‘മംഗല്യപ്പല്ലക്കി’ൽ കയറിയത് നിനച്ചിരിക്കാതെ
Mail This Article
ദൈവം കൊണ്ടുവന്നു തരിക എന്നു കേട്ടിട്ടില്ലേ.. ബാലഭാസ്ക്കറിന്റെ സിനിമാ പ്രവേശം അങ്ങനെയായിരുന്നു. ‘സംഗീതസംവിധാനമാണോ? വയലിനാണോ എന്റെ വഴിയെന്ന് കൃത്യമായി നിശ്ചയമില്ലായിരുന്നു എനിക്കന്ന്’ ബാലു ഒരഭിമുഖത്തൽ പറഞ്ഞു. തികച്ചും യാദൃച്ഛികമായാണ് ബാലഭാസ്കർ സിനിമയ്ക്കു സംഗീതം ചെയ്തത്.
ബാലഭാസ്കറിലെ കലാകാരനെ രൂപപ്പെടുത്തിയത് അമ്മാവനും പ്രശസ്ത വയലിൻ വാദകനുമായ ബി.ശശികുമാറായിരുന്നു. ആകാശവാണിയിലെ വയലിനിസ്റ്റായ ശശികുമാറിൽനിന്നു ഗുരുകുല രീതിയിലാണ് ബാലഭാസ്കർ വയലിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്.
അമ്മാവന്റെ സംഗീതക്ലാസിലെ മറ്റു കുട്ടികൾക്കൊപ്പമിരുന്നു മൂന്നു വയസുകാരനായ ബാലുവും നാദലോകത്തേക്കു പിച്ചവച്ചു. താളം ഉറച്ചു തുടങ്ങിയ കുരുന്നിന്റെ കയ്യിലേക്ക് ആദ്യമായൊരു കൊച്ചു വയലിൻ വച്ചു കൊടുത്തത് ശശികുമാറാണ്. പുലർച്ചെ അഞ്ചിനു പരിശീലനം തുടങ്ങും. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൂടെയിരുന്നു വായിക്കും. വൈകിട്ടു മോഡൽ സ്കൂളിലെ ഒരു ബാച്ച് കുട്ടികൾ വരും. അവരുടെ കൂടെയും അമ്മാവന് നിർബന്ധിക്കും. പിന്നീട് മ്യൂസിക് കോളജിലെ ചേട്ടന്മാരുടെ ബാച്ചിന്റെ കൂടെയും ഇരിക്കും. രാത്രി അമ്മാവന്റെ സുഹൃത്തുക്കൾ വരും. അവരുടെ കൂടെയും ചേരും. ഇങ്ങനെ രാത്രി 11 വരെ നീളുമായിരുന്നു ആ വയലിൻ അഭ്യാസം. കഠിനമായ ഈ പരിശീലനം കൊണ്ടുതന്നെ 12–ാം വയസ്സിൽ പൊതുവേദികളിൽ വയലിൻ വായിക്കാൻ കഴിയുന്ന അറിവ് ബാലു സ്വായത്തമാക്കി.
തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ പ്രീഡിഗ്രി പഠിക്കുമ്പോൾ നല്ലൊരു സുഹൃദ്സംഘം ബാലുവിന് ഉണ്ടായിരുന്നു. സംഗീതസംവിധാനം ചെയ്യാൻ അവർ അദ്ദേഹത്തെ നിർബന്ധിക്കുമായിരുന്നു. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയും കോളിൽ ഒന്നു ഷൈൻ ചെയ്യാം എന്ന ആഗ്രഹത്തിന്റെ പേരിലും ഒരു തമിഴ് ആൽബം ചെയ്യാൻ തീരുമാനിച്ചു. തിരുവനന്തപുരം മാഗ്നാ സൗണ്ടിലെ പ്രേം ആണ് റിക്കോർഡിങ് ജോലികൾ നിർവഹിച്ചു കൊടുത്തത്. ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയുടെ നിർമാതാവും സംവിധായകനും അക്കാലത്ത് മാഗ്നാ സൗണ്ടിൽ മറ്റൊരു കാര്യത്തിനെത്തിയപ്പോൾ ബാലഭാസ്കർ ചെയ്തുവച്ച ഈണങ്ങൾ യാദൃച്ഛികമായി കേൾക്കാൻ ഇടയായി. പുതുമയാർന്ന ഈണങ്ങൾ തേടി നടക്കുകയായിരുന്നു അവർ. തങ്ങളുടെ അന്വേഷണം ഫലമണിയുന്നതായ അവർക്കു തോന്നി. ബാലുവിന്റെ ഈണങ്ങൾ തങ്ങളുടെ സിനിമയിൽ ഉപയോഗിക്കാൻ അവർ താത്പര്യം പ്രകടിപ്പിച്ചു.
അങ്ങനെയാണ് പതിനേഴാം വയസ്സിൽ സിനിമാ സംഗീത സംവിധായകനായത്. യേശുദാസിലായിരുന്നു തുടക്കമെങ്കിലും ബാലഭാസ്കറിന്റെ പ്രിയ പാട്ടുകാരൻ ജയചന്ദ്രനായിരുന്നു. 19 പാട്ടാണ് ഈ കൂട്ടുകെട്ടിൽ ജനിച്ചത്.