ഉള്ളിലിന്നും തുടരുന്നുണ്ട് ആ ഗാനമേള...
Mail This Article
ലതാ മങ്കേഷ്കർ 36 വർഷം മുൻപ് അബുദാബിയിൽ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയതിന്റെ മങ്ങാത്ത ഓർമകളുണ്ട് ഗായകനും സംഗീത സംവിധായകനുമായ മട്ടാഞ്ചേരി സ്വദേശി കെ.ജി. അബ്ദുൽ അസീസ് ബാവയുടെ മനസ്സിൽ. അവരെക്കണ്ടു സംസാരിക്കാനും കയ്യൊപ്പു വാങ്ങാനും സംഗീത പരിപാടി കേൾക്കാനും സാധിച്ചതു ദൈവാനുഗ്രഹം കൊണ്ടാണെന്ന് അബ്ദുൽ അസീസ് പറയുന്നു. അബുദാബി ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന എൺപതുകൾ. 700ലേറെ ജോലിക്കാരുള്ള ഹോട്ടലിൽ ഇന്ത്യക്കാർ 10 ശതമാനം പോലുമില്ല. പാലക്കാട്ടുകാരൻ ജഹാംഗീർ പാഷയാണ് ആ വിവരം ആദ്യമായി അറിയിച്ചത്– ലതാ മങ്കേഷ്കറും സംഘവും പരിപാടി അവതരിപ്പിക്കാൻ ഹോട്ടലിൽ വരുന്നു. സിഗരറ്റ് നിർമാണക്കമ്പനിയായ സ്റ്റേറ്റ് എക്സ്പ്രസ് ഓഫ് ലണ്ടൻ ആണു പരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യമായാണ് ലത യുഎഇ യിൽ പാടാൻ വരുന്നത്. സംഗീതമേള കേൾക്കാൻ ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് 350 ദിർഹത്തിന്റെയായിരുന്നു. ഉയർന്ന ടിക്കറ്റിന് 1000 ദിർഹം. പരിപാടി കേൾക്കാൻ ആരുമുണ്ടാവില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. ആയിരം പേർക്കിരിക്കാവുന്ന ബാങ്കറ്റ് ഹാൾ ആണു ഹോട്ടലിനുള്ളത്. ഹോട്ടൽ ജീവനക്കാരായ ഫിലിപ്പീൻസുകാരും തായ്‌ലൻഡുകാരും പരിപാടിയെ കളിയാക്കാൻ തുടങ്ങി. പതിവായി വരുന്ന ഗ്ലാമറസ് ഗായികമാർക്ക് ഒപ്പം നിൽക്കാൻ നിങ്ങളുടെ കറുത്ത ലതാജിക്കു കഴിയുമോ എന്നായിരുന്ന അവരുടെ ചോദ്യം. ഇതിനോടു പ്രതികരിക്കാൻ ഞങ്ങൾക്കു സാധിച്ചില്ല. 20 ഭാഷകളിൽ 30,000 ഗാനങ്ങൾ പാടിയതിനു ലതാജിക്കു ലഭിച്ച ഗിന്നസ് ബുക്ക് റെക്കോർഡിന്റെ വിവരങ്ങൾ കോപ്പി ചെയ്തെടുത്ത് സ്റ്റേറ്റ് എക്സ്പ്രസുകാരുടെ ലീഫ്‌ലെറ്റിനോടു ചേർത്ത് അബ്ദുൽ അസീസ് വിതരണം ചെയ്തു. ഫിലിപ്പീൻസുകാരും മറ്റും ഇതു വായിച്ച് അത്ഭുതപ്പെട്ടു.
1983 ജനുവരി 23നു ലതാജിയും സംഘവും എത്തി. സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല. ഷെയ്ക്സ്പിയർ നാടകങ്ങൾ അവതരിപ്പിക്കാൻ ഇംഗ്ലണ്ടിൽനിന്ന് നാടക സംഘങ്ങൾ എത്തുമ്പോൾ ഹോട്ടൽ അധികൃതർ ബൊക്കെയുമായി പ്രവേശന കവാടത്തിൽ സ്വീകരിക്കാൻ നിൽക്കുമായിരുന്നു.
