‘നീയാണെന്റെ....’ ലതയെ കണ്ടപ്പോൾ വികാരഭരിതനായി എസ്ഡി ബർമൻ പറഞ്ഞു
Mail This Article
ലതയ്‌ക്ക് ആദ്യകാലം മുതൽ മികച്ച ഈണങ്ങൾ നൽകിയ സംഗീത സംവിധായകനാണ് എസ്.ഡി. ബർമൻ. ഠണ്ഡി ഹവായേ...(നൗജവാൻ), തും നാ ജാനേ...(സാസ), ചാന്ദ് ഫിർ നിക്‌ലാ...(പേയിങ് ഗസ്‌റ്റ് ), ദിൽസെ മിലാ കെ ദിൽ... (ടാക്‌സി ഡ്രൈവർ ) തുടങ്ങി എത്രയോ ഉദാഹരണങ്ങൾ. ലതയെ ഒന്നാം നിരയിലേക്ക് എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചയാൾ എന്നും പറയാം. അതിന്റേതായ സ്വാതന്ത്രവും ബർമൻ ലതയുടെ പക്കൽ എടുത്തുപോന്നു.
1958ലാണു സംഗീത പ്രേമികളെ നിരാശയിലാക്കിയ ആ പിണക്കം. ‘സിതാരോം സെ ആഗെ’ എന്ന ചിത്രത്തിലെ ‘ പഗ് തുമക് ചലത്...’ എന്ന ഗാനം ലത പാടി. റെക്കോർഡിങ് കഴിഞ്ഞപ്പോൾ ബർമന് തൃപ്‌തി പോര. കുറച്ചുകൂടി മധുരമായി പാടാൻ ബർമൻ ആവശ്യപ്പെട്ടു. ലത പാടി. അടുത്ത ദിവസം പാട്ടു കേട്ട ബർമന് സംശയം – ശബ്‌ദം കൂടുതൽ മൃദുലമായിപ്പോയോ? ഉടനെ ലതയെ വിളിപ്പിച്ചു. വീണ്ടും വന്നു പാടണം.
ലത ആ സമയത്ത് വിദേശയാത്രയ്‌ക്ക് ഒരുങ്ങുകയായിരുന്നു. അസൗകര്യം അറിയച്ചത് ബർമന് ഇഷ്‌ടപ്പെട്ടില്ല. തിരിച്ചുവന്നാൽ ആദ്യ റിക്കോർഡിങ് ഈ പാട്ടായിരിക്കണം എന്നു ബർമൻ നിർദേശിച്ചു. അത് ഉറപ്പു പറയാൻ പറ്റില്ലെന്നു ലത.
ബർമനു വാശിയായി. ലതയുടെ സഹോദരി ആശയെക്കൊണ്ട് അദ്ദേഹം ‘പഗ് തുമക് ചലത്...’ പാടി റിക്കോർഡ് ചെയ്യിച്ചു. പക്ഷേ, അദ്ദേഹത്തിനു തൃപ്‌തിയായില്ല. ഒടുവിൽ മനസ്സില്ലാമനസ്സോടെ ലത രണ്ടാമതു പാടിയ ട്രാക്ക്തന്നെ അദ്ദേഹം ഉപയോഗിച്ചു.
പിന്നീട് അഞ്ച് വർഷം ലതയെ പൂർണമായി ആദ്ദേഹം ഒഴിവാക്കി.
ഒടുവിൽ എസ്.ഡിയുടെ മകൻ ആർ.ഡി. ബർമൻ മുൻകൈ എടുത്താണ് ഇരുവരെയും ഒന്നിപ്പിച്ചത്. 1963ൽ ‘ബന്ധിനി’ എന്ന ചിത്രത്തിലൂടെ. ഇരുവരും പുനസ്സമാഗമനത്തിനായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. താൻ വിഭാവനം ചെയ്യുന്ന പൂർണത നൽകാൻ ആശയ്‌ക്കു കഴിയുന്നില്ല എന്ന നിരാശ ബർമന്. ബർമന്റെ മികച്ച ഈണങ്ങളെല്ലാം അനുജത്തി പാടി കയ്യടി നേടുന്നതിന്റെ വീർപ്പുമുട്ടൽ ലതയ്‌ക്ക്. വികാരഭരിതമായിരുന്നു ആ കൂടിച്ചേരൽ. ലതയെ സ്റ്റുഡിയോയിൽ കണ്ട ഉടനെ ബർമൻ പറഞ്ഞു. ‘നീ ആണ്‌എന്റെ ഫസ്‌റ്റ് സേർവ്. ആശ സെക്കൻഡ് സേർവ് മാത്രം’ പിന്നീടങ്ങോട്ട് ഇരുവരും ചേർന്ന് വീണ്ടും ഹിറ്റുകളുടെ മഴ. ലത തനിക്കു ലഭിച്ച പുരസ്കാരങ്ങൾക്കൊപ്പമാണ് എസ്‍.ഡി. ബർമന്റെ ഈ വാക്കുകളെയും ചേർത്തുവച്ചിരിക്കുന്നത്.