു തന്നെ ചോദ്യം ചോദിച്ച് ഉത്തരം ഞാൻ തന്നെ കണ്ടെത്തുന്നിടത്താണ് യഥാർത്ഥ ഒരു കലാകാരൻ ജനിക്കുന്നതും ജീവിക്കുന്നതും. ഇങ്ങനെ ഒരുപാടു കടമ്പകൾ കഴിഞ്ഞിട്ടാണ് ഈ സംഗീതം നിങ്ങൾ കേൾക്കുന്ന അവസ്ഥയിലേക്ക് എത്തുന്നത്.’
അന്നത്തെ സംഗീതസംവിധായകർക്ക് അവരുടെതായ മൂല്യം ഉണ്ടായിരുന്നു. കാരണം, കയ്യിൽ എണ്ണിപ്പറയാൻ കഴിയുന്നത്ര സംഗീത സംവിധായകരെ അന്നുണ്ടായിരുന്നുള്ളൂ. ഇപ്പോൾ സംഗീത സംവിധായകരുടെ പേര് പറയുമ്പോൾ ആളുകൾക്ക് മാറിപ്പോകും. അന്ന് നാലോ അഞ്ചോ പേരേ ഉള്ളൂ. ഇന്ന് നാൽപ്പതിനായിരമോ അൻപതിനായിരമോ സംഗീതസംവിധായകരുണ്ട്. അന്നത്തെ കാലത്ത് സംഗീതസംവിധായകർക്ക് അവരുടെതായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവർ പറയുന്ന വാക്കുകൾക്ക് വിലയുണ്ടായിരുന്നു. അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ തലയിടാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. അതു കൊണ്ടാണ് മഹത്തരമായ സംഗീതം ഉണ്ടായത്. ഗോപി സുന്ദർ കൂട്ടിച്ചേർത്തു.