ലതാ മങ്കേഷ്കറെ എങ്ങനെയെങ്കിലും കാണാൻ മോഹമുദിച്ച അബ്ദുൽ അസീസിന് ഒടുവിൽ അതിനവസരം ലഭിച്ചു. അതേക്കുറിച്ച് അദ്ദേഹം പറയുന്നു: ‘എന്റെ തലയിൽ വിഭ്രാന്തി കയറി. എങ്ങനെയെങ്കിലും അവരെയൊന്നു കാണണം, സംസാരിക്കണം എന്ന ചിന്ത. അവരുടെ മുറിയിലേക്കു വിളിച്ച് അനുവാദം ചോദിച്ചു. അൽപം കഴിഞ്ഞു മുറിയിലേക്കു ചെല്ലാൻ പറഞ്ഞു. വൈകിട്ട് മൂന്നിനു ചെന്ന് കോളിങ് ബെൽ അടിച്ചു. വാതിൽതുറന്ന് അകത്തു ചെന്നു.
ചെറിയ പുഞ്ചിരിയോടെ ലതാജി എന്നോട് ഇരിക്കാൻ പറഞ്ഞു. സാധിച്ചില്ല; നേരെ ചെന്ന് ആ കാലുകൾ തൊട്ടു വന്ദിച്ചു. സംഗീത പാരമ്പര്യമുള്ള കുടുംബമാണെന്നും ചെറുപ്പത്തിൽ ലതാജിയുടെ ഗാനങ്ങൾ പാടി സമ്മാനങ്ങൾ നേടിയിട്ടുണ്ടെന്നും ഉറുദുവിൽ പറഞ്ഞു. കൊള്ളാം, നിങ്ങൾപാട്ടുകാരനാണല്ലേ എന്നായിരുന്നു മറുപടി. തുടർന്ന് അവരുടെ ഗാനങ്ങളെക്കുറിച്ചും മറ്റുമായി സംസാരം. 30 മിനിറ്റോളം അവർക്കൊപ്പം ചെലവഴിച്ചു.
പരിപാടി തുടങ്ങുന്നതിന് അര മണിക്കൂർ മുൻപേ മുഴുവൻ ടിക്കറ്റും വിറ്റു തീർന്നു. ആയിരക്കണക്കിനാളുകൾ ടിക്കറ്റ് കിട്ടാതെ വലഞ്ഞു. 500 ദിർഹത്തിന്റെ നോട്ടുകൾ ഉയർത്തി, ‘വാതിൽ തുറക്കൂ... ഞങ്ങൾക്കു ലതാജിയെ കണ്ടാൽ മതിയെന്ന്’ ആർത്തുവിളിക്കുന്ന പാക്കിസ്ഥാനികളെയും കാണാമായിരുന്നു. നിറഞ്ഞൊഴുകിയ ശ്രോതാക്കളെക്കണ്ട് അൽപം കുറ്റബോധത്തോടെ ഹോട്ടൽ ജനറൽ മാനേജർ പ്രൂഫർ വേദിയിലേക്കു കയറി. ലതാജിയെ ബഹുമാനത്തോടെ വണങ്ങി വലിയൊരു ബൊക്കെ സമ്മാനിച്ചു. മലയാളികളുടെ വകയായി ഇലക്ട്രിക്കൽ എൻജിനിയർ ജോൺ മറ്റൊരു ബൊക്കെയും സമ്മാനിച്ചു. അബ്ദുൽ അസീസ് അടക്കമുള്ള മലയാളികളുടെ ആഗ്രഹപ്രകാരമാണിതു നൽകിയത്. തുടർന്നു ഗാനവിരുന്ന് ആരംഭിച്ചു. ഓർമ വച്ച നാൾ മുതൽ നെഞ്ചേറ്റി നടന്ന ആ സ്വരമാധുരിയിതാ മുൻപിൽ. അതോർക്കുമ്പോൾ ഇന്നും ആവേശമെന്ന് അബ്ദുൽ അസീസ്. രമാകാന്ത് മാപ്സേക്കർ (തബല), രവിസുന്ദരം (മാൻഡൊലിൻ), അരവിന്ദ് ഹൽദിപൂർ (ഗിറ്റാർ), നാരായൺ നായിഡു (ഡോലക്), അമർഡ ഹൽദിപൂർ, കിഷോർസിങ് (വയലിൻ), സഹോദരൻ ഹൃദ്യനാഥ് മങ്കേഷ്കർ (ഹാർമോണിയം) എന്നിവരായിരുന്നു ഗായക സംഘത്തിലെ മറ്റംഗങ്ങൾ. അനിൽ മൊഹ്‌ലി ഓർക്കസ്ട്ര നിയന്ത്രിച്ചു. കൂടെപ്പാടാൻ നിതിൻ മുകേഷും സഹോദരി ഉഷ മങ്കേഷ്കറുമുണ്ടായിരുന്നു. ഗീതയിലെ 4 വരി ശ്ലോകത്തോടെ ആരംഭിച്ച ഗാനസപര്യ രണ്ടര മണിക്കൂർ നീണ്ടു